Thursday of week 28 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

13 Oct 2022

Thursday of week 28 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എഫേ 1:1-10
ലോകസ്ഥാപനത്തിനു മുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു.

ദൈവതിരുമനസ്സിനാല്‍ യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ്, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരായി എഫേസോസിലുള്ള വിശുദ്ധര്‍ക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും! സ്വര്‍ഗീയമായ എല്ലാ ആത്മീയ വരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ! തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോകസ്ഥാപനത്തിനു മുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു. യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെ ടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു. അവിടുന്ന് ഇപ്രകാരം ചെയ്തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ തന്റെ കൃപയുടെ മഹത്വത്തിനും പുകഴ്ചയ്ക്കും വേണ്ടിയാണ്. അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു. ഈ കൃപയാകട്ടെ അവിടുന്നു തന്റെ ജ്ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു. ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്റെ അഭീഷ്ടമനുസരിച്ച് അവിടുന്ന് തന്റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു. ഇത് കാലത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്രേ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 98:1,2-3,3-4,5-6

കര്‍ത്താവ് തന്റെ വിജയം വിളംബരം ചെയ്തു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവ് തന്റെ വിജയം വിളംബരം ചെയ്തു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.

കര്‍ത്താവ് തന്റെ വിജയം വിളംബരം ചെയ്തു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവ് തന്റെ വിജയം വിളംബരം ചെയ്തു.

കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍.
വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍.
കൊമ്പും കാഹളവും മുഴക്കി
രാജാവായ കര്‍ത്താവിന്റെ സന്നിധിയില്‍
ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.

കര്‍ത്താവ് തന്റെ വിജയം വിളംബരം ചെയ്തു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

യേശു പറഞ്ഞു വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്കു വരുന്നില്ല.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 11:47-54
ആബേല്‍ മുതല്‍ സഖറിയാവരെയുള്ളവരുടെ രക്തത്തിന് ഈ തലമുറ ഉത്തരം പറയേണ്ടിവരും.

അക്കാലത്ത്, യേശു അരുളിച്ചെയ്തു: ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്മാര്‍ വധിച്ച പ്രവാചകന്മാര്‍ക്കു നിങ്ങള്‍ കല്ലറകള്‍ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ സാക്ഷ്യവും അംഗീകാരവും നല്‍കുന്നു. എന്തെന്നാല്‍, അവര്‍ അവരെ കൊന്നു; നിങ്ങളോ അവര്‍ക്കു കല്ലറകള്‍ പണിയുന്നു. അതുകൊണ്ടാണ്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ഞാന്‍ അവരുടെ അടുത്തേക്കു പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും അയയ്ക്കും. അവരില്‍ ചിലരെ അവര്‍ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. ലോകാരംഭം മുതല്‍ ചൊരിയപ്പെട്ടിട്ടുള്ള സകല പ്രവാചകന്മാരുടെയും രക്തത്തിന് – ആബേല്‍ മുതല്‍, ബലിപീഠത്തിനും വിശുദ്ധ സ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാ വരെയുള്ളവരുടെ രക്തത്തിന് – ഈ തലമുറ ഉത്തരം പറയേണ്ടിവരും. അതേ, ഞാന്‍ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും. നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു. അവന്‍ അവിടെ നിന്നു പോകവേ, നിയമജ്ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെപ്പറ്റി സംസാരിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും അവന്‍ പറയുന്നതില്‍ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കാന്‍ തക്കം നോക്കുകയും ചെയ്തു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 34:10

സമ്പന്നന്‍ ദാരിദ്ര്യവും വിശപ്പും അനുഭവിച്ചു;
എന്നാല്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്
ഒരു നന്മയ്ക്കും കുറവുണ്ടാവുകയില്ല.

Or:
1 യോഹ 3:2

കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍
നാം അവിടത്തെപ്പോലെ ആകും;
കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment