🌹 🔥 🌹 🔥 🌹 🔥 🌹
31 Oct 2022
Monday of week 31 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ
അങ്ങേ വിശ്വാസികള്‍ അങ്ങേക്ക്
യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.
അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ
അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍
മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഫിലി 2:1-4
ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍.
സഹോദരരേ, ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍. മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 131:1,2,3
ദൈവമേ, അങ്ങയോടുകൂടെ എന്റെ ആത്മാവിനെ സമാധാനത്തില്‍ സംരക്ഷിക്കണമേ.
കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല;
എന്റെ നയനങ്ങളില്‍ നിഗളമില്ല;
എന്റെ കഴിവില്‍ക്കവിഞ്ഞ വന്‍കാര്യങ്ങളിലും
വിസ്മയാവഹമായ പ്രവൃത്തികളിലും
ഞാന്‍ വ്യാപൃതനാകുന്നില്ല.
ദൈവമേ, അങ്ങയോടുകൂടെ എന്റെ ആത്മാവിനെ സമാധാനത്തില്‍ സംരക്ഷിക്കണമേ.
മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന
ശിശുവിനെയെന്നപോലെ ഞാന്‍
എന്നെത്തന്നെ ശാന്തനാക്കി;
ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ്
എന്റെ ആത്മാവ്.
ദൈവമേ, അങ്ങയോടുകൂടെ എന്റെ ആത്മാവിനെ സമാധാനത്തില്‍ സംരക്ഷിക്കണമേ.
ഇസ്രായേലേ, ഇന്നുമെന്നേക്കും
കര്‍ത്താവില്‍ പ്രത്യാശവയ്ക്കുക.
ദൈവമേ, അങ്ങയോടുകൂടെ എന്റെ ആത്മാവിനെ സമാധാനത്തില്‍ സംരക്ഷിക്കണമേ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ എൻ്റെ കണ്ണുകൾ തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 14:12-14
സദ്യ നടത്തുമ്പോള്‍ സ്‌നേഹിതന്മാരെയല്ല, ദരിദ്രരേയും വികലാംഗരേയും ക്ഷണിക്കുക.
അക്കാലത്ത്, തന്നെ ക്ഷണിച്ചവനോട് യേശു പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്റെ സ്‌നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരുപക്‌ഷേ, അവര്‍ നിന്നെ പകരം ക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും. എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ബലി അങ്ങേക്കുള്ള
നിര്‍മല യാഗമാക്കി തീര്‍ക്കുകയും
ഞങ്ങള്‍ക്ക് അങ്ങേ കാരുണ്യത്തിന്റെ
ദിവ്യപ്രവാഹമാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 16:11
കര്‍ത്താവേ, അങ്ങെനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു,
അങ്ങേ സന്നിധിയില്‍ ആനന്ദത്താല്‍ അങ്ങെന്നെ നിറയ്ക്കുന്നു.
Or:
യോഹ 6:58
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു,
ഞാന്‍ പിതാവു മൂലം ജീവിക്കുന്നു.
അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ശക്തിയുടെ പ്രവര്‍ത്തനം
ഞങ്ങളില്‍ വര്‍ധമാനമാക്കാന്‍ കനിയണമേ.
അങ്ങനെ, സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായി,
അവയുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍,
അങ്ങേ ദാനത്താല്‍ ഞങ്ങള്‍ സജ്ജരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment