4th Friday of Advent / Saint John of Kęty

🌹 🔥 🌹 🔥 🌹 🔥 🌹

23 Dec 2022

Optional Commemoration of Saint John of Kęty, Priest

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
മാംസം ധരിച്ചുകൊണ്ടുള്ള അങ്ങേ പുത്രന്റെ ജനനം
ആസന്നമായിരിക്കുന്നു എന്നറിയുന്ന ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:
കന്യകമറിയത്തില്‍നിന്ന് മാംസം ധരിക്കാനും
ഞങ്ങളുടെ ഇടയില്‍ വസിക്കാനും തിരുവുള്ളമായ
ഞങ്ങളുടെ കര്‍ത്താവ്, യേശുക്രിസ്തുവാകുന്ന വചനം,
അങ്ങേ അയോഗ്യദാസരായ ഞങ്ങളില്‍
കാരുണ്യം ചൊരിയുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

മലാ 3:1-4,23-24
കര്‍ത്താവിന്റെ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും.

കര്‍ത്താവായ ദൈവം അരുളിചെയ്യുന്നു: ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്റെ കാരം പോലെയുമാണ് അവിടുന്ന്. വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും. ലേവിപുത്രന്മാര്‍ യുക്തമായ ബലികള്‍ കര്‍ത്താവിന് അര്‍പ്പിക്കുന്നതിനു വേണ്ടി അവിടുന്ന് അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും. അപ്പോള്‍ യൂദായുടെയും ജറുസലെമിന്റെയും ബലി പഴയകാലത്തെന്ന പോലെ കര്‍ത്താവിന് പ്രീതികരമാകും.
കര്‍ത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്നു ദേശത്തെ ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 25:4-5ab,8-9,10,14

ശിരസ്സുയര്‍ത്തുക, നിന്റെ വിമോചനം സമീപിച്ചിരിക്കുന്നു.

കര്‍ത്താവേ, അങ്ങേ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ!
അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

ശിരസ്സുയര്‍ത്തുക, നിന്റെ വിമോചനം സമീപിച്ചിരിക്കുന്നു.

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

ശിരസ്സുയര്‍ത്തുക, നിന്റെ വിമോചനം സമീപിച്ചിരിക്കുന്നു.

കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക്
അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്.
കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്,
അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും.

ശിരസ്സുയര്‍ത്തുക, നിന്റെ വിമോചനം സമീപിച്ചിരിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ജനങ്ങളുടെ രാജാവും സഭയുടെ മൂലക്കല്ലുമായ കർത്താവേ, മണ്ണുകൊണ്ട് അങ്ങ് ചമച്ച മനുഷ്യനെ രക്ഷിക്കാൻ വരിക.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 1:57-66
സ്നാപക യോഹന്നാന്റെ ജനനം.

എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു. കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം. അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ. ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു. അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു. തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി; യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യാരാധനയ്ക്ക്
അതിന്റെ പൂര്‍ണതയില്‍ ആരംഭംകുറിച്ച ഈ കാഴ്ചദ്രവ്യം
അങ്ങുമായുള്ള ഞങ്ങളുടെ സമ്പൂര്‍ണ അനുരഞ്ജനമായി തീരട്ടെ.
അങ്ങനെ, ശുദ്ധീകരിക്കപ്പെട്ട മനസ്സോടെ
ഞങ്ങളുടെ രക്ഷകന്റെ ആഗമനം ആഘോഷിക്കാന്‍
ഞങ്ങള്‍ക്ക് ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

വെളി 3:20

ഇതാ ഞാന്‍ വാതില്ക്കല്‍നിന്ന് മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരംകേട്ട് വാതില്‍ തുറന്നു തന്നാല്‍
ഞാന്‍ അവന്റെ അടുത്തേക്കു വരും.
ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും വിരുന്നിനിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്താല്‍
അങ്ങ് സമ്പുഷ്ടരാക്കിയ ഞങ്ങള്‍ക്ക്
അങ്ങേ സമാധാനം ദയാപൂര്‍വം നല്കണമേ.
അങ്ങനെ അങ്ങേ വത്സലസുതന്‍ ആഗതനാകുമ്പോള്‍,
കത്തിച്ച വിളക്കുകളുമായി അവിടത്തെ എതിരേല്ക്കാന്‍
ഞങ്ങള്‍ അര്‍ഹരാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment