🌹 🔥 🌹 🔥 🌹 🔥 🌹
*11 Dec 2022
3rd Sunday of Advent
Liturgical Colour: Rose
സമിതിപ്രാര്‍ത്ഥന
കര്‍ത്താവിന്റെ തിരുപ്പിറവിആഘോഷം
വിശ്വസ്തതയോടെ കാത്തിരിക്കുന്ന അങ്ങേ ജനത്തെ
കാണുന്ന ദൈവമേ,
ഇത്ര മഹത്തായ രക്ഷയുടെ സന്തോഷത്തില്‍ എത്തിച്ചേരാനും
അതിനെ സമുന്നതമായ ആരാധനയാലും
സവിശേഷമായ ആഹ്ളാദത്താലും എന്നും ആഘോഷിക്കാനും
ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 35:1-6,10
ദൈവം തന്നെ വന്ന് നിങ്ങളെ രക്ഷിക്കും.
വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും.
മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും.
കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും.
ലബനോന്റെ മഹത്വവും കാര്‍മെലിന്റെയും
ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും.
അവ കര്‍ത്താവിന്റെ മഹത്വം,
നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദര്‍ശിക്കും.
ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്തുകയും
ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിന്‍.
ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍;
ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍.
ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു;
ദൈവത്തിന്റെ പ്രതിഫലവുമായി വന്ന്
അവിടുന്ന് നിങ്ങളെ രക്ഷിക്കും.
അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും.
ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല.
അപ്പോള്‍ മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും.
മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനം ഉതിര്‍ക്കും.
വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും.
മരുഭൂമിയിലൂടെ നദികള്‍ ഒഴുകും.
കര്‍ത്താവിന്റെ വീണ്ടെടുക്കപ്പെട്ടവര്‍ തിരിച്ചുവരുകയും
ഗാനാലാപത്തോടെ സീയോനില്‍ പ്രവേശിക്കുകയും ചെയ്യും.
നിത്യമായ സന്തോഷത്തില്‍ അവര്‍ മുഴുകും.
അവര്‍ സന്തോഷിച്ചുല്ലസിക്കും.
ദുഃഖവും നെടുവീര്‍പ്പും അകന്നുപോകും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 146:7,8-9,9-10
കര്‍ത്താവേ, ഞങ്ങളെ സംരക്ഷിക്കാന്‍ വരിക.
or
അല്ലേലൂയ!
കര്‍ത്താവ് എന്നേക്കും വിശ്വസ്തനാണ്.
മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
കര്‍ത്താവേ, ഞങ്ങളെ സംരക്ഷിക്കാന്‍ വരിക.
or
അല്ലേലൂയ!
കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു;
അവിടുന്നു നീതിമാന്മാരെ സ്‌നേഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു
കര്‍ത്താവേ, ഞങ്ങളെ സംരക്ഷിക്കാന്‍ വരിക.
or
അല്ലേലൂയ!
വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;
എന്നാല്‍, ദുഷ്ടരുടെ വഴി
അവിടുന്നു നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു;
സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും;
കര്‍ത്താവേ, ഞങ്ങളെ സംരക്ഷിക്കാന്‍ വരിക.
or
അല്ലേലൂയ!
രണ്ടാം വായന
യാക്കോ 5:7-10
ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു.
സഹോദരരേ, കര്‍ത്താവിന്റെ ആഗമനം വരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍ നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതു പോലെ നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍; ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു. നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, എന്റെ സഹോദരരേ, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്‍ക്കുന്നു. സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
മത്താ 11:2-11
വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?
യോഹന്നാന്‍ കാരാഗൃഹത്തില്‍വച്ച് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവനോടു ചോദിച്ചു: വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍.
അവര്‍ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. എന്തു കാണാനാണു നിങ്ങള്‍ മരുഭൂമിയിലേക്കുപോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കില്‍ വേറെ എന്തു കാണാനാണു നിങ്ങള്‍ പോയത്? മൃദുല വസ്ത്രങ്ങള്‍ ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണുള്ളത്. അല്ലെങ്കില്‍, പിന്നെ എന്തിനാണു നിങ്ങള്‍ പോയത്? പ്രവാചകനെ കാണാനോ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ! നിനക്കുമുമ്പേ എന്റെ ദൂതനെ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ മുമ്പേ പോയി നിനക്കു വഴി ഒരുക്കും. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ സ്ഥാപിതമായവ
പൂര്‍ത്തിയാക്കപ്പെടുന്നതിനും
ഞങ്ങളില്‍ അങ്ങേ രക്ഷ പ്രബലമാംവിധം
നിവര്‍ത്തിക്കപ്പെടുന്നതിനും വേണ്ടി
ഞങ്ങളുടെ ആരാധനാബലി
നിര്‍വിഘ്‌നം അങ്ങേക്ക് അര്‍പ്പിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ഏശ 35:4
പറയുവിന്‍: ഭീരുക്കളേ, ധൈര്യം അവലംബിക്കുവിന്‍;
ഭയപ്പെടേണ്ടാ; ഇതാ നമ്മുടെ ദൈവം വരുന്നു;
അവിടന്നു നമ്മെ രക്ഷിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ അങ്ങേ കരുണയ്ക്കായി പ്രാര്‍ഥിക്കുന്നു;
തിന്മകളില്‍ നിന്നു മോചിതരായ ഞങ്ങളെ
ഈ ദിവ്യമായ പോഷണദ്രവ്യങ്ങള്‍
ആസന്നമാകുന്ന തിരുനാളിന് ഒരുക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment