🌹 🔥 🌹 🔥 🌹 🔥 🌹
20 Oct 2022
Thursday of week 29 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ മാനസങ്ങള്‍ എപ്പോഴും
അങ്ങേ തിരുവിഷ്ടത്തിനു അനുസൃതമാക്കി തീര്‍ക്കാനും
ആത്മാര്‍ഥ ഹൃദയത്തോടെ അങ്ങേ മഹിമയ്ക്ക് ശുശ്രൂഷ ചെയ്യാനും
ഞങ്ങള്‍ക്കിടവരുത്തണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എഫേ 3:14-21
ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ.
സഹോദരരേ, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമെന്നും, വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ. നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 33:1-2,4-5,11-12,18-19
കര്‍ത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍;
സ്‌തോത്രം ആലപിക്കുന്നതു നീതിമാന്മാര്‍ക്കു യുക്തമാണല്ലോ.
കിന്നരം കൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,
പത്തുകമ്പിയുള്ള വീണ മീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്;
അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.
കര്‍ത്താവു ദൈവമായുള്ള ജനവും
അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത
ജനതയും ഭാഗ്യമുള്ളവരാണ്.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
ഇതാ! തന്നെ ഭയപ്പെടുന്നവരെയും
തന്റെ കാരുണ്യത്തില്‍ പ്രത്യാശ വയ്ക്കുന്നവരെയും
കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ മരണത്തില്‍ നിന്നു രക്ഷിക്കുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശു അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവനു ജീവൻ്റെ പ്രകാശമുണ്ടായിരിക്കും.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 12:49-53
സമാധാനമല്ല, ഭിന്നതയുളവാക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍! എനിക്ക് ഒരു സ്‌നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു! ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേര്‍ ഇനിമേല്‍ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേര്‍ രണ്ടുപേര്‍ക്ക് എതിരായും രണ്ടുപേര്‍ മൂന്നുപേര്‍ക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവു പുത്രനും പുത്രന്‍ പിതാവിനും എതിരായും അമ്മ മകള്‍ക്കും മകള്‍ അമ്മയ്ക്കും എതിരായും അമ്മായിയമ്മ മരുമകള്‍ക്കും മരുമകള്‍ അമ്മായിയമ്മയ്ക്കും എതിരായും ഭിന്നിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വതന്ത്രമനസ്സോടെ അങ്ങേ ദാനങ്ങള്‍
ആദരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങേ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷിക്കുന്ന അതേ രഹസ്യങ്ങള്‍വഴി,
ഞങ്ങള്‍ നിര്‍മലരായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 33:18-19
ഇതാ, തന്നെ ഭയപ്പെടുന്നവരുടെ മേലും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരുടെ മേലും
കര്‍ത്താവിന്റെ നയനങ്ങള്‍ ഉണ്ടായിരിക്കും.
അവിടന്ന് അവരുടെ പ്രാണന്‍ മരണത്തില്‍ നിന്നു രക്ഷിക്കുന്നു,
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.
Or:
മര്‍ക്കോ 10:45
മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്
തന്റെ ജീവന്‍ അനേകര്‍ക്കു വേണ്ടി
മോചനദ്രവ്യമായി നല്കാനാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയ വസ്തുക്കളുടെ പങ്കാളിത്തം
ഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങള്‍ ഇഹലോക നന്മകളാല്‍ സംപൂരിതരും
പരലോക നന്മകളാല്‍ ഉദ്‌ബോധിതരും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment