മാലാഖമാരുടെ തിരി അഥവാ സ്നേഹത്തിന്റെ തിരി

ആഗമനകാല (Advent) ക്രമങ്ങളിലെ നാലാമത്തെ ആഴ്ചയിലെ തിരി ‘മാലാഖമാരുടെ തിരി’ എന്നാണു അറിയപ്പെടുന്നത്. ഇത് ‘സ്നേഹത്തിന്റെ തിരി’ എന്നും അറിയപ്പെടുന്നു.

സ്നേഹത്തിൽ നിന്നാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. നിത്യതയോളം അവിടുന്ന് അവനെ സ്നേഹിച്ചു എന്നതുകൊണ്ട് സകലമനുഷ്യരുടെയും രക്ഷ തീക്ഷ്ണമായി ആഗ്രഹിക്കുകയും അതിനുവേണ്ടി സ്വന്തം പുത്രനെ തന്നെ ഭൂമിയിലേക്കയക്കുകയും ചെയ്തു. ചിരിക്കാനറിയുന്ന ദൈവത്തെ, പുൽക്കൂട്ടിലെ ദിവ്യപൈതൽ കാണിച്ചു തരുന്നു. പാപികളായ മനുഷ്യരെ അനന്തമായി സ്നേഹിക്കുന്ന പിതാവിനെയും എല്ലാം നവീകരിക്കുന്ന പരിശുദ്ധാത്മാവിനെയും പരിചയപ്പെടുത്തിതന്നതും അതേ പുത്രൻ.

ഓ, ദിവ്യ ഉണ്ണിയെ ! ഒരു കാലിത്തൊഴുത്തിൽ പിറക്കുന്നതിന് നിന്നെ ഇറക്കിയത് മനുഷ്യമക്കളുടെ നേരെയുള്ള സ്നേഹമല്ലേ ? നിത്യപിതാവിന്റെ തിരുമടിയിൽ നിന്ന് ഒരു പുൽക്കൂട്ടിലേക്ക് നിന്നെ ഇറക്കിയതാര് ? നക്ഷത്രങ്ങളുടെ മുകളിൽ വാഴുന്ന നിന്നെ വൈക്കോലിന്മേൽ കിടത്തിയതാര് ? കോടാനുകോടി മാലാഖമാരുടെ ഇടയിൽ ഇരുന്നുവണങ്ങപ്പെടുന്നവനെ രണ്ടു മൃഗങ്ങളുടെയിടയിൽ കിടത്തിയതാര് ? സ്രാപ്പേൻ മാലാഖമാരെ നിന്നോടുള്ള സ്നേഹത്താൽ എരിയുന്ന തീ പോലെ ജ്വലിപ്പിക്കുന്ന നീ ഇപ്പോൾ കുളിരാൽ വിറക്കുന്നതെങ്ങനെ ? ആകാശത്തെയും ആകാശഗോളങ്ങളെയും നടുക്കുന്ന നീ മറ്റൊരാളുടെ കയ്യാൽ സഹായിക്കപ്പെട്ടാലല്ലാതെ ഒന്നിനും മേലാത്ത സ്ഥിതിയിൽ ആയതെങ്ങനെ? സകല മനുഷ്യർക്കും ജീവികൾക്കും കൈതുറന്നു കൊടുത്തു പരിപാലിക്കുന്ന നിന്റെ ആയുസ്സിനെ കാക്കുന്നതിനു കുറെ പാൽ ആവശ്യമായി വന്നതെങ്ങനെ? സ്വർഗ്ഗത്തിന്റെ സന്തോഷമായ നീ ഇപ്പോൾ ദുഖിച്ചു വിമ്മിക്കരയുന്നതെങ്ങനെ? ഓ, എന്റെ രക്ഷിതാവേ ! ഈ നിർഭാഗ്യങ്ങളെല്ലാം നിന്റെ മേൽ ആർ വരുത്തി ? സ്നേഹമല്ലേ ഇതിനു കാരണം ? മനുഷ്യരോടുള്ള നിന്റെ സ്നേഹം എണ്ണമില്ലാത്ത വ്യാകുലങ്ങൾ നിന്റെമേൽ വരുത്തി !!

കൃപ നിറഞ്ഞ മറിയം, തൻറെ ഉദരത്തിൽ ഈശോയെ ഗർഭം ധരിക്കുന്നതിനു മുൻപേ തന്നെ അവളുടെ ഹൃദയത്തിൽ അവനെ ഗർഭം ധരിച്ചെന്നാണ് സെന്റ് അഗസ്റ്റിൻ പറഞ്ഞത്. നമ്മൾക്കും ആഗമനകാലത്തിന്റെ ഈ അവസാനഘട്ടത്തിൽ കുമ്പസാരിച്ചും പരിഹാരം ചെയ്തും പ്രാർത്ഥിച്ചും സർവ്വോപരി അവനെ സ്നേഹിച്ചും ഹൃദയമൊരുക്കാം.സമയമാകുമ്പോൾ അവൻ എഴുന്നെള്ളാനായി… ഓരോ ദിവ്യകാരുണ്യസ്വീകരണത്തിന് മുൻപും, അവനെ കിടത്താനായി പുൽക്കൂട് സജ്ജമാക്കിയ മറിയത്തോടും യൗസേപ്പിതാവിനോടും നമുക്കപേക്ഷിക്കാം..അവനു കടന്നുവരാനും വാഴാനും തക്കവിധം നമ്മുടെ ഹൃദയം സജ്ജമാക്കാൻ. ആദ്യം ഒരുക്കം .. പിന്നെ ആഗമനം.

സ്നേഹത്തിൽ വേര് പാകി അടിയുറക്കുമ്പോൾ നമ്മൾ ഈശോയുടെയും അവിടുത്തെ പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും പരിമളമായി ഭവിക്കും. മാലാഖമാർ അവന്റെ സ്നേഹത്തിന്റെ സന്ദേശവാഹകരായ പോലെ നമ്മളും ഈ ലോകത്തിൽ ഓരോരോ സ്നേഹത്തിരിയാവും…അവനായി ജ്വലിക്കാൻ.

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment