Saint John, Apostle, Evangelist – Feast 

🌹 🔥 🌹 🔥 🌹 🔥 🌹

27 Dec 2022

Saint John, Apostle, Evangelist – Feast 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അപ്പോസ്തലനായ വിശുദ്ധ യോഹന്നാന്‍ വഴി
അങ്ങേ വചനത്തിന്റെ നിഗൂഢരഹസ്യങ്ങള്‍
അങ്ങ് ഞങ്ങള്‍ക്ക് വെളിപ്പെടുത്തിയല്ലോ.
ഈ വിശുദ്ധന്‍ ഞങ്ങളുടെ കാതുകളിലേക്ക്
അദ്ഭുതകരമായി പകര്‍ന്നുതന്നത്,
അനുയുക്തമായ ബുദ്ധിശക്തിയാല്‍ ഗ്രഹിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 1:1-4
ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു.

ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും
സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും
കൈകൊണ്ടു സ്പര്‍ശിച്ചതുമായ
ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു.
ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു;
അതിനു സാക്ഷ്യം നല്‍കുകയുംചെയ്യുന്നു.
പിതാവിനോടുകൂടെ ആയിരുന്നതും
ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍
ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു.
ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതു
നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു.
ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ്
ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്.
ഞങ്ങളുടെ കൂട്ടായ്മയാകട്ടെ,
പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്.
ഞങ്ങള്‍ ഇതെഴുതുന്നത് ഞങ്ങളുടെ സന്തോഷം പൂര്‍ണമാകാനാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 97:1-2,5-6,11-12

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ!
ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്;
നീതിയും ന്യായവും
അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

കര്‍ത്താവിന്റെ മുന്‍പില്‍,
ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍,
പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു;
എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

നീതിമാന്മാരുടെമേല്‍ പ്രകാശം ഉദിച്ചിരിക്കുന്നു;
പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍,
അവിടുത്തെ വിശുദ്ധനാമത്തിന് കൃതജ്ഞതയര്‍പ്പിക്കുവിന്‍.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം

cf Te Deum

അല്ലേലൂയ! അല്ലേലൂയ!
നമുക്ക് ദൈവത്തെ സ്തുതിക്കാം; നമുക്ക് അവിടുത്തെ പാടിപ്പുകഴ്ത്താം. കർത്താവേ, അനുഗ്രഹീതരായ അപ്പോസ്തലൻമാരുടെ ഗണം അങ്ങയെ സ്തുതിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

യോഹ 20:2-8
മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ മഗ്ദലേനമറിയം ഓടി ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി. കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു. അപ്പോള്‍ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങള്‍ പവിത്രീകരിക്കുകയും
സനാതന വചനത്തിന്റെ രഹസ്യങ്ങള്‍
ഈ അത്താഴ വിരുന്നില്‍ നിന്നു ഗ്രഹിക്കാന്‍
ഇടയാക്കുകയും ചെയ്യണമേ.
ഇതേ ഉറവിടത്തില്‍ നിന്നാണല്ലോ
അങ്ങേ അപ്പോസ്തലനായ വിശുദ്ധ യോഹന്നാന്
ഈ രഹസ്യങ്ങള്‍ അങ്ങു വെളിപ്പെടുത്തിയത്.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 1:14,16

വചനം മാംസമായി, നമ്മുടെയിടയില്‍ വസിച്ചു.
അവന്റെ പൂര്‍ണതയില്‍നിന്ന് നാമെല്ലാം സ്വീകരിച്ചിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അപ്പോസ്തലനായ വിശുദ്ധ യോഹന്നാന്‍ പ്രസംഗിച്ചതും
ഈ രഹസ്യംവഴി ഞങ്ങള്‍ ആഘോഷിച്ചതുമായ
മാംസം ധരിച്ച വചനം
എന്നും ഞങ്ങളില്‍ വസിക്കാന്‍ അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment