🌹 🔥 🌹 🔥 🌹 🔥 🌹
21 Dec 2022
Optional commemoration of Saint Peter Canisius, Priest, Doctor
Liturgical Colour: Violet.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ അപേക്ഷിക്കുന്നു:
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ സദയം കേള്‍ക്കണമേ.
ഞങ്ങളുടെ മാംസം ധരിച്ച
അങ്ങേ ഏകജാതന്റെ വരവില്‍ ആഹ്ളാദിക്കുന്നവര്‍,
അവിടന്ന് തന്റെ പ്രതാപത്തില്‍ വരുമ്പോള്‍
നിത്യജീവന്റെ സമ്മാനം നേടാന്‍ ഇടയാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഉത്ത 2:8-14
മലമുകളിലൂടെ കുതിച്ചുചാടി എന്റെ പ്രിയന്‍ വരുന്നു.
അതാ, എന്റെ പ്രിയന്റെ സ്വരം!
അതാ, മലമുകളിലൂടെ കുതിച്ചുചാടിയും
കുന്നുകളില്‍ തുള്ളിച്ചാടിയും അവന്‍ വരുന്നു.
എന്റെ പ്രിയന്‍ ചെറുമാനിനെ പോലെയോ
കലമാന്‍കുട്ടിയെ പോലെയോ ആണ്.
കിളിവാതിലിലൂടെ നോക്കിക്കൊണ്ട്,
അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്,
അതാ, അവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.
എന്റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.
എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക;
ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു.
മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി;
ഗാനാലാപത്തിന്റെ സമയമായി;
അരിപ്രാവുകള്‍ കുറുകുന്നത് നമ്മുടെ നാട്ടില്‍ കേട്ടു തുടങ്ങി.
അത്തിമരം കായ്ച്ചുതുടങ്ങി.
മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്നു.
എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക;
ഇറങ്ങി വരിക.
എന്റെ മാടപ്പിറാവേ, പാറയിടുക്കുകളിലും
ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന
നിന്റെ മുഖം ഞാനൊന്നു കാണട്ടെ.
ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ.
നിന്റെ സ്വരം മധുരമാണ്;
നിന്റെ മുഖം മനോഹരമാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 33:2-3, 11-12, 20-21
നീതിമാന്മാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍, കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍.
കിന്നരംകൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,
പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍;
ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍.
നീതിമാന്മാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍, കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍.
കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്;
അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.
കര്‍ത്താവു ദൈവമായുള്ള ജനവും
അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത
ജനതയും ഭാഗ്യമുള്ളവരാണ്.
നീതിമാന്മാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍, കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍.
നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു.
എന്തെന്നാല്‍, നമ്മള്‍ അവിടുത്തെ
വിശുദ്ധനാമത്തില്‍ ആശ്രയിക്കുന്നു.
നീതിമാന്മാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍, കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
അത്യുന്നതന്റെ ജ്ഞാനമേ, ശക്തനും ആർദ്രനുമായ സർവ്വലോക നിയന്താവേ, ഞങ്ങളെ വിവേകത്തിന്റെ വഴി പഠിപ്പിക്കാൻ വരിക.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 1:39-45
എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?
ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി
അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങേ ശക്തിയാല്‍ ഞങ്ങളുടെ രക്ഷയുടെ
രഹസ്യമായി അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങേ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:45
കര്‍ത്താവ് നിന്നോട് അരുള്‍ചെയ്തവ,
നിറവേറുമെന്നു വിശ്വസിച്ച നീ അനുഗൃഹീതയാകുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ദിവ്യരഹസ്യത്തിലുള്ള പങ്കുചേരല്‍
അങ്ങേ ജനത്തിന് നിരന്തര സംരക്ഷണമാകട്ടെ.
അങ്ങേ പ്രഭാവത്തിന് വിധേയമായ സമ്പൂര്‍ണഭക്തി വഴി
ആത്മശരീരങ്ങളുടെ സമൃദ്ധമായ രക്ഷ
അവര്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment