🌹 🔥 🌹 🔥 🌹 🔥 🌹
26 Nov 2022
Saturday of week 34 in Ordinary Time
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ
മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
വെളി 22:1-7
ഇനിയൊരിക്കലും രാത്രി ഉണ്ടാവുകയില്ല; ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നു.
ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതും സ്ഫടികംപോലെ തെളിഞ്ഞതുമായ ജീവ ജലത്തിന്റെ നദി അവന്‍ എനിക്കു കാണിച്ചു തന്നു. നഗരവീഥിയുടെ മധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന ജീവന്റെ വൃക്ഷം നില്‍ക്കുന്നു. അതു മാസംതോറും ഫലംതരുന്നു. ആ വൃക്ഷത്തിന്റെ ഇലകള്‍ ജനതകളുടെ രോഗശാന്തിക്കു വേണ്ടിയുള്ളവയാണ്. ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതില്‍ ഉണ്ടായിരിക്കും. അവിടുത്തെ ദാസര്‍ അവിടുത്തെ ആരാധിക്കും. അവര്‍ അവിടുത്തെ മുഖം ദര്‍ശിക്കും. അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തില്‍ ഉണ്ടായിരിക്കും. ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്ക് ആവശ്യമില്ല. ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും.
അവന്‍ എന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ ദാസര്‍ക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവു തന്റെ ദൂതനെ അയച്ചിരിക്കുന്നു. ഇതാ, ഞാന്‍ വേഗം വരുന്നു. ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ കാക്കുന്നവന്‍ ഭാഗ്യവാന്‍.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 95:1-2,3-5,6-7
മാറാനാ താ! കര്‍ത്താവായ യേശുവേ, വരണമേ.
വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം;
നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം.
കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം.
ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.
മാറാനാ താ! കര്‍ത്താവായ യേശുവേ, വരണമേ.
കര്‍ത്താവ് ഉന്നതനായ ദൈവമാണ്;
എല്ലാ ദേവന്മാര്‍ക്കും അധിപനായ രാജാവാണ്;
ഭൂമിയുടെ അഗാധതലങ്ങള്‍ അവിടുത്തെ കൈയിലാണ്;
പര്‍വതശൃംഗങ്ങളും അവിടുത്തേതാണ്.
സമുദ്രം അവിടുത്തേതാണ്,
അവിടുന്നാണ് അതു നിര്‍മിച്ചത്;
ഉണങ്ങിയ കരയെയും
അവിടുന്നാണു മെനഞ്ഞെടുത്തത്.
മാറാനാ താ! കര്‍ത്താവായ യേശുവേ, വരണമേ.
വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം.
മാറാനാ താ! കര്‍ത്താവായ യേശുവേ, വരണമേ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
മനുഷ്യ പുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിൻ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 21:34-36
സംഭവിക്കാനിരിക്കുന്നവയില്‍ നിന്നു രക്ഷപ്പെടാന്‍ ജാഗരൂകരായിരിക്കുവിന്‍.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്
അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്‌നേഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2
സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്‌നേഹം സുദൃഢമാണ്.
Or:
മത്താ 28:20
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment