Dedication of the Basilicas of Saints Peter and Paul, Apostles / Friday of week 33 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

18 Nov 2022
Dedication of the Basilicas of Saints Peter and Paul, Apostles 
or Friday of week 33 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സഭയെ
അപ്പസ്‌തോലിക സംരക്ഷണത്താല്‍ കാത്തുരക്ഷിക്കണമേ.
ദൈവികജ്ഞാനത്തിന്റെ ആരംഭം അവര്‍ വഴി സ്വീകരിച്ച സഭ,
അവര്‍ വഴി യുഗാന്തം വരെ,
സ്വര്‍ഗീയ കൃപയുടെ വര്‍ധനയും സ്വീകരിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 28:11-16,30-31
ഞങ്ങള്‍ റോമാ പട്ടണത്തില്‍ പ്രവേശിച്ചു.

മൂന്നു മാസത്തിനുശേഷം, ആ ദ്വീപില്‍ ശൈത്യകാലത്തു നങ്കൂരമടിച്ചിരുന്നതും ദിയോസ്‌കുറോയിയുടെ ചിഹ്നം പേറുന്നതുമായ ഒരു അല്കസാണ്ട്രിയന്‍ കപ്പലില്‍ കയറി ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങള്‍ സിറാക്കൂസിലിറങ്ങി മൂന്നു ദിവസം താമസിച്ചു. അവിടെനിന്നു തീരം ചുറ്റി റേജിയും എന്ന സ്ഥലത്തു വന്നുചേര്‍ന്നു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒരു തെക്കന്‍കാറ്റു വീശുകയാല്‍ രണ്ടാം ദിവസം ഞങ്ങള്‍ പുത്തെയോളില്‍ എത്തി. അവിടെ ഞങ്ങള്‍ ചില സഹോദരരെ കണ്ടു. ഒരാഴ്ച തങ്ങളോടൊപ്പം താമസിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നെ ഞങ്ങള്‍ റോമായില്‍ വന്നുചേര്‍ന്നു. അവിടെയുള്ള സഹോദരര്‍ ഞങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് ഞങ്ങളെ സ്വീകരിക്കുവാന്‍ ആപ്പിയൂസ് പുരവും ത്രിമണ്ഡപവും വരെ വന്നു. അവരെക്കണ്ടപ്പോള്‍ പൗലോസ് ദൈവത്തിനു നന്ദിപറയുകയും ധൈര്യം ആര്‍ജിക്കുകയും ചെയ്തു. ഞങ്ങള്‍ റോമാ പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു.
അവന്‍ സ്വന്തം ചെലവില്‍ ഒരു വീടു വാടകയ്‌ക്കെടുത്തു രണ്ടു വര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതംചെയ്തിരുന്നു. അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെ കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 98:1,2-3,3-4,5-6

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും
വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍.
വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍.
കൊമ്പും കാഹളവും മുഴക്കി രാജാവായ കര്‍ത്താവിന്റെ സന്നിധിയില്‍
ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

സുവിശേഷ പ്രഘോഷണവാക്യം

cf. Te Deum

അല്ലേലൂയ! അല്ലേലൂയ!

നമുക്കു ദൈവത്തെ സ്തുതിക്കാം; നമുക്ക് അവിടുത്തെ പാടി പുകഴ്ത്താം. കർത്താവ, അനുഗ്രഹീതരായ അപ്പസ്തോലൻമാരുടെ ഗണം അങ്ങയെ സ്തുതിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 14:22-33
ഞാന്‍ ജലത്തിനുമീതേകൂടി അങ്ങേ അടുത്തേക്കു വരാന്‍ കല്‍പിക്കുക.

ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ യേശു ശിഷ്യന്മാരെ നിര്‍ബന്ധിച്ചു. അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു. ഇതിനിടെ വഞ്ചി കരയില്‍ നിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിന്‍ മീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയംനിമിത്തം നിലവിളിച്ചു. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ. പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങേ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു. എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പ വിശ്വാസീ, നീ സംശയിച്ചതെന്ത്? അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ ശുശ്രൂഷയുടെ കാണിക്കകള്‍
അങ്ങേക്കു സമര്‍പ്പിച്ചുകൊണ്ട്,
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, അപ്പോസ്തലന്മാരായ
പത്രോസിന്റെയും പൗലോസിന്റെയും ശുശ്രൂഷയാല്‍
ഞങ്ങള്‍ക്കു പകര്‍ന്നുതന്ന സത്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ കല്മഷരഹിതമായി
നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 6: 69,70

കര്‍ത്താവേ, നിത്യജീവന്റെ വചനങ്ങള്‍ അങ്ങേപ്പക്കലുണ്ട്.
അങ്ങാണ് ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഞങ്ങള്‍ വിശ്വസിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും
മാധ്യസ്ഥ്യത്താല്‍ നയിക്കപ്പെടാന്‍
അങ്ങു ഞങ്ങള്‍ക്ക് അനുഗ്രഹം നല്കിയല്ലോ.
സ്വര്‍ഗീയ അപ്പത്താല്‍ പരിപോഷിതരായ അങ്ങേ ജനം,
അവരുടെ സ്മരണയില്‍ ആഹ്ളാദിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment