🌹 🔥 🌹 🔥 🌹 🔥 🌹
25 Nov 2022
Friday of week 34 in Ordinary Time
or Saint Catherine of Alexandria, Virgin, Martyr
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ഒന്നാം വായന
കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ
മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
വെളി 20:1-4,11-21:2
മരിച്ചവര്‍ താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു. പുതിയ ജറുസലേം സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങുന്നത് ഞാന്‍ കണ്ടു.
ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ ഇറങ്ങുന്നതു കണ്ടു. അവന്റെ കൈയില്‍ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്. അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ – സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ – പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനു വേണ്ടിയാണിത്. തദനന്തരം അല്‍പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു. പിന്നെ ഞാന്‍ കുറെ സിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരശ്‌ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്തുവിനോടുകൂടി വാഴുകയും ചെയ്തു.
ഞാന്‍ വെണ്‍മയേറിയ ഒരു വലിയ സിംഹാസനവും അതില്‍ ഇരിക്കുന്നവനെയും കണ്ടു. അവന്റെ സന്നിധിയില്‍ നിന്നു ഭൂമിയും ആകാശവും ഓടിയകന്നു. അവയ്ക്ക് ഒരു സങ്കേതവും ലഭിച്ചില്ല. മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനു മുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരു ഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു. തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു. മൃത്യുവും പാതാളവും അഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം – അഗ്നിത്തടാകം. ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നി ത്തടാകത്തിലേക്ക് എറിയപ്പെട്ടു.
ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധനഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍ നിന്ന്, ദൈവസന്നിധിയില്‍ നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 84:2,3,4-5a,7a
ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ.
എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍
വാഞ്ഛിച്ചു തളരുന്നു;
എന്റെ മനസ്സും ശരീരവും
ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ.
എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ,
കുരികില്‍പ്പക്ഷി ഒരു സങ്കേതവും
മീവല്‍പ്പക്ഷി കുഞ്ഞിന് ഒരു കൂടും
അങ്ങേ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ.
ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ.
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ കൂടുതല്‍ കൂടുതല്‍ശക്തിയാര്‍ജിക്കുന്നു.
ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ.
അല്ലേലൂയ! അല്ലേലൂയ!
നിങ്ങൾ ശിരസ്സുയർത്തി നിൽക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു!
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 21:29-33
ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: അത്തിമരത്തെയും മറ്റു മരങ്ങളെയും നോക്കുവിന്‍. അവ തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു. അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നുപോവുകയില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്
അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്‌നേഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2
സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്‌നേഹം സുദൃഢമാണ്.
Or:
മത്താ 28:20
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment