🌹 🔥 🌹 🔥 🌹 🔥 🌹
30 Sep 2022
Saint Jerome, Priest, Doctor
on Friday of week 26 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധഗ്രന്ഥത്തോട് മാധുര്യം നിറഞ്ഞതും
വാത്സല്യപൂര്‍വകവും സജീവവുമായ സ്‌നേഹം,
വൈദികനായ വിശുദ്ധ ജെറോമിന് അങ്ങ് നല്കിയല്ലോ.
അങ്ങേ ജനം, അങ്ങേ വചനത്താല്‍
സമൃദ്ധമായി പരിപോഷിപ്പിക്കപ്പെടാനും
അതില്‍ ജീവന്റെ ഉറവ കണ്ടെത്താനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജോബ് 38:1,12-21,40:3-5
സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ?
അക്കാലത്ത്, കര്‍ത്താവ് ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്‍കി. ജീവിതം തുടങ്ങിയതിനു ശേഷം എന്നെങ്കിലും നീ പ്രഭാതത്തിനു കല്‍പന കൊടുക്കുകയും സൂര്യോദയത്തിനു സ്ഥാനം നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടോ? അങ്ങനെ ഭൂമിയുടെ അതിര്‍ത്തികള്‍ പിടിച്ചടക്കാന്‍ നീ പ്രഭാതത്തോടു കല്‍പിക്കുകയും ദുഷ്ടരെ അവരുടെ ഒളിസങ്കേതങ്ങളില്‍ നിന്നു കുടഞ്ഞുകളയുകയും ചെയ്തിട്ടുണ്ടോ? മുദ്രകൊണ്ട് കളിമണ്ണ് എന്നപോലെ അതിനു രൂപം തെളിയുകയും വര്‍ണശബളമായ വസ്ത്രം പോലെ അതു കാണപ്പെടുകയും ചെയ്യുന്നു. ദുഷ്ടര്‍ക്കു പ്രകാശം തടയപ്പെട്ടിരിക്കുന്നു; അവരുടെ ഉയര്‍ത്തിയ കരം ഒടിക്കപ്പട്ടിരിക്കുന്നു. സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ? മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകള്‍ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കില്‍ പറയുക. പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി ഏത്? അന്ധകാരത്തിന്റെ പാര്‍പ്പിടം എവിടെ? അങ്ങനെ അതിനെ അതിന്റെ അതിര്‍ത്തിയോളം നയിക്കാനോ പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ അതിനെ അനുഗമിക്കാനോ നിനക്കു കഴിയുമോ? നിനക്കറിയാമല്ലോ, നീ അന്നേ ജനിച്ചതല്ലേ? നിന്റെ ആയുസ്സ് അത്രയ്ക്കു ദീര്‍ഘമാണല്ലോ!
ജോബ് കര്‍ത്താവിനോടു പറഞ്ഞു: ഞാന്‍ നിസ്സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു. ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാന്‍ മറുപടി പറഞ്ഞു; ഇനി ഞാന്‍ മിണ്ടുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 139:1-3,7-8,9-10,13-14ab
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
കര്‍ത്താവേ, അവിടുന്ന് എന്നെ
പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും
അവിടുന്ന് അറിയുന്നു;
എന്റെ വിചാരങ്ങള്‍ അവിടുന്ന്
അകലെനിന്നു മനസ്സിലാക്കുന്നു.
എന്റെ നടപ്പും കിടപ്പും അങ്ങു
പരിശോധിച്ചറിയുന്നു;
എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
അങ്ങയില്‍ നിന്നു ഞാന്‍ എവിടെപ്പോകും?
അങ്ങേ സന്നിധിവിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും?
ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്;
ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്.
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു
സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നു വസിച്ചാല്‍
അവിടെയും അങ്ങേ കരം എന്നെ നയിക്കും;
അങ്ങേ വലത്തുകൈ എന്നെ പിടിച്ചുനടത്തും.
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്;
എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.
ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;
എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 10:13-16
എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.
അക്കാലത്ത്, യേശു അരുളിച്ചെയ്തു: കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവിടത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരംപൂശിയും പണ്ടേ തന്നെ പശ്ചാത്തപിക്കുമായിരുന്നു. ആകയാല്‍, വിധിദിനത്തില്‍ ടയിറിന്റെയും സീദോന്റെയും സ്ഥിതി നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും. കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.
നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ജെറോമിന്റെ മാതൃകയാല്‍,
അങ്ങേ വചനം ധ്യാനിച്ച്,
അങ്ങേ മഹിമയ്ക്ക് അര്‍പ്പിക്കപ്പെടേണ്ട രക്ഷാകരമായ ഈ ബലിയെ
കൂടുതല്‍ തീക്ഷ്ണതയോടെ സമീപിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ജെറ 15:16
കര്‍ത്താവായ ദൈവമേ,
അങ്ങേ വചനങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഞാനവ ഭക്ഷിച്ചു;
അങ്ങേ വചനം എനിക്ക് ആനന്ദവും
എന്റെ ഹൃദയത്തിന് സന്തോഷവുമായി ഭവിക്കുകയും ചെയ്തു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ജെറോമിന്റെ ആഘോഷത്തില്‍ സന്തോഷിച്ചുകൊണ്ട്
ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ദിവ്യദാനങ്ങള്‍
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങള്‍ ഉദ്ദീപിപ്പിക്കട്ടെ.
അങ്ങനെ, വിശുദ്ധ ലിഖിതങ്ങളില്‍ ശ്രദ്ധപതിച്ച്,
അവര്‍ അനുഗമിക്കുന്നവ മനസ്സിലാക്കുകയും
അവ പിന്തുടര്‍ന്ന്, നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment