പുൽക്കൂട്: ഒരു പാഠശാല

പുൽക്കൂട് : ഒരു പാഠശാല

മനുഷ്യാവതാര രഹസ്യത്തെ ധ്യാനിക്കുമ്പോൾ ശൂന്യവൽക്കരണത്തിന്റെ, സഹനതീവ്രതയുടെ സ്നേഹപാരമ്യത്തിന്റെ ചില ദൃശ്യങ്ങൾ, ഓർമകൾ..നമ്മെ സ്തബ്ദരാക്കും

ഞാൻ ആലോചിക്കാറുണ്ട് , പുൽക്കൂട്ടിൽ കൈകാലുകളിളക്കി കളിക്കുന്ന നിരാലംബനായ , ഓമനത്തം നിറഞ്ഞ , പ്രകാശം പരത്തുന്ന ആ തിരുസുതനെ നിർന്നിമേഷരായി നോക്കിനിന്നത് ..കണ്ണ് നിറഞ്ഞു കൈ കൂപ്പിയത് .. ലാളിക്കാൻ ആഗ്രഹിച്ചത് പരിശുദ്ധ അമ്മയും യൗസേപ്പ് പിതാവും മാത്രം ആണോ ? സ്വർഗീയ പിതാവ് കൂടെയല്ലേ ? തൻറെ ഇഷ്ടം മനസ്സിലാക്കി സന്തോഷത്തോടെ മനുഷ്യമക്കളെ വീണ്ടെടുക്കാൻ സഹനഭൂമിയിൽ വന്നു പിറന്ന മകനെ നോക്കി ആ പിതാവ് അഭിമാനത്തോടെ .. വാത്സല്യത്തോടെ .. സ്നേഹത്തോടെ .. അതിലുപരി നന്ദിയോടെ കണ്ണ് നിറഞ്ഞു നോക്കി നിന്നിരിക്കണം. തൻറെ മകന് വന്നു പിറക്കാൻ ഏറ്റവും നല്ല സാഹചര്യങ്ങൾ ഒരുക്കാമായിരുന്നിട്ടും ഒരു കാലിത്തൊഴുത്തു തിരഞ്ഞെടുത്ത പിതാവ് ..

ദരിദ്രരായ അവന്റെ വളർത്തുപിതാവും അമ്മയും അവനെ പൊതിഞ്ഞ വസ്ത്രങ്ങൾ കുളിരാൽ വിറയ്ക്കുന്ന ഉണ്ണിയെ വേണ്ടും വിധം മൂടാൻ പര്യാപ്തമായിരുന്നില്ല … എങ്കിലും അത്ര മാത്രം ആനന്ദവും സമാധാനവും കളിയാടിയ ഒരു സമയം ഭൂമിയിൽ അതിനു മുമ്പ് ഉണ്ടായിട്ടുണ്ടാവില്ല …ദൈവം മനുഷ്യരോട് കൂടെ വസിക്കാൻ മനുഷ്യനായി പിറന്ന സമയം.. ഇമ്മാനുവേൽ! മാലാഖമാർ ആനന്ദത്തോടെ ചുറ്റും നിരന്നു പാടിയ സ്വർഗ്ഗീയ നിമിഷങ്ങൾ .. സ്വർഗ്ഗീയ പിതാവിനു വെറും ഏഴകളായ ഈ മനുഷ്യരോടുള്ള അദമ്യമായ സ്നേഹം, സ്വർഗ്ഗത്തിൽ കുറേക്കാലത്തേക്കു പുത്രന്റെ സാന്നിധ്യത്തെ നഷ്ടപ്പെടുത്തി…സ്വർഗ്ഗത്തിൽ ഒന്നായിരുന്ന ത്രിത്വം ഭൂമിയിലേക്കിറങ്ങി വന്നു .. മനുഷ്യരുടെ പുണ്യമായി..

ലാളിത്യത്തിന്റെ മൂല്യം തിരിച്ചറിയാത്ത നമ്മളെ അതിനെ വിലമതിക്കാൻ പഠിപ്പിക്കാൻ വേണ്ടി, ദൈവപുത്രൻ താഴെ ഭൂമിയിലേക്ക് വന്നപ്പോൾ ദാരിദ്യത്തെ വേർപിരിയാത്ത ഒരു ചങ്ങാതിയായി തിരഞ്ഞെടുത്തു .’ സമ്പന്നനായിട്ടും നമ്മെപ്രതി ദരിദ്രനായി – തൻറെ ദാരിദ്ര്യത്താൽ നമ്മൾ സമ്പന്നരാകാൻ വേണ്ടിത്തന്നെ ‘ ( 2 കോറി . 8:9)

സർവ്വശക്തപ്രതാപിയായ ദൈവം ഒന്നിനും തനിച്ചു കഴിയാത്ത കൊച്ചു ശിശുവായി.

പരിശുദ്ധ അമ്മ … ത്രിത്വത്തിന്റെ സജീവസാന്നിധ്യമായിരുന്നവൾ . വിശുദ്ധ അന്തോണീസ് പറയുന്നു “ദൈവം പരിശുദ്ധ മറിയത്തിന്റെ മനുഷ്യനായിത്തീരാൻ , ഭൂമിയിലേക്ക് ഇറങ്ങിവരാൻ ഉപയോഗിച്ച ഗോവണിയാണ് മറിയത്തിന്റെ വിനയം”. എളിമ അനുസരണത്തിനു അനിവാര്യം എന്ന് കാണിച്ചു തന്നവൾ .. ജോസഫിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാതെ അനുസരിച്ചവൾ. ‘ഒരു സൃഷ്ടിയും മറിയത്തോളം ഉയർത്തപ്പെട്ടിട്ടില്ല . എന്തെന്നാൽ ഈ ലോകത്തു ഒരു സൃഷ്ടിയും ഇത്രയ്ക്കു എളിമപ്പെട്ടിട്ടില്ല’ വിശുദ്ധ യൗസേപ്പ് തന്നെ സംശയിച്ചു ഉപേക്ഷിച്ചേക്കുമെന്ന സാഹചര്യത്തിൽ പോലും തൻറെ പുണ്യം വെളിപ്പെടുത്തി രക്ഷപ്പെടാന്‍ എളിമ അവളെ അനുവദിച്ചില്ല. നമ്മുടെ ഭാഗത്താണ് ന്യായം എന്ന് കാണിക്കാൻ ഏതറ്റം വരെയും പോകുന്ന നമ്മൾ മനുഷ്യർ ദൈവത്തിലുള്ള പരിപൂർണ്ണമായ ആശ്രയം അമ്മയെനോക്കി പഠിക്കണം. കന്യകയായിരിക്കേണ്ട അവസരത്തിൽ ഗർഭം ധരിച്ചാൽ അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങളോ , വളരെ മോശം സ്ത്രീയായി സംശയിക്കപ്പെടുമ്പോൾ ഉണ്ടായ മാനസിക വിഷമമോ , ഗർഭവതിയായിരിക്കെ യൂദയായിലെ മലമ്പ്രദേശത്തേക്കു യാത്രയും ശുശ്രൂഷകളും , പൂർണഗർഭിണി ആയിരിക്കെ ബേദലഹേമിലേക്കു കഴുതപ്പുറത്തുള്ള യാത്രയും പ്രസവസമയമെടുത്തിട്ടും ഒന്ന് തല ചായ്ക്കാൻ സ്ഥലം കിട്ടാത്ത അവസ്ഥയും ഒന്നും അവൾക്ക് ദൈവഹിതം നിറവേറ്റാൻ തടസ്സമായില്ല.

ആത്മീയകൃപകളെ, അനുഗ്രഹങ്ങളെ, കുരിശും അദ്ധ്വാനവും മാറ്റിക്കളയാനുള്ള വഴിയായി നമ്മൾ പല മനുഷ്യരും കാണുമ്പോൾ, ഇത്രയേറെ ദൈവകൃപയുള്ള പരിശുദ്ധ അമ്മയും യൗസേപ്പ് പിതാവും സാധാരണ മനുഷ്യരെപ്പോലെ അഭയം അന്വേഷിച്ചു നടന്നു.തങ്ങൾക്കു നല്ലൊരു സ്ഥലമൊരുക്കേണ്ടത് ദൈവത്തിന്റെ ഉത്തരവാദിത്വം ആയി അവർ കരുതിയില്ല . കിട്ടിയതുകൊണ്ട് സംതൃപ്തരായി.

ദൈവമനുഷ്യന്റെ സ്‌നേഹഗീതയിൽ യേശുവിന്റെ ജനനത്തെ കുറിച്ചു വായിക്കുമ്പോൾ യൗസേപ്പ് പിതാവിന്റെ ത്യാഗങ്ങളും മനോഭാവവും പലപ്പോഴും കണ്ണ് നനയിച്ചിരുന്നു. ദരിദ്രനായ തൻറെ അവസ്ഥ ദൈവമാതാവിനും ഈശോക്കും വരുത്തുന്ന കഷ്ടാവസ്ഥകൾ സ്വർഗ്ഗം നീതിമാനെന്നു സർട്ടിഫിക്കറ്റ് കൊടുത്ത ആ നല്ല പിതാവിനെ ഏറെ വിഷമിപ്പിച്ചിരുന്നു . ബേദ്ലഹേമിലേക്കുള്ള യാത്രാക്ലേശങ്ങൾ മറിയത്തിനു വരുത്താവുന്ന ബുദ്ധിമുട്ടു ഓർത്തു ജോസഫ്

വേവലാതിപ്പെട്ടു. അവൾക്കു നല്ലൊരു താമസസ്ഥലം ഒരുക്കാൻ തനിക്ക് കഴിയാത്തതിൽ സങ്കടപ്പെട്ടു . കാലിത്തൊഴുത്തു കഴിവിനപ്പുറം വൃത്തിയായി ഒരുക്കി, എല്ലുതുളച്ചു കയറുന്ന തണുപ്പ് വകവെക്കാതെ താൻ പുതച്ചിരുന്ന മേൽവസ്ത്രങ്ങൾ എല്ലാം മറിയത്തിനും ഉണ്ണിക്കുമായി ചൂടിനായി ഊരിക്കൊടുത്തു , തണുത്ത കാറ്റ് ഗുഹയുടെ ഉള്ളിലേക്കടിക്കാതിരിക്കാൻ വാതിൽക്കൽ ഇരിപ്പുറപ്പിക്കുന്ന യൗസേപ്പ് പിതാവിന്റെ കാഴ്ച ആരുടേയും കരളലിയിക്കും.

വിശുദ്ധലിഖിതങ്ങൾ ചിലതു വാച്യാർത്ഥത്തിൽ എടുക്കുന്നത് തെറ്റായ അനുമാനങ്ങളിലേക്കു ചിലരെ നയിക്കാറുണ്ട്. മറിയം തൻറെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു എന്നത് കണ്ട് നെറ്റി ചുളിക്കുന്നവരുണ്ട് . അവൾക്കു മറ്റു പുത്രന്മാർ പിന്നീട് ഉണ്ടായിട്ടല്ല ആത്മീയ സന്താനങ്ങളായ നമ്മൾ മനുഷ്യരെ ഉദ്ദേശിച്ചാണ് അതെന്നു ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ പറയുന്നു . മാത്രമല്ല പുറപ്പാട് സംഭവത്തിലും പഴയ നിയമത്തിലും കടിഞ്ഞൂൽ പുത്രനുള്ള പ്രാധാന്യവും പരിഗണിച്ചായിരിക്കാം ആ പ്രയോഗം. മറ്റൊന്ന് പുത്രനെ പ്രസവിക്കുന്നത് വരെ അവളെ അവൻ അറിഞ്ഞില്ല എന്ന് പറയുന്നതാണ്. ദൈവമാതാവായ പരിശുദ്ധ അമ്മ ഉത്പത്തിയിലെ വാഗ്‌ദാനത്തിൽ പറഞ്ഞിട്ടുള്ള സ്ത്രീയാണെന്നും അവളുടെ മഹോന്നതമായ പദവിയെക്കുറിച്ചുമെല്ലാം അറിവുണ്ടായത് ആ പ്രസവത്തിനു ശേഷമാണെന്നും ആകാമല്ലോ അതിന്റെ അർഥം. ഒരു വിശുദ്ധനും മനസ്സിലാക്കാൻ കഴിയാത്തത്ര ആഴം ദൈവവചനങ്ങൾക്കുണ്ടായിരിക്കാം. പക്ഷെ ഒരിക്കലും മ്ലേഛമായ അർഥം അതിനിടയിൽ ഒളിപ്പിച്ചു വെക്കില്ലെന്നു വ്യക്തികൾക്ക് കൊടുത്ത ചില വെളിവാക്കലുകളിൽ കൂടെ ഈശോ പറയുന്നു.

തനിക്കു വേണ്ടി ഒന്നും പിടിച്ചുവെക്കാതെ സ്നേഹത്തിന്റെ പുതിയ സുവിശേഷവുമായി ഈശോ വന്നു പിറന്നത്‌ പാപികളെ വീണ്ടെടുക്കാനാണ്. നമ്മുടെ ബലഹീനതകൾ എല്ലാം അറിയുന്ന ഈശോ നമ്മുടെ ക്ഷണത്തിനായി കാത്തുനിൽക്കുന്നു. കുറ്റപ്പെടുത്താതെ നമ്മിലേക്ക്‌ എഴുന്നെള്ളി വരുന്ന ആ ദൈവകുമാരനായി പാവനഹൃദയമാകുന്ന പൊന്നും പ്രാർത്ഥന ജീവിതമാകുന്ന കുന്തിരിക്കവും ആത്മസമർപ്പണമാകുന്ന മീറയും നമുക്കൊരുക്കി വെക്കാം .. നമുക്കുവേണ്ടിയാണ്, നമ്മുടെ രക്ഷക്ക് വേണ്ടിയാണ് ത്രിത്വവും തിരുക്കുടുംബവും ഇത്രയും ത്യാഗങ്ങൾ ഏറ്റെടുത്തത് . നന്ദിയുള്ളവരായി ഒരുക്കിയ ഹൃദയവുമായി ഈശോയെ നമുക്ക് വരവേൽക്കാം . രാജരാജനായി അവൻ വന്നു പിറക്കട്ടെ . ഹൃദയമാകുന്ന കാലിത്തൊഴുത്തുകൾ പ്രകാശമാനമാവട്ടെ…

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment