🌹 🔥 🌹 🔥 🌹 🔥 🌹
13 Nov 2022
33rd Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
മലാ 3:19-20
നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും.
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്‌ക്കോല്‍ പോലെയാകും. ആ ദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 98:5-6,7-8,9
കര്‍ത്താവ് ഭൂമിയെ നീതിയോടെ വിധിക്കാന്‍ വരുന്നു.
കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍.
വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍.
കൊമ്പും കാഹളവും മുഴക്കി രാജാവായ കര്‍ത്താവിന്റെ സന്നിധിയില്‍
ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.
കര്‍ത്താവ് ഭൂമിയെ നീതിയോടെ വിധിക്കാന്‍ വരുന്നു.
സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും
ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ!
ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ!
കര്‍ത്താവിന്റെ മുന്‍പില്‍ പര്‍വതങ്ങള്‍ ഒത്തൊരുമിച്ച്
ആനന്ദകീര്‍ത്തനമാലപിക്കട്ടെ!
കര്‍ത്താവ് ഭൂമിയെ നീതിയോടെ വിധിക്കാന്‍ വരുന്നു.
അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു;
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ ന്യായത്തോടുംകൂടെ വിധിക്കും.
കര്‍ത്താവ് ഭൂമിയെ നീതിയോടെ വിധിക്കാന്‍ വരുന്നു.
രണ്ടാം വായന
2 തെസ 3:7-12
അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ.
എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല. ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാധ്വാനം ചെയ്തു. ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ് ഇങ്ങനെ ചെയ്തത്. ഞങ്ങള്‍ നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ. എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. അത്തരം ആളുകളോടു കര്‍ത്താവായ യേശുവില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലിചെയ്ത് അപ്പം ഭക്ഷിക്കട്ടെ.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
മനുഷ്യ പുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിൻ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 21:5-19
പീഡനത്തിലും ഉറച്ചു നില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.
അക്കാലത്ത്, ചില ആളുകള്‍ ജറൂസലേം ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ഈ കാണുന്നവ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.
അവര്‍ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്റെ അടയാളം എന്താണ്? അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും കലഹങ്ങളെയുംകുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല. അവന്‍ തുടര്‍ന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍ നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.
ഇവയ്ക്കെല്ലാം മുമ്പ് എന്റെ നാമത്തെപ്രതി അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുന്‍പില്‍ അവര്‍ നിങ്ങളെ കൊണ്ടുചെല്ലും. നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും. എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്സിലാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും. മാതാപിതാക്കന്മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചു നില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28
ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.
Or:
മര്‍ക്കോ 11:23-24
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment