🌹 🔥 🌹 🔥 🌹 🔥 🌹
09 Oct 2022
28th Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 രാജാ 5:14-17
നാമാന്‍ ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു കര്‍ത്താവിനെ ഏറ്റുപറഞ്ഞു.
ദൈവപുരുഷന്റെ വാക്കനുസരിച്ച് നാമാന്‍ ജോര്‍ദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി. അവന്‍ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി.
അവന്‍ ഭൃത്യന്മാരോടൊത്ത് ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയില്‍ ഇസ്രായേലിന്റേതല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു. അങ്ങേ ദാസനില്‍ നിന്ന് ഒരു സമ്മാനം സ്വീകരിച്ചാലും. എലീഷാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവാണേ, ഞാന്‍ സ്വീകരിക്കുകയില്ല. നാമാന്‍ നിര്‍ബന്ധിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല. അപ്പോള്‍ നാമാന്‍ പറഞ്ഞു: സ്വീകരിക്കുകയില്ലെങ്കില്‍ രണ്ടു കഴുതച്ചുമടു മണ്ണു തരണമെന്നു ഞാന്‍ യാചിക്കുന്നു. ഇനിമേല്‍ കര്‍ത്താവിനല്ലാതെ മറ്റൊരു ദൈവത്തിനും അങ്ങേ ദാസന്‍ ദഹനബലിയോ കാഴ്ചയോ അര്‍പ്പിക്കുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 98:1bcde,2-3ab,3cd-4
കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു;
കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
രണ്ടാം വായന
2 തിമോ 2:8-13
നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടു കൂടെ ജീവിക്കും.
വാത്സല്യമുള്ളവനേ, എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരില്‍ നിന്നുയിര്‍ത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക. ആ സുവിശേഷത്തിനു വേണ്ടിയാണ് ഞാന്‍ കഷ്ടത സഹിച്ചുകൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകള്‍ക്കു വരെ അധീനനാകുന്നത്. എന്നാല്‍, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല. അതിനാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണ്ണവുമായരക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു. ഈ വചനം വിശ്വാസയോഗ്യമാണ്.
നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടു കൂടെ ജീവിക്കും.
നാം ഉറച്ചുനില്ക്കുമെങ്കില്‍ അവനോടു കൂടി വാഴും.
നാം അവനെ നിഷേധിക്കുന്നെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും.
നാം അവിശ്വസ്തരായിരുന്നാലും അവന്‍ വിശ്വസ്തനായിരിക്കും;
എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അങ്ങേ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങൾ അങ്ങേ പക്കലുണ്ട്.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 17:11-19
ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?
അക്കാലത്ത്, ജറൂസലെമിലേക്കുള്ള യാത്രയില്‍ യേശു സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു. അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികള്‍ അവനെക്കണ്ടു. അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ എന്ന് അപേക്ഷിച്ചു. അവരെക്കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്കു കാണിച്ചു കൊടുക്കുവിന്‍. പോകുംവഴി അവര്‍ സുഖംപ്രാപിച്ചു. അവരില്‍ ഒരുവന്‍, താന്‍ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു തിരിച്ചുവന്നു. അവന്‍ യേശുവിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു നന്ദിപറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പതു പേര്‍ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:10
സമ്പന്നന്‍ ദാരിദ്ര്യവും വിശപ്പും അനുഭവിച്ചു;
എന്നാല്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്
ഒരു നന്മയ്ക്കും കുറവുണ്ടാവുകയില്ല.
Or:
1 യോഹ 3:2
കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍
നാം അവിടത്തെപ്പോലെ ആകും;
കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment