🌹 🔥 🌹 🔥 🌹 🔥 🌹
29 Oct 2022
Saturday of week 30 in Ordinary Time
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും
അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്
അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഫിലി 1:18-26
എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.
സഹോദരരേ, ആത്മാര്‍ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും. നിങ്ങളുടെ പ്രാര്‍ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ ദാനത്താലും ഇത് എനിക്കു മോചനത്തിനായി പരിണമിക്കുമെന്നു ഞാന്‍ അറിയുന്നു. ആകയാല്‍, എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടിവരുകയില്ലെന്നും, മറിച്ച്, പൂര്‍ണധൈര്യത്തോടെ എപ്പോഴും എന്നപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്തില്‍ – ജീവിതം വഴിയോ മരണം വഴിയോ – മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹവും പ്രതീക്ഷയുമുണ്ട്. എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്ഠം. പക്‌ഷേ, ഞാന്‍ ശരീരത്തില്‍ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആവശ്യമാണ്. നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള സന്തോഷത്തിനുമായി ഞാന്‍ തുടര്‍ന്നു ജീവിക്കുമെന്നും നിങ്ങളെല്ലാവരുടെയുംകൂടെ ആയിരിക്കുമെന്നും എനിക്കറിയാം. നിങ്ങളുടെ അടുത്തേക്കുള്ള എന്റെ തിരിച്ചുവരവ് യേശുക്രിസ്തുവില്‍ ഞാന്‍ മൂലമുള്ള നിങ്ങളുടെ അഭിമാനത്തെ വര്‍ധിപ്പിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 42:1-2,4
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,
ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു;
ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ.
എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
അവിടുത്തെ കാണാന്‍ കഴിയുക!
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി;
ദേവാലയത്തിലേക്കു ഞാനവരെ ഘോഷയാത്രയായി നയിച്ചു.
ആഹ്‌ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു;
ജനം ആര്‍ത്തുല്ലസിച്ചു;
ഹൃദയം പൊട്ടിക്കരയുമ്പോള്‍ ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്നു പഠിക്കുകയും ചെയ്യുവിൻ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 14:1,7-11
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
ഒരു സാബത്തില്‍ യേശു ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്‌ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി
ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷ വഴി അനുഷ്ഠിക്കുന്നത്
അങ്ങേ ഉപരിമഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 20:5
അങ്ങേ രക്ഷയില്‍ ഞങ്ങള്‍ ആഹ്ളാദിക്കുകയും
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുകയും ചെയ്യും.
Or:
എഫേ 5:2
ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
നമുക്കുവേണ്ടി സുരഭില കാഴ്ചയും ബലിയുമായി
തന്നത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കൂദാശകള്‍,
അവ ഉള്‍ക്കൊള്ളുന്നവ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ഇപ്പോള്‍ അടയാളങ്ങളിലൂടെ ആചരിക്കുന്നത്
യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment