Saint Francis of Assisi / Tuesday of week 27 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

04 Oct 2022

Saint Francis of Assisi 
on Tuesday of week 27 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദാരിദ്ര്യത്തിലും എളിമയിലും
ക്രിസ്തുവിനോട് അനുരൂപപ്പെടാന്‍
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിക്ക്
അങ്ങ് അനുഗ്രഹം നല്കിയല്ലോ.
ഈ വിശുദ്ധന്റെ വഴികളിലൂടെ ചരിച്ച്,
അങ്ങേ പുത്രനെ അനുഗമിക്കാനും
ആനന്ദപൂര്‍ണമായ സ്‌നേഹത്തോടെ
അങ്ങുമായി ഒന്നിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഗലാ 1:13-24
അവിടുത്തെ പുത്രനെപ്പറ്റി വിജാതീയരുടെയിടയില്‍ പ്രസംഗിക്കാന്‍ അവനെ എനിക്കു വെളിപ്പെടുത്തി.

സഹോദരരേ, മുമ്പ് യഹൂദമതത്തില്‍ ആയിരുന്നപ്പോഴത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവ ത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്റെ വംശത്തില്‍പ്പെട്ട സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമത കാര്യങ്ങളില്‍ ഞാന്‍ മുന്‍പന്തിയിലായിരുന്നു; എന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്ഷ്ണമതിയുമായിരുന്നു. എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു. അത് അവിടുത്തെ പുത്രനെപ്പറ്റി വിജാതീയരുടെയിടയില്‍ പ്രസംഗിക്കാന്‍ അവനെ എനിക്കു വെളിപ്പെടുത്തി തരേണ്ടതിനായിരുന്നു. ഞാന്‍ ഒരു മനുഷ്യന്റെയും ഉപദേശം തേടാന്‍ നിന്നില്ല. എനിക്കുമുമ്പേ അപ്പോസ്തലന്മാരായവരെ കാണാന്‍ ഞാന്‍ ജറുസലെമിലേക്കു പോയതുമില്ല. മറിച്ച്, ഞാന്‍ അറേബ്യായിലേക്കു പോവുകയും ദമാസ്‌ക്കസിലേക്കു തിരിച്ചുവരുകയും ചെയ്തു.
മൂന്നുവര്‍ഷത്തിനു ശേഷം കേപ്പായെ കാണാന്‍ ഞാന്‍ ജറുസലെമിലേക്കു പോയി. അവനോടൊത്തു പതിനഞ്ചു ദിവസം താമസിക്കുകയും ചെയ്തു. കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പോസ്തലന്മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല. ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ല എന്നതിനു ദൈവം സാക്ഷി!
തുടര്‍ന്ന് ഞാന്‍ സിറിയാ, കിലിക്യാ എന്നീ പ്രദേശങ്ങളിലേക്കു പോയി. യൂദയായിലുള്ള, ക്രിസ്തുവിന്റെ സഭകള്‍ അപ്പോഴും എന്നെ നേരിട്ട് അറിഞ്ഞിരുന്നില്ല. ഒരിക്കല്‍ നമ്മെ പീഡിപ്പിച്ചിരുന്നവന്‍ താന്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച വിശ്വാസം ഇപ്പോള്‍ പ്രസംഗിക്കുന്നു എന്നുമാത്രം അവര്‍ കേട്ടിരുന്നു. എന്നെപ്രതി അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 139:1b-3,13-14ab,14c-15

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

കര്‍ത്താവേ, അവിടുന്ന് എന്നെ
പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും
അവിടുന്ന് അറിയുന്നു;
എന്റെ വിചാരങ്ങള്‍ അവിടുന്ന്
അകലെനിന്നു മനസ്സിലാക്കുന്നു.
എന്റെ നടപ്പും കിടപ്പും
അങ്ങു പരിശോധിച്ചറിയുന്നു;
എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്;
എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.
ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;
എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്.
എനിക്കതു നന്നായി അറിയാം.
ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു
സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍,
എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാൻമാർ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 10:38-42
മര്‍ത്താ സ്വഭവനത്തില്‍ യേശുവിനെ സ്വീകരിച്ചു; മറിയം നല്ലഭാഗം തെരഞ്ഞെടുത്തു.

അക്കാലത്ത്, യാത്രാമധ്യേ യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു. അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കല്‍ ഇരുന്നു. മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക. കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്ക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഫ്രാന്‍സിസ്
ഏറെ തീക്ഷ്ണതയോടെ ആശ്ലേഷിച്ച
കുരിശിന്റെ രഹസ്യം ഉചിതമായി ആഘോഷിക്കുന്നതിന്
ഞങ്ങള്‍ യോഗ്യരാകാന്‍,
ഈ യാഗദ്രവ്യങ്ങള്‍ അങ്ങേക്കു സമര്‍പ്പിച്ചുകൊണ്ട്
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 5:3

ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച ഈ ദിവ്യദാനങ്ങള്‍വഴി,
വിശുദ്ധ ഫ്രാന്‍സിസിന്റെ സ്‌നേഹവും
അപ്പസ്‌തോലിക ചൈതന്യവും അനുകരിച്ചുകൊണ്ട്,
അങ്ങേ സ്‌നേഹത്തിന്റെ ഫലം അനുഭവിക്കാനും
എല്ലാവരുടെയും രക്ഷയ്ക്കായി പ്രയത്‌നിക്കാനും
അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment