31st Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

30 Oct 2022

31st Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ
അങ്ങേ വിശ്വാസികള്‍ അങ്ങേക്ക്
യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.
അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ
അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍
മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജ്ഞാനം 11:22-12:2
അങ്ങ് എല്ലാവരോടും കരുണ കാണിക്കുന്നു, എന്തെന്നാല്‍ എല്ലാറ്റിനെയും അങ്ങ് സ്‌നേഹിക്കുന്നു.

ലോകം, അങ്ങേ മുന്‍പില്‍, ത്രാസിലെ തരിപോലെയും,
പ്രഭാതത്തില്‍ ഉതിര്‍ന്നു വീഴുന്ന ഹിമകണംപോലെയുമാണ്.
എന്നാല്‍, അങ്ങ് എല്ലാവരോടും കരുണ കാണിക്കുന്നു;
അവിടുത്തേക്ക് എന്തും സാധ്യമാണല്ലോ.
മനുഷ്യന്‍ പശ്ചാത്തപിക്കേണ്ടതിന്
അവിടുന്ന് അവരുടെ പാപങ്ങളെ അവഗണിക്കുന്നു.
എല്ലാറ്റിനെയും അങ്ങ് സ്‌നേഹിക്കുന്നു.
അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ്‌ ദ്വേഷിക്കുന്നില്ല;
ദ്വേഷിച്ചെങ്കില്‍ സൃഷ്ടിക്കുമായിരുന്നില്ല.
അങ്ങ് ഇച്ഛിക്കുന്നില്ലെങ്കില്‍, എന്തെങ്കിലും നിലനില്‍ക്കുമോ?
അങ്ങ് അസ്തിത്വം നല്‍കിയില്ലെങ്കില്‍, എന്തെങ്കിലും പുലരുമോ?
ജീവനുള്ളവയെ സ്‌നേഹിക്കുന്ന കര്‍ത്താവേ,
സര്‍വവും അങ്ങയുടേതാണ്. അങ്ങ് അവയോടു ദയ കാണിക്കുന്നു.
കര്‍ത്താവേ, സകലത്തിലും
അങ്ങേ അക്ഷയമായ ചൈതന്യം കുടികൊള്ളുന്നു.
പാപികള്‍ പാപവിമുക്തരാകാനും
അങ്ങയില്‍ പ്രത്യാശയര്‍പ്പിക്കാനും വേണ്ടി
അങ്ങ് അധര്‍മികളെ പടിപടിയായി തിരുത്തുന്നു;
അവര്‍ പാപം ചെയ്യുന്ന സംഗതികള്‍ ഏവയെന്ന്
ഓര്‍മിപ്പിക്കുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 145:1-2,8-9,10-11,13-14

എന്റെ ദൈവവും രാജാവുമായ കര്‍ത്താവേ, അങ്ങേ നാമത്തെ ഞാന്‍ എന്നേക്കും വാഴ്ത്തും.

എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും;
ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.
അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും;
അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

എന്റെ ദൈവവും രാജാവുമായ കര്‍ത്താവേ, അങ്ങേ നാമത്തെ ഞാന്‍ എന്നേക്കും വാഴ്ത്തും.

കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയുംമേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

എന്റെ ദൈവവും രാജാവുമായ കര്‍ത്താവേ, അങ്ങേ നാമത്തെ ഞാന്‍ എന്നേക്കും വാഴ്ത്തും.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ
മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.

എന്റെ ദൈവവും രാജാവുമായ കര്‍ത്താവേ, അങ്ങേ നാമത്തെ ഞാന്‍ എന്നേക്കും വാഴ്ത്തും.

കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും
പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.

എന്റെ ദൈവവും രാജാവുമായ കര്‍ത്താവേ, അങ്ങേ നാമത്തെ ഞാന്‍ എന്നേക്കും വാഴ്ത്തും.

രണ്ടാം വായന

2 തെസ 1:11-2:2
കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!

നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും വിശ്വാസത്തിന്റെ പ്രവൃത്തികളും തന്റെ ശക്തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഞങ്ങള്‍ സദാ പ്രാര്‍ഥിക്കുന്നു. അങ്ങനെ, നമ്മുടെ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും കൃപയ്ക്കനുസൃതം അവന്റെ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തെയും അവന്റെ സന്നിധിയില്‍ നാം സമ്മേളിക്കുന്നതിനെയും പറ്റി സഹോദരരേ, ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു: കര്‍ത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 19:1-10
നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.

അക്കാലത്ത്, യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു. യേശു ആരെന്നു കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. യേശുവിനെ കാണാന്‍വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്. അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു. അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു. ഇതുകണ്ടപ്പോള്‍ അവരെല്ലാവരും പിറുപിറുത്തു: ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു. യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലി അങ്ങേക്കുള്ള
നിര്‍മല യാഗമാക്കി തീര്‍ക്കുകയും
ഞങ്ങള്‍ക്ക് അങ്ങേ കാരുണ്യത്തിന്റെ
ദിവ്യപ്രവാഹമാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 16:11

കര്‍ത്താവേ, അങ്ങെനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു,
അങ്ങേ സന്നിധിയില്‍ ആനന്ദത്താല്‍ അങ്ങെന്നെ നിറയ്ക്കുന്നു.

Or:
യോഹ 6:58

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു,
ഞാന്‍ പിതാവു മൂലം ജീവിക്കുന്നു.
അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ശക്തിയുടെ പ്രവര്‍ത്തനം
ഞങ്ങളില്‍ വര്‍ധമാനമാക്കാന്‍ കനിയണമേ.
അങ്ങനെ, സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായി,
അവയുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍,
അങ്ങേ ദാനത്താല്‍ ഞങ്ങള്‍ സജ്ജരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment