Wednesday of week 34 in Ordinary Time / Saint Clement I / Saint Columbanus

🌹 🔥 🌹 🔥 🌹 🔥 🌹

23 Nov 2022

Wednesday of week 34 in Ordinary Time 
or Saint Clement I, Pope, Martyr 
or Saint Columbanus, Abbot and Missionary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ
മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 15:1-4
അവര്‍ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങള്‍ ആലപച്ചുകൊണ്ടിരുന്നു.

ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍ മഹത്തും വിസ്മയാവഹവുമായ മറ്റൊരടയാളം കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്റെ ക്രോധം അവസാനിക്കുന്നത്.
അഗ്നിമയമായ പളുങ്കുകടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്മേലും അവന്റെ പ്രതിമയിന്മേലും അവന്റെ നാമസംഖ്യയിന്മേലും വിജയംവരിച്ച്, ദൈവത്തിന്റെ വീണ പിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്‍ക്കുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങള്‍ ആലപിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്. ജനതകളുടെ രാജാവേ, അങ്ങേ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസന്ധവുമാണ്. കര്‍ത്താവേ, അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്ധന്‍. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും. കാരണം, അങ്ങേ ന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 98:1,2-3ab,7-8,9

സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.

സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.

സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും
ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ!
ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ!
കര്‍ത്താവിന്റെ മുന്‍പില്‍ പര്‍വതങ്ങള്‍ ഒത്തൊരുമിച്ച്
ആനന്ദകീര്‍ത്തനമാലപിക്കട്ടെ!

സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

മനുഷ്യ പുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 21:12-19
എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിചെയ്തു: എന്റെ നാമത്തെപ്രതി അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുന്‍പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും. നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും. എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്സിലാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും. മാതാപിതാക്കന്മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്
അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്‌നേഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 117:1,2

സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്‌നേഹം സുദൃഢമാണ്.

Or:
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment