🌹 🔥 🌹 🔥 🌹 🔥 🌹
23 Sep 2022
Saint Pius of Pietrelcina (Padre Pio)
on Friday of week 25 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
നിസ്തുലമായ കൃപയാല്‍, വൈദികനായ വിശുദ്ധ പീയൂസിനെ
അങ്ങേ പുത്രന്റെ കുരിശില്‍ പങ്കുചേരാന്‍
അങ്ങ് അനുഗ്രഹിക്കുകയും
അദ്ദേഹത്തിന്റെ ശുശ്രൂഷയാല്‍
അങ്ങേ കൃപയുടെ അദ്ഭുതപ്രവൃത്തികള്‍
നവീകരിക്കുകയും ചെയ്തുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിന്റെ സഹനങ്ങളോട്
ഞങ്ങള്‍ നിരന്തരം ഐക്യപ്പെടാനും
ഉയിര്‍പ്പിന്റെ മഹത്ത്വത്തില്‍ സന്തോഷത്തോടെ
എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
സഭാ 3:1-11
ആകാശത്തിന്‍ കീഴുള്ള സമസ്തവും അതാതിനുള്ള സമയത്തു കടന്നുപോകുന്നു.
എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍ കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാന്‍ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരു കാലം. കൊല്ലാന്‍ ഒരു കാലം, സൗഖ്യമാക്കാന്‍ ഒരു കാലം, തകര്‍ക്കാന്‍ ഒരു കാലം, പണിതുയര്‍ത്താന്‍ ഒരു കാലം, കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം, വിലപിക്കാന്‍ ഒരു കാലം, നൃത്തം ചെയ്യാന്‍ ഒരു കാലം. കല്ലുപെറുക്കിക്കളയാന്‍ ഒരുകാലം, കല്ലുപെറുക്കിക്കൂട്ടാന്‍ ഒരു കാലം, ആലിംഗനം ചെയ്യാന്‍ ഒരു കാലം. ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു കാലം. സമ്പാദിക്കാന്‍ ഒരു കാലം, നഷ്ടപ്പെടുത്താന്‍ ഒരു കാലം, സൂക്ഷിച്ചുവയ്ക്കാന്‍ ഒരു കാലം, എറിഞ്ഞുകളയാന്‍ ഒരു കാലം. കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം, മൗനം പാലിക്കാന്‍ ഒരു കാലം, സംസാരിക്കാന്‍ ഒരു കാലം. സ്‌നേഹിക്കാന്‍ ഒരു കാലം, ദ്വേഷിക്കാന്‍ ഒരു കാലം, യുദ്ധത്തിന് ഒരു കാലം, സമാധാനത്തിന് ഒരു കാലം.
അധ്വാനിക്കുന്നവന് അവന്റെ അധ്വാനം കൊണ്ടെന്തു ഫലം? ദൈവം മനുഷ്യമക്കള്‍ക്കു നല്‍കിയ ശ്രമകരമായ ജോലി ഞാന്‍ കണ്ടു. അവിടുന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്ന് നിക്‌ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിവില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 144:1b,2abc,3-4
എന്റെ അഭിയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
അവിടുന്നാണ് എന്റെ അഭയശിലയും,
ദുര്‍ഗവും, ശക്തികേന്ദ്രവും;
എന്റെ വിമോചകനും പരിചയും
ആയ അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
അവിടുന്നു ജനതകളെ കീഴടക്കുന്നു.
എന്റെ അഭിയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
കര്‍ത്താവേ, അവിടുത്തെ ചിന്തയില്‍ വരാന്‍
മര്‍ത്യന് എന്തു മേന്മയുണ്ട്?
അവിടുത്തെ പരിഗണന ലഭിക്കാന്‍
മനുഷ്യപുത്രന് എന്ത് അര്‍ഹതയുണ്ട്?
മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്;
അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്ന
നിഴല്‍പോലെയാകുന്നു.
എന്റെ അഭിയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ലാ; ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രെ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 9:18-22
നീ ദൈവത്തിന്റെ ക്രിസ്തു ആണ്. മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നു.
അക്കാലത്ത്, യേശു തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി. ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നും പറയുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്. ഇക്കാര്യം ആരോടും പറയരുതെന്നു കര്‍ശനമായി നിരോധിച്ചതിനുശേഷം അവന്‍ അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിത പ്രമുഖന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വിശുദ്ധ N ന്റെ സ്മരണയ്ക്കായി
അങ്ങേ അള്‍ത്താരയില്‍ കൊണ്ടുവന്നിരിക്കുന്ന
കാണിക്കകള്‍ സ്വീകരിക്കണമേ.
ഈ ദിവ്യരഹസ്യങ്ങള്‍വഴി
അദ്ദേഹത്തിന് മഹത്ത്വം അങ്ങു നല്കിയപോലെ,
ഞങ്ങള്‍ക്കു പാപമോചനവും നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 24:46-47
കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി
കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.
Or:
ലൂക്കാ 12: 42
യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് ഉന്നതത്തില്‍ നിന്നുള്ള ശക്തി
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസദാനം അതിന്റെ സമഗ്രതയില്‍
ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷാമാര്‍ഗത്തിലൂടെ
ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment