Friday of week 28 in Ordinary Time / Saint Callistus

🌹 🔥 🌹 🔥 🌹 🔥 🌹

14 Oct 2022

Friday of week 28 in Ordinary Time 
or Saint Callistus, Pope, Martyr 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എഫേ 1:11-14
ക്രിസ്തുവില്‍ വിശ്വസിച്ച നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രിതരായിരിക്കുന്നു.

സഹോദരരേ, തന്റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന ദൈവം തന്റെ പദ്ധതിയനുസരിച്ച് ക്രിസ്തുവില്‍ നമ്മെ മുന്‍കൂട്ടി തെരഞ്ഞെടുത്തു നിയോഗിച്ചു. ഇത്, ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ച നാം അവന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. രക്ഷയുടെ സദ്വാര്‍ത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയുംചെയ്ത നിങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു. അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 33:1-2,4-5,12-13

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍;
സ്‌തോത്രം ആലപിക്കുന്നതു
നീതിമാന്മാര്‍ക്കു യുക്തമാണല്ലോ.
കിന്നരം കൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,
പത്തുകമ്പിയുള്ള വീണമീട്ടി
അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കര്‍ത്താവു ദൈവമായുള്ള ജനവും
അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത
ജനതയും ഭാഗ്യമുള്ളവരാണ്.
കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു താഴേക്കു നോക്കുന്നു;
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ജീവൻ്റെ വചനത്തെ മുറുകെപ്പിടിക്കുകയും ചെയ്യുവിൻ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 12:1-7
നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു.

അക്കാലത്ത്, പരസ്പരം ചവിട്ടേല്‍ക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങള്‍ തിങ്ങിക്കൂടി. അപ്പോള്‍ യേശു ശിഷ്യരോടു പറയുവാന്‍ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍. മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍ നിന്നു പ്രഘോഷിക്കപ്പെടും.
എന്റെ സ്‌നേഹിതരേ, നിങ്ങളോടു ഞാന്‍ പറയുന്നു, ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍. അഞ്ചു കുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്‍ക്കപ്പെടുന്നില്ലേ? അവയില്‍ ഒന്നുപോലും ദൈവസന്നിധിയില്‍ വിസ്മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 34:10

സമ്പന്നന്‍ ദാരിദ്ര്യവും വിശപ്പും അനുഭവിച്ചു;
എന്നാല്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്
ഒരു നന്മയ്ക്കും കുറവുണ്ടാവുകയില്ല.

Or:
1 യോഹ 3:2

കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍
നാം അവിടത്തെപ്പോലെ ആകും;
കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment