🌹🔥🌹🔥🌹🔥🌹
22 Sep 2022
Thursday of week 25 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍
ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
സഭാ 1:2-11
സൂര്യനുകീഴേ പുതുതായി യാതൊന്നുമില്ല.
പ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ! സൂര്യനു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം? തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു. സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു. കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു. സകലവും മനുഷ്യനു ക്ലേശഭൂയിഷ്ഠം; അതു വിവരിക്കുക മനുഷ്യന് അസാധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല. ഉണ്ടായതുതന്നെ വീണ്ടും ഉണ്ടാകുന്നു. ചെയ്തതുതന്നെ വീണ്ടും ചെയ്യുന്നു. സൂര്യനു കീഴേ പുതുതായൊന്നുമില്ല. പുതിയത് എന്നുപറയാന്‍ എന്തുണ്ട്? യുഗങ്ങള്‍ക്ക് മുന്‍പുതന്നെ അതുണ്ടായിരുന്നു. കഴിഞ്ഞതൊന്നും ആരും ഓര്‍ക്കുന്നില്ല. വരാനിരിക്കുന്നവയെ അവയ്ക്കുശേഷം വരാനിരിക്കുന്നവര്‍ ഓര്‍മിക്കുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 90:3-4,5-6,12-13,14,17
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
മനുഷ്യനെ അവിടുന്നു
പൊടിയിലേക്കു മടക്കി അയയ്ക്കുന്നു;
മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍
എന്ന് അങ്ങു പറയുന്നു.
ആയിരം വത്സരം അങ്ങേ ദൃഷ്ടിയില്‍
കഴിഞ്ഞുപോയ ഇന്നലെപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന
സ്വപ്നം പോലെ തുടച്ചുമാറ്റുന്നു;
പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍.
പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു;
സായാഹ്‌നത്തില്‍ അതു വാടിക്കരിയുന്നു,
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍
ഞങ്ങളെ പഠിപ്പിക്കണമേ!
ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!
കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും?
അങ്ങേ ദാസരോട് അലിവു തോന്നണമേ!
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
പ്രഭാതത്തില്‍ അങ്ങേ കാരുണ്യംകൊണ്ടു
ഞങ്ങളെ സംതൃപ്തരാക്കണമേ!
ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍
ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപ
ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ!
ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!
ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ എൻ്റെ കണ്ണുകൾ തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 9:7-9
ഞാന്‍ യോഹന്നാനെ ശിരച്ഛേദം ചെയ്തു; പിന്നെ ആരെപ്പറ്റിയാണു ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്.
അക്കാലത്ത്, സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാല്‍, യോഹന്നാന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ പ്രവാചകന്മാരില്‍ ഒരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരശ്‌ഛേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അവന്‍ ആരാണ്? അവനെ കാണാന്‍ ഹേറോദേസ് ആഗ്രഹിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5
അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.
Or:
യോഹ 10:14
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment