🌹 🔥 🌹 🔥 🌹 🔥 🌹
23 Oct 2022
30th Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും
അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്
അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പ്രഭാ 35:15b-17,20-22a
വിനീതന്റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു.
കര്‍ത്താവ് പക്ഷപാതമില്ലാത്ത ന്യായാധിപനാണ്.
അവിടുന്ന് ദരിദ്രനോടു പക്ഷപാതം കാണിക്കുന്നില്ല;
തിന്മയ്ക്കു വിധേയനായവന്റെ പ്രാര്‍ഥന അവിടുന്ന് കേള്‍ക്കും.
അനാഥന്റെ പ്രാര്‍ഥനയോ വിധവയുടെ പരാതികളോ
അവിടുന്ന് അവഗണിക്കുകയില്ല.
കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്;
അവന്റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു.
വിനീതന്റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു;
അതു കര്‍ത്തൃസന്നിധിയില്‍ എത്തുന്നതുവരെ
അവന്‍ സ്വസ്ഥനാവുകയില്ല;
ന്യായവിധി നടത്തി നിഷ്‌കളങ്കനു നീതി നല്‍കാന്‍
അത്യുന്നതന്‍ സന്ദര്‍ശിക്കുന്നതുവരെ അവന്‍ പിന്‍വാങ്ങുകയില്ല.
കര്‍ത്താവ് വൈകുകയോ സ്വസ്ഥനായിരിക്കുകയോ ഇല്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 34:1-2,16,15,18,22
എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു
കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും
എന്റെ അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!
എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു
ദുഷ്‌കര്‍മികളുടെ ഓര്‍മ ഭൂമിയില്‍ നിന്നു വിച്‌ഛേദിക്കാന്‍
കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.
കര്‍ത്താവു നീതിമാന്മാരെ കടാക്ഷിക്കുന്നു;
അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്;
മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
കര്‍ത്താവു തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു,
അവിടുത്തെ ശരണം പ്രാപിക്കുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.
എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
രണ്ടാം വായന
2 തിമോ 4:6-8,16-18
ഇപ്പോള്‍ മുതല്‍ എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു.
വാത്സല്യമുള്ളവനേ, ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി. ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആ ദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കു മാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.
എന്റെ ന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ആരും എന്റെ ഭാഗത്തല്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ. എന്നാല്‍, കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടുന്ന് എനിക്കു നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍ നിന്നും രക്ഷിക്കപ്പെട്ടു. കര്‍ത്താവ് എല്ലാ തിന്മകളിലുംനിന്ന് എന്നെ മോചിപ്പിച്ച്, തന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേക്കും അവിടുത്തേക്കു മഹത്വം! ആമേന്‍.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശു ഉദ്‌ഘോഷിച്ചു: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഈ കാര്യങ്ങൾ ബുദ്ധിമാൻമാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 18:9-14
ചുങ്കക്കാരന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി.
തങ്ങള്‍ നീതിമാന്മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് യേശു ഈ ഉപമ പറഞ്ഞു: രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കു പോയി – ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും. ഫരിസേയന്‍ നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി
ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷ വഴി അനുഷ്ഠിക്കുന്നത്
അങ്ങേ ഉപരിമഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 20:5
അങ്ങേ രക്ഷയില്‍ ഞങ്ങള്‍ ആഹ്ളാദിക്കുകയും
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുകയും ചെയ്യും.
Or:
എഫേ 5:2
ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
നമുക്കുവേണ്ടി സുരഭില കാഴ്ചയും ബലിയുമായി
തന്നത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കൂദാശകള്‍,
അവ ഉള്‍ക്കൊള്ളുന്നവ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ഇപ്പോള്‍ അടയാളങ്ങളിലൂടെ ആചരിക്കുന്നത്
യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment