Saint Vincent de Paul | Tuesday of week 26 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

27 Sep 2022

Saint Vincent de Paul, Priest 
on Tuesday of week 26 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പാവപ്പെട്ടവരുടെ ആശ്വാസത്തിനും
വൈദികരുടെ പരിശീലനത്തിനുമായി
വൈദികനായ വിശുദ്ധ വിന്‍സന്റ് ഡി പോളിനെ
അപ്പസ്‌തോലിക സുകൃതങ്ങളാല്‍ അങ്ങ് സംപൂരിതനാക്കിയല്ലോ.
അതേ ചൈതന്യത്താല്‍ ഉജ്ജ്വലിച്ച്,
അദ്ദേഹം സ്‌നേഹിച്ചത് ഞങ്ങളും സ്‌നേഹിക്കാനും
അദ്ദേഹം പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കാനും
അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജോബ് 3:1-3,11-17,20-23
കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശം?

അക്കാലത്ത്, ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ! ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞരാത്രി ശപിക്കപ്പെടട്ടെ! ജനിച്ചയുടനെ ഞാന്‍ മരിക്കാഞ്ഞതെന്ത്? അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തുവന്നയുടനെ എന്തുകൊണ്ട് എന്റെ ജീവിതം അവസാനിച്ചില്ല? എന്റെ അമ്മ എന്തിന് എന്നെ മടിയില്‍കിടത്തി ഓമനിച്ചു? എന്തിനെന്നെ പാലൂട്ടി വളര്‍ത്തി? ഞാന്‍ നിദ്രയണഞ്ഞ് ശാന്തി അനുഭവിക്കുമായിരുന്നല്ലോ. നഷ്ടനഗരങ്ങള്‍ പുനരുദ്ധരിച്ച രാജാക്കന്മാരെയും അവരുടെ ഉപദേഷ്ടാക്കളെയും പോലെ, തങ്ങളുടെ കൊട്ടാരങ്ങള്‍ സ്വര്‍ണവും വെള്ളിയും കൊണ്ടു നിറച്ച പ്രഭുക്കന്മാരെപ്പോലെ ഞാന്‍ ശാന്തനായി ശയിക്കുമായിരുന്നല്ലോ. പ്രകാശം നുകരാന്‍ ഇടകിട്ടാതെ മാതൃഗര്‍ഭത്തില്‍ വച്ചു മരിച്ച ശിശുക്കളുടെ ഗണത്തില്‍ ഞാന്‍ ഉള്‍പ്പെടാഞ്ഞത് എന്തുകൊണ്ട്? അവിടെ ദുഷ്ടരുടെ ഉപദ്രവം കടന്നുവരുന്നില്ല. ക്ഷീണിച്ചവര്‍ക്ക് അവിടെ വിശ്രമം ലഭിക്കുന്നു. കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശം? തപ്തഹൃദയന് എന്തിനു ജീവിതം? അവന്‍ മരണത്തെ തീവ്രമായി വാഞ്ഛിക്കുന്നു; അതു വന്നണയുന്നില്ല. നിധി തേടുന്നവനെക്കാള്‍ ശ്രദ്ധയോടെഅവന്‍ മരണം അന്വേഷിക്കുന്നു. ശവകുടീരം പ്രാപിക്കുമ്പോള്‍ അവര്‍ അത്യധികം ആനന്ദിക്കുന്നു. വഴി കാണാത്തവന്, ദൈവം വഴിയടച്ചവന്, വെളിച്ചം എന്തിനാണ്?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 88:1-2,3-4,5,6-7

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ.

കര്‍ത്താവേ, പകല്‍ മുഴുവന്‍
ഞാന്‍ സഹായത്തിനപേക്ഷിക്കുന്നു;
എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ!
എന്റെ നിലവിളിക്കു ചെവി ചായിക്കണമേ!

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ.

എന്റെ ആത്മാവു ദുഃഖപൂര്‍ണമാണ്;
എന്റെ ജീവന്‍ പാതാളത്തിന്റെ വക്കിലെത്തിയിരിക്കുന്നു.
പാതാളത്തില്‍ പതിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍
ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നു;
എന്റെ ശക്തി ചോര്‍ന്നു പോയി.

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ.

മരിച്ചവരുടെയിടയില്‍ പരിത്യജിക്കപ്പെട്ടവനെപ്പോലെയും
ശവകുടീരത്തില്‍ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയും,
അങ്ങ് ഇനി ഒരിക്കലും ഓര്‍ക്കാത്തവരെപ്പോലെയും
ഞാന്‍ അങ്ങില്‍ നിന്നു വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു.

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ.

അങ്ങ് എന്നെ പാതാളത്തിന്റെ അടിത്തട്ടില്‍,
അന്ധകാരപൂര്‍ണവും അഗാധവുമായ തലത്തില്‍,
ഉപേക്ഷിച്ചിരിക്കുന്നു.
അങ്ങേ ക്രോധം എന്നെ ഞെരുക്കുന്നു;
അങ്ങേ തിരമാലകള്‍ എന്നെ മൂടുന്നു.

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ലാ; ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രെ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 9:51-56
ജറുസലെമിലേക്കു പോകാന്‍ യേശു ഉറച്ചു.

തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, യേശു ജറുസലെമിലേക്കു പോകാന്‍ ഉറച്ചു. അവന്‍ തനിക്കു മുമ്പേ ഏതാനും ദൂതന്മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ അവര്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. അവന്‍ ജറുസലെമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവര്‍ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോള്‍ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗത്തില്‍ നിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ? അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു. അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അനുഷ്ഠിക്കുന്ന ദിവ്യരഹസ്യങ്ങള്‍ അനുകരിക്കാന്‍
വിശുദ്ധ വിന്‍സന്റ് ഡി പോളിനെ അങ്ങ് പ്രാപ്തനാക്കിയല്ലോ.
ഈ ബലിയുടെ ചൈതന്യത്താല്‍,
ഞങ്ങളും അങ്ങേക്ക് സ്വീകാര്യമായ
അര്‍പ്പണമായി ഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 107:8-9

അവിടത്തെ കാരുണ്യത്തെപ്രതിയും
മനുഷ്യമക്കള്‍ക്കായി അവിടന്നു ചെയ്ത അദ്ഭുതങ്ങളെ പ്രതിയും
അവര്‍ കര്‍ത്താവിനെ ഏറ്റുപറയട്ടെ;
എന്തെന്നാല്‍, അവിടന്ന് ദാഹാര്‍ത്തരെ തൃപ്തിപ്പെടുത്തുകയും
വിശന്ന മാനസങ്ങളെ സത്‌വിഭവങ്ങള്‍കൊണ്ട്
സംതൃപ്തമാക്കുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശകളാല്‍ പരിപോഷിതരായി,
ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ദരിദ്രരോട് സുവിശേഷം പ്രസംഗിച്ച
അങ്ങേ പുത്രനെ അനുകരിക്കാന്‍
വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ മാതൃകയാല്‍
ഞങ്ങള്‍ പ്രചോദിതരാകുന്നപോലെ,
അദ്ദേഹത്തിന്റെ മധ്യസ്ഥസഹായവും
ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
St Vincent De Paul
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment