🌹 🔥 🌹 🔥 🌹 🔥 🌹
07 Dec 2022
Saint Ambrose, Bishop, Doctor
on Wednesday of the 2nd week of Advent
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, മെത്രാനായ വിശുദ്ധ അംബ്രോസിനെ
കത്തോലിക്കാ വിശ്വാസത്തിന്റെ പ്രബോധകനും
അപ്പസ്‌തോലികസ്ഥൈര്യത്തിന്റെ മാതൃകയും ആക്കിത്തീര്‍ത്തല്ലോ.
അങ്ങേ ഹൃദയത്തിനനുസൃതമായി,
കൂടുതല്‍ ധൈര്യത്തോടും ജ്ഞാനത്തോടുംകൂടെ
അങ്ങേ സഭയെ നയിക്കുന്ന മനുഷ്യരെ സഭയില്‍ ഉയര്‍ത്തണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 40:25-31
ശക്തനായ ദൈവം തളര്‍ന്നവന് ബലം നല്‍കുന്നു.
ആരോടു നിങ്ങളെന്നെ ഉപമിക്കും,
ആരോടാണെനിക്കു സാദൃശ്യം
എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു.
നിങ്ങള്‍ കണ്ണുയര്‍ത്തി കാണുവിന്‍,
ആരാണിവയെല്ലാം സൃഷ്ടിച്ചത്?
പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ
എണ്ണമനുസരിച്ച് പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ.
അവിടുത്തെ ശക്തിയുടെ മഹത്വവും പ്രഭാവവും മൂലം
അവയില്‍ ഒന്നുപോലും നഷ്ടപ്പെടുന്നില്ല.
യാക്കോബേ, ഇസ്രായേലേ,
എന്റെ വഴികള്‍ കര്‍ത്താവില്‍ നിന്നു മറഞ്ഞിരിക്കുന്നു.
എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല
എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്?
നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ?
കര്‍ത്താവ് നിത്യനായ ദൈവവും
ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്.
അവിടുന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല;
അവിടുത്തെ മനസ്സ് അഗ്രാഹ്യമാണ്.
തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു;
ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം;
ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം.
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍
വീണ്ടും ശക്തി പ്രാപിക്കും;
അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.
അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല;
നടന്നാല്‍ തളരുകയുമില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 103:1-2,3-4,8-9
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
അവിടുത്തെ ദാസരുടെ കണ്ണുകൾ പ്രകാശിപ്പിക്കുവാൻ ഇതാ, നമ്മുടെ കർത്താവ് പ്രതാപത്തോടെ വരുന്നു.
അല്ലേലൂയ!
സുവിശേഷം
മത്താ 11:28-30
ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമത്രേ.
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹത്ത്വത്തിന്റെ വ്യാപ്തിക്കായി,
പരിശുദ്ധാത്മാവ് വിശുദ്ധ അംബ്രോസിനെ
വിശ്വാസവെളിച്ചത്താല്‍ നിരന്തരം ഉജ്ജ്വലിപ്പിച്ചുവല്ലോ.
അതേ വെളിച്ചത്താല്‍, പരിശുദ്ധാത്മാവ്
ഈ ദിവ്യരഹസ്യങ്ങള്‍ അനുഷ്ഠിക്കുന്ന ഞങ്ങളെയും നിറയ്ക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 1:2,3
കര്‍ത്താവിന്റെ നിയമം രാവും പകലും ധ്യാനിക്കുന്നവന്‍,
യഥാകാലം ഫലം പുറപ്പെടുവിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കൂദാശയുടെ ചൈതന്യത്താല്‍
ശക്തരാക്കപ്പെട്ട ഞങ്ങളെ
വിശുദ്ധ അംബ്രോസിന്റെ പ്രബോധനങ്ങളിലൂടെ
അഭിവൃദ്ധി പ്രാപിക്കാന്‍ ഇടയാക്കണമേ.
അങ്ങേ വഴികളിലൂടെ നിര്‍ഭയം തിടുക്കത്തില്‍ ചരിച്ച്,
നിത്യവിരുന്നിന്റെ സന്തോഷങ്ങള്‍ക്ക്
ഞങ്ങള്‍ സജ്ജരാക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment