Monday of week 27 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

03 Oct 2022

Monday of week 27 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ കൃപാതിരേകത്താല്‍
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കും
അഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ.
അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ.
അങ്ങനെ, മനസ്സാക്ഷി ഭയപ്പെടുന്നവ
അങ്ങ് അവഗണിക്കുകയും
യാചിക്കാന്‍ പോലും ധൈര്യപ്പെടാത്തവ നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഗലാ 1:6-12
സുവിശേഷം ഞാന്‍ മനുഷ്യനില്‍ നിന്നല്ല സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്.

സഹോദരരേ, ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍ നിന്നു വ്യത്യസ്ത മായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോടു പറഞ്ഞ പ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്റെതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവന്‍ ആയിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു.
സഹോദരരേ, ഞാന്‍ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാന്‍ അറിയിക്കുന്നു. എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 111:1-2,7-8,9,10c

കര്‍ത്താവു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍!
നീതിമാന്മാരുടെ സംഘത്തിലും സഭയിലും
പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;
അവയില്‍ ആനന്ദിക്കുന്നവര്‍
അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.

കര്‍ത്താവു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

അവിടുത്തെ പ്രവൃത്തികള്‍ വിശ്വസ്തവും നീതിയുക്തവുമാണ്.
അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസ്യമാണ്;
വിശ്വസ്തതയോടും പരമാര്‍ഥതയോടുംകൂടെ പാലിക്കപ്പെടാന്‍,
അവയെ എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു.

കര്‍ത്താവു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു;
അവിടുന്നു തന്റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു;
വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെ നാമം.
അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും!

കര്‍ത്താവു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവേ, അങ്ങേ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങൾ അങ്ങേ പക്കലുണ്ട്.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 10:25-37
ആരാണ് എന്റെ അയല്‍ക്കാരന്‍?

അക്കാലത്ത്, ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവന്‍ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടും കൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും. എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്റെ അയല്‍ക്കാരന്‍? യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍ നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്തദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കല്പനകളാല്‍
സ്ഥാപിതമായിരിക്കുന്ന ബലികള്‍ സ്വീകരിക്കുകയും
കര്‍ത്തവ്യനിഷ്ഠമായ ശുശ്രൂഷയുടെ ധര്‍മത്തോടെ
ഞങ്ങള്‍ അനുഷ്ഠിക്കുന്ന ദിവ്യരഹസ്യങ്ങളാല്‍
അങ്ങേ പരിത്രാണത്തിന്റെ വിശുദ്ധീകരണം
കാരുണ്യപൂര്‍വം ഞങ്ങളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

വിലാ 3:25

തന്നില്‍ പ്രത്യാശവയ്ക്കുന്നവര്‍ക്കും
അവിടത്തെ തേടുന്ന മനസ്സിനും കര്‍ത്താവ് നല്ലവനാണ്.

Or:
cf. 1 കോറി 10:17

അപ്പം ഒന്നേയുള്ളൂ. പലരായിരിക്കുന്ന നാം ഒരു ശരീരമാണ്.
ഒരേ അപ്പത്തിലും ഒരേ പാനപാത്രത്തിലും നമ്മളെല്ലാവരും ഭാഗഭാക്കുകളാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
സ്വീകരിച്ച കൂദാശയാല്‍ ഉന്മേഷഭരിതരും പരിപോഷിതരുമാകാനും
അതു സ്വീകരിക്കുമ്പോഴെല്ലാം
ഞങ്ങള്‍ അതുവഴി രൂപാന്തരപ്പെടാനും അനുഗ്രഹംനല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment