🌹 🔥 🌹 🔥 🌹 🔥 🌹
12 Nov 2022
Saint Josaphat, Bishop, Martyr
on Saturday of week 32 in Ordinary Time
Liturgical Colour: Red.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ആത്മാവാല്‍ നിറഞ്ഞവനായി
വിശുദ്ധ ജോസഫാത്ത് സ്വന്തം ജീവന്‍ അജഗണത്തിനു നല്കിയല്ലോ.
അതേ ആത്മാവിനെ ഞങ്ങളിലും ഉത്തേജിപ്പിക്കണമേ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ഞങ്ങളും അതേ ആത്മാവാല്‍ ശക്തിയാര്‍ജിച്ച്,
സഹോദരര്‍ക്കുവേണ്ടി ഞങ്ങളുടെ ജീവനര്‍പ്പിക്കാന്‍
ധൈര്യപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
3 യോഹ 1:5-8
നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു.
വാത്സല്യഭാജനമേ, നീ സഹോദരര്‍ക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതര്‍ക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനു യോജിച്ച പ്രവൃത്തികളാണ്. അവര്‍ സഭയുടെ മുമ്പാകെ നിന്റെ സ്‌നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീ അവരെ യാത്രയാക്കുന്നതു നന്നായിരിക്കും. കാരണം, അവിടുത്തെ നാമത്തെപ്രതിയാണ് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരില്‍ നിന്ന് അവര്‍ ഒരു സഹായവും സ്വീകരിച്ചിട്ടില്ല. ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 112:1-2,3-4,5-6
കര്‍ത്താവിന്റെ കല്‍പനകളില്‍ ആനന്ദിക്കുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍
ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും;
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.
കര്‍ത്താവിന്റെ കല്‍പനകളില്‍ ആനന്ദിക്കുന്നവന്‍ ഭാഗ്യവാന്‍.
അവന്റെ ഭവനം സമ്പത്സമൃദ്ധമാകും;
അവന്റെ നീതി എന്നേക്കും നിലനില്‍ക്കും.
പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും;
അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
കര്‍ത്താവിന്റെ കല്‍പനകളില്‍ ആനന്ദിക്കുന്നവന്‍ ഭാഗ്യവാന്‍.
ഉദാരമായി വായ്പ കൊടുക്കുകയും നീതിയോടെ
വ്യാപരിക്കുകയും ചെയ്യുന്നവനു നന്മ കൈവരും.
നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല;
അവന്റെ സ്മരണ എന്നേക്കും നിലനില്‍ക്കും.
കര്‍ത്താവിന്റെ കല്‍പനകളില്‍ ആനന്ദിക്കുന്നവന്‍ ഭാഗ്യവാന്‍.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
നിങ്ങളിൽ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കാൻ കഴിവുള്ളതുമായ വചനത്തെ വിനയപൂർവ്വം സ്വീകരിക്കുവിൻ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 18:1-8
തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?
അക്കാലത്ത്, ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാനവള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
പരമകാരുണികനായ ദൈവമേ,
ഈ കാണിക്കകളില്‍
അങ്ങേ അനുഗ്രഹാശിസ്സുകള്‍ ചൊരിയുകയും
വിശുദ്ധ ജോസഫാത്ത് രക്തം ചിന്തി
സാക്ഷ്യംവഹിച്ച വിശ്വാസത്തില്‍
ഞങ്ങളെ ദൃഢീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
മത്താ. 10:39
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍,
നിത്യമായി അതു കണ്ടെത്തും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ സ്വര്‍ഗീയമേശ
ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ചൈതന്യം
ഞങ്ങള്‍ക്കു നല്കട്ടെ.
വിശുദ്ധ ജോസഫാത്തിന്റെ മാതൃകയാല്‍,
സഭയുടെ ബഹുമതിക്കും ഐക്യത്തിനും വേണ്ടി
ഞങ്ങളുടെ ജീവിതം ഹൃദയപൂര്‍വം ഞങ്ങള്‍ അര്‍പ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment