🌹 🔥 🌹 🔥 🌹 🔥 🌹
06 Dec 2022
Saint Nicholas, Bishop
or Tuesday of the 2nd week of Advent
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനായി
ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
മെത്രാനായ വിശുദ്ധ നിക്കൊളസിന്റെ
മധ്യസ്ഥസഹായത്താല്‍,
സകല വിപത്തുകളിലുംനിന്ന്
ഞങ്ങളെ സംരക്ഷിക്കണമേ.
അങ്ങനെ, രക്ഷയുടെ സുഗമമായ മാര്‍ഗം
ഞങ്ങള്‍ക്കായി തുറക്കപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 40:1-11
ദൈവം തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു.
നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍,
എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍!
ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും
അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍!
അവളുടെ അടിമത്തം അവസാനിച്ചു;
തിന്മകള്‍ ക്ഷമിച്ചിരിക്കുന്നു.
എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍ നിന്ന്
ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു.
ഒരു സ്വരം ഉയരുന്നു:
മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍.
വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന്
വിശാലവീഥി ഒരുക്കുവിന്‍.
താഴ്‌വരകള്‍ നികത്തപ്പെടും;
മലകളും കുന്നുകളും താഴ്ത്തപ്പെടും.
കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.
ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും.
കര്‍ത്താവിന്റെ മഹത്വം വെളിപ്പെടും.
മര്‍ത്യരെല്ലാവരും ഒരുമിച്ച് അതു ദര്‍ശിക്കും.
കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.
വീണ്ടും സ്വരമുയര്‍ന്നു: ഉദ്‌ഘോഷിക്കുക!
ഞാന്‍ ആരാഞ്ഞു: ഞാന്‍ എന്ത് ഉദ്‌ഘോഷിക്കണം?
ജഡം തൃണം മാത്രം; അതിന്റെ സൗന്ദര്യം
വയലിലെ പുഷ്പംപോലെ ക്ഷണികവും!
കര്‍ത്താവിന്റെ ശ്വാസമേല്‍ക്കുമ്പോള്‍
പുല്ലു കരിയുകയും പുഷ്പം വാടിപ്പോവുകയും ചെയ്യും;
മനുഷ്യന്‍ പുല്ലുമാത്രം!
പുല്ലു കരിയുന്നു; പുഷ്പം വാടുന്നു;
നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ
എന്നേക്കും നിലനില്‍ക്കും.
സദ്‌വാര്‍ത്തയുമായി വരുന്ന സീയോനേ,
ഉയര്‍ന്ന മലയില്‍ക്കയറി
ശക്തിയോടെ സ്വരമുയര്‍ത്തി പറയുക;
സദ്‌വാര്‍ത്തയുമായി വരുന്ന ജറുസലെമേ,
നിര്‍ഭയം വിളിച്ചു പറയുക;
യൂദായുടെ പട്ടണങ്ങളോടു പറയുക:
ഇതാ, നിങ്ങളുടെ ദൈവം!
ഇതാ, ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു.
അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു.
സമ്മാനം അവിടുത്തെ കൈയിലുണ്ട്.
പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്.
ഇടയനെപ്പോലെ അവിടുന്ന്
തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു.
അവിടുന്ന് ആട്ടിന്‍കുട്ടികളെ
കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച്
തള്ളയാടുകളെ സാവധാനം നയിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 96:1-2, 3, 10ac, 11-12, 13
നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍;
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ;
സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!
വയലും അതിലുള്ളവയും ആഹ്ളാദിക്കട്ടെ!
അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍
വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.
നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.
എന്തെന്നാല്‍, അവിടുന്നു വരുന്നു;
അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു:
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ സത്യത്തോടും കൂടെ വിധിക്കും.
നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, വേഗം വരേണമേ, വൈകരുതേ; അങ്ങേ ജനത്തിന്റെ പാപങ്ങൾ പൊറുക്കേണമേ.
അല്ലേലൂയ!
സുവിശേഷം
മത്താ 18:12-14
ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി
സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനുവേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 10:11
നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി
തന്റെ ജീവനര്‍പ്പിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ N സ്‌നേഹാഗ്നിയാല്‍ തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment