🌹 🔥 🌹 🔥 🌹 🔥 🌹
27 Oct 2022
Thursday of week 30 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും
അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്
അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എഫേ 6:10-20
ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
സഹോദരരേ, കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കും എതിരായിട്ടാണു പടവെട്ടുന്നത്. അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തു നില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചു നില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും. അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.
നിങ്ങള്‍ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ഥനാ നിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുവിന്‍. ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം ധൈര്യപൂര്‍വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. സുവിശേഷ രഹസ്യത്തിന്റെ ബന്ധനസ്ഥനായ സ്ഥാനപതിയാണല്ലോ ഞാന്‍. എന്റെ കടമയ്‌ക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 144:1b,2,9-10
എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും
പടപൊരുതാന്‍ എന്റെ വിരലുകളെയും
അവിടുന്നു പരിശീലിപ്പിക്കുന്നു.
എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
അവിടുന്നാണ് എന്റെ അഭയശിലയും,
ദുര്‍ഗവും, ശക്തികേന്ദ്രവും;
എന്റെ വിമോചകനും പരിചയും ആയ
അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
അവിടുന്നു ജനതകളെ കീഴടക്കുന്നു.
എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
ദൈവമേ, ഞാന്‍ അങ്ങേക്കു പുതിയ കീര്‍ത്തനം പാടും.
ദശതന്ത്രീനാദത്തോടെ ഞാന്‍ അങ്ങയെ പുകഴ്ത്തും.
അങ്ങാണു രാജാക്കന്മാര്‍ക്കു വിജയം നല്‍കുകയും
അങ്ങേ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്.
എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
ജറുസലേമേ കർത്താവിനെ സ്തുതിക്കുക: അവിടുന്നു ഭൂമിയിലേക്കു കൽപന അയക്കുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 13:31-35
ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല.
അക്കാലത്ത് ചില ഫരിസേയര്‍ വന്ന് യേശുവിനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെ കൊല്ലാന്‍ ഒരുങ്ങുന്നു. അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല. ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴ് ചേര്‍ത്തുനിര്‍ത്തുന്നതു പോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി
ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷ വഴി അനുഷ്ഠിക്കുന്നത്
അങ്ങേ ഉപരിമഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 20:5
അങ്ങേ രക്ഷയില്‍ ഞങ്ങള്‍ ആഹ്ളാദിക്കുകയും
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുകയും ചെയ്യും.
Or:
എഫേ 5:2
ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
നമുക്കുവേണ്ടി സുരഭില കാഴ്ചയും ബലിയുമായി
തന്നത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കൂദാശകള്‍,
അവ ഉള്‍ക്കൊള്ളുന്നവ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ഇപ്പോള്‍ അടയാളങ്ങളിലൂടെ ആചരിക്കുന്നത്
യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment