Christmas Day – Mass at Dawn 

🌹 🔥 🌹 🔥 🌹 🔥 🌹

25 Dec 2022

Christmas Day – Mass at Dawn 
(see also Vigil Mass, Midnight Mass and Mass during the Day)

Liturgical Colour: White.

Readings for the Dawn Mass, celebrated at dawn on Christmas Day:

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
മനുഷ്യാവതാരം ചെയ്ത അങ്ങേ വചനത്തിന്റെ
നവ്യപ്രഭയില്‍ ഞങ്ങള്‍ നിറയുമ്പോള്‍,
വിശ്വാസത്തിലൂടെ മനസ്സില്‍ പ്രകാശിപ്പിക്കുന്നത്
ഞങ്ങളുടെ പ്രവൃത്തികളിലും പ്രതിഫലിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 62:11-12b
ഇതാ, നിന്റെ രക്ഷ വരുന്നു.

ഭൂമിയുടെ അതിര്‍ത്തികള്‍വരെ കര്‍ത്താവ് പ്രഘോഷിക്കുന്നു:
സീയോന്‍ പുത്രിയോടു പറയുക, ഇതാ, നിന്റെ രക്ഷ വരുന്നു.
ഇതാ, അവിടുത്തെ പ്രതിഫലം അവിടുത്തോടുകൂടെ;
സമ്മാനം അവിടുത്തെ മുന്‍പിലും.

കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട വിശുദ്ധജനമെന്ന് അവര്‍ വിളിക്കപ്പെടും.
അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്തനഗരം, എന്നു നീ വിളിക്കപ്പെടും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 97:1,6,11-12

നമ്മുടെമേല്‍ ഇന്നു പ്രഭാപൂരം വീശും. നമുക്കു കര്‍ത്താവ് ജനിച്ചിരിക്കുന്നു.

കര്‍ത്താവു വാഴുന്നു; ഭൂമി സന്തോഷിക്കട്ടെ!
ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു;
എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.

നമ്മുടെമേല്‍ ഇന്നു പ്രഭാപൂരം വീശും. നമുക്കു കര്‍ത്താവ് ജനിച്ചിരിക്കുന്നു.

നീതിമാന്മാരുടെമേല്‍ പ്രകാശം ഉദിച്ചിരിക്കുന്നു;
പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍,
അവിടുത്തെ വിശുദ്ധനാമത്തിന് കൃതജ്ഞതയര്‍പ്പിക്കുവിന്‍.

നമ്മുടെമേല്‍ ഇന്നു പ്രഭാപൂരം വീശും. നമുക്കു കര്‍ത്താവ് ജനിച്ചിരിക്കുന്നു.

രണ്ടാം വായന

തീത്തോ 3:4-7
അവിടുത്തെ കാരുണ്യംമൂലം നമുക്കു രക്ഷ നല്‍കി.

നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്മയും സ്‌നേഹം നിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്ഷ നല്‍കി; അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രേ. ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിച്ചത്. അവിടുത്തെ കൃപാവരത്താല്‍ നാം നീതികരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

ലൂക്ക. 2/14,

അല്ലേലൂയ! അല്ലേലൂയ!

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവ കൃപ ലഭിച്ചവർക്കു സമാധാനം!

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 2:15-20
ആട്ടിടയന്മാര്‍ മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.

ദൂതന്മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്മാര്‍ പരസ്പരം പറഞ്ഞു: നമുക്ക് ബേത്‌ലെഹെം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു. അതു കേട്ടവരെല്ലാം ഇടയന്മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്ത സകല കാര്യങ്ങളെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്മാര്‍ തിരിച്ചുപോയി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിനത്തിലെ പിറവിയുടെ രഹസ്യങ്ങളാല്‍
ഞങ്ങളുടെ കാഴ്ചവസ്തുക്കള്‍ യോഗ്യമാക്കിത്തീര്‍ക്കണമേ.
മനുഷ്യനായി ജനിച്ച അവിടന്ന് ദൈവമായും പ്രശോഭിച്ചപോലെ,
ഈ ഭൗമികവസ്തുക്കള്‍ ദൈവികമായവ
ഞങ്ങള്‍ക്കു പ്രദാനംചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സഖ 9:9

സിയോന്‍പുത്രീ, ആനന്ദിച്ചാലും.
ജറുസലേംപുത്രീ, ആര്‍പ്പുവിളിച്ചാലും.
ഇതാ, പരിശുദ്ധനും ലോകത്തിന്റെ രക്ഷകനുമായ
നിന്റെ രാജാവ് വരുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രന്റെ ജനനം
ആനന്ദഭക്തിയോടെ ആചരിക്കുന്ന ഞങ്ങള്‍ക്ക്
ഈ രഹസ്യത്തിന്റെ നിഗൂഢത വിശ്വാസത്താല്‍ ഗ്രഹിക്കുന്നതിനും
പൂര്‍ണമായവ കൂടുതല്‍ സ്‌നേഹത്തിന്റെ തീക്ഷ്ണതയോടെ
വിലമതിക്കുന്നതിനും ഇടവരുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment