Saint Francis Xavier, Patron of India

🌹 🔥 🌹 🔥 🌹 🔥 🌹

03 Dec 2022

Saint Francis Xavier, Patron of India, Priest – Solemnity 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ
സുവിശേഷ പ്രഘോഷണത്താല്‍,
ഞങ്ങളുടെ രാജ്യത്ത് അനേകം ജനങ്ങളെ
അങ്ങേക്കുവേണ്ടി അങ്ങ് നേടിയല്ലോ.
അതേ വിശ്വാസതീക്ഷ്ണതയാല്‍
വിശ്വാസികളുടെ മാനസങ്ങള്‍ ഉജ്ജ്വലിക്കാനും
തിരുസഭ എല്ലായേടത്തും നിരവധി സന്തതികളാല്‍
ആനന്ദിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസെ 3:17-21
ഞാന്‍ നിന്നെ ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു.

എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവന്റെ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍ നിന്നും ദുര്‍മാര്‍ഗത്തില്‍ നിന്നും പിന്മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും. നീതിമാന്‍ തന്റെ നീതി വെടിഞ്ഞു തിന്മ പ്രവര്‍ത്തിച്ചാല്‍ അവന്‍ വീഴാന്‍ ഞാന്‍ ഇടയാക്കും; അവന്‍ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാല്‍ അവന്‍ തന്റെ പാപം നിമിത്തം മരിക്കും. അവന്‍ ചെയ്തിട്ടുള്ള നീതിനിഷ്ഠമായ പ്രവൃത്തികള്‍ അനുസ്മരിക്കപ്പെടുകയില്ല. അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. പാപം ചെയ്യരുതെന്ന നിന്റെ താക്കീതു സ്വീകരിച്ച് നീതിമാനായ ഒരുവന്‍ പാപം ചെയ്യാതിരുന്നാല്‍, അവന്‍ തീര്‍ച്ചയായും ജീവിക്കും. കാരണം അവന്‍ താക്കീതു സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിക്കും.

കർത്താവിന്റെ വചനം

പ്രതിവചനസങ്കീർത്തനം

സങ്കീ 117:1bc,2

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;
ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്;
കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

രണ്ടാം വായന

1 കോറി 9:16-19,22-23
ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!

ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! ഞാന്‍ സ്വമനസ്സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കില്‍ മറ്റാരുടെയോ നിയോഗം അനുസരിച്ചാണ് ചെയ്യുന്നത്. അപ്പോള്‍ എന്താണ് എന്റെ പ്രതിഫലം? സുവിശേഷം നല്‍കുന്ന അവകാശം പൂര്‍ണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തി മാത്രം.
ഞാന്‍ എല്ലാവരിലും നിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായി തീര്‍ന്നിരിക്കുന്നു. ബലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. സുവിശേഷത്തില്‍ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാന്‍ ഇവയെല്ലാം ചെയ്യുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

നിങ്ങൾ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിൻ. യുഗാന്ത്യം വരെ ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 16:15-20
യേശു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.

യേശു പതിനൊന്നുപേര്‍ക്ക് പ്രത്യക്ഷപ്പെട്ടു അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടു കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
കര്‍ത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ
തിരുനാളാഘോഷത്തില്‍ അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്ന
കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അദ്ദേഹം മനുഷ്യരക്ഷയ്ക്കുളള ആഗ്രഹത്താല്‍
വിദൂരദേശങ്ങളിലേക്ക് യാത്ര ചെയ്തതു പോലെ
ഞങ്ങളും സുവിശേഷത്തിന് ഫലപ്രദമായ സാക്ഷ്യംനല്കിക്കൊണ്ട്,
സഹോദരരോടൊത്ത് അങ്ങിലേക്ക്
തിടുക്കത്തില്‍ വന്നണയാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 10:27

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറഞ്ഞവ
പ്രകാശത്തില്‍ പറയുവിന്‍;
ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു പ്രഘോഷിക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ഫ്രാന്‍സിസ്,
ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി
സ്‌നേഹതീക്ഷ്ണതയാല്‍ ജ്വലിച്ചുവല്ലോ.
അങ്ങേ രഹസ്യങ്ങള്‍
ഞങ്ങളിലും അതേ തീക്ഷ്ണത ഉജ്ജ്വലിപ്പിക്കട്ടെ.
അങ്ങനെ, ഞങ്ങളുടെ വിളിയില്‍
കൂടുതല്‍ യോഗ്യതയോടെ ചരിച്ചുകൊണ്ട്,
അദ്ദേഹത്തോടൊപ്പം, വാഗ്ദാനം ചെയ്യപ്പെട്ട സമ്മാനം
സല്‍പ്രവൃത്തികളാല്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment