Saint Bruno | Thursday of week 27 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

06 Oct 2022

Saint Bruno, Priest 
or Thursday of week 27 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഏകാന്തതയില്‍ അങ്ങയെ ശുശ്രൂഷിക്കാന്‍
വിശുദ്ധ ബ്രൂണോയെ അങ്ങ് വിളിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ഈ ലോകത്തിന്റെ വൈവിധ്യങ്ങള്‍ക്കിടയിലും
അങ്ങയെ നിരന്തരം തേടാന്‍ ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഗലാ 3:1-5
നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ?

ഭോഷന്മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങ ളുടെ കണ്‍മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്? ഇതുമാത്രം നിങ്ങളില്‍ നിന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ? ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍ മാത്രം ഭോഷന്മാരാണോ നിങ്ങള്‍? നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ഥമായിരുന്നുവോ – തീര്‍ത്തും വ്യര്‍ഥം? നിങ്ങള്‍ക്ക് ആത്മാവിനെ നല്‍കുകയും, നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്ഠാനം നിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ലൂക്കാ 1:69-75

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.

നമ്മുടെ ശത്രുക്കളിലും നമ്മെ വെറുക്കുന്നവരിലുംനിന്ന്,
നമ്മെ രക്ഷിക്കുമെന്നും,
നമ്മുടെ പിതാക്കന്മാരോടു കാരുണ്യം കാണിക്കുമെന്നും
തന്റെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കുമെന്നും
ദൈവം അരുളിച്ചെയ്തു.

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.

തന്റെ വിശുദ്ധന്മാരായ പ്രവാചകന്മാരുടെ അധരങ്ങളിലൂടെ,
ആദിമുതല്‍ ദൈവം അരുളിച്ചെയ്തതുപോലെ,
തന്റെ ദാസനായ ദാവീദിന്റെ ഭവനത്തില്‍
നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയര്‍ത്തി.

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.

നമ്മുടെ ശത്രുക്കളുടെ കൈയില്‍ നിന്നു നാം വിമോചിതരായി
ആയുഷ്‌ക്കാലം മുഴുവന്‍ അവിടുത്തേ തിരുമുമ്പില്‍,
വിശുദ്ധിയോടും നീതിയോടുംകൂടെ നിര്‍ഭയം ശുശ്രൂഷ ചെയ്യുവാന്‍
നമുക്ക് കൃപയരുളുമെന്ന്,
നമ്മുടെ പിതാവായ അബ്രാഹത്തിനോടു ചെയ്ത വാഗ്ദാനം
ദൈവം നിറവേറ്റിയിരിക്കുന്നു.

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവേ, അങ്ങയുടെ പുത്രൻ്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 11:5-13
ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളിലൊരുവന് ഒരു സ്‌നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്റെ അടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്‌നേഹിതന്‍ യാത്രാമധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല. അപ്പോള്‍, അവന്റെ സ്‌നേഹിതന്‍ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല. ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്‌നേഹിതനാണ് എന്നതിന്റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും. ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശുദ്ധ N ന്റെ സ്മരണയ്ക്കായി
അങ്ങേ അള്‍ത്താരയില്‍ കൊണ്ടുവന്നിരിക്കുന്ന
കാണിക്കകള്‍ സ്വീകരിക്കണമേ.
ഈ ദിവ്യരഹസ്യങ്ങള്‍വഴി
അദ്ദേഹത്തിന് മഹത്ത്വം അങ്ങു നല്കിയപോലെ,
ഞങ്ങള്‍ക്കു പാപമോചനവും നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. മത്താ 24:46-47

കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി
കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.

Or:
ലൂക്കാ 12: 42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് ഉന്നതത്തില്‍ നിന്നുള്ള ശക്തി
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസദാനം അതിന്റെ സമഗ്രതയില്‍
ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷാമാര്‍ഗത്തിലൂടെ
ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment