🌹 🔥 🌹 🔥 🌹 🔥 🌹
02 Jan 2023
Saints Basil the Great and Gregory Nazianzen, Bishops, Doctors
on 2 January
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, മെത്രാന്മാരായ വിശുദ്ധ ബെയ്‌സിലിന്റെയും വിശുദ്ധ ഗ്രിഗരിയുടെയും
ജീവിതമാതൃകയാലും പ്രബോധനങ്ങളാലും
അങ്ങേ സഭയെ പ്രബുദ്ധമാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
അങ്ങേ സത്യം വിനയപൂര്‍വം പഠിക്കാനും
അത് പരസ്‌നേഹത്തില്‍ വിശ്വസ്തതയോടെ പ്രാവര്‍ത്തികമാക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 യോഹ 2:22-28
ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ.
യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍?
പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു.
പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല.
പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും.
ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ.
അതു നിങ്ങളില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്‍ക്കും.
അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം ഇതാണ് – നിത്യജീവന്‍.
നിങ്ങളെ വഴിതെറ്റിക്കുന്നവര്‍ നിമിത്തമാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്.
ക്രിസ്തുവില്‍ നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു.
അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല.
അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയും കുറിച്ചു നിങ്ങളെ പഠിപ്പിക്കും.
അതു സത്യമാണ്, വ്യാജമല്ല.
അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍.
കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മധൈര്യം ഉണ്ടായിരിക്കാനും
അവന്റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനും വേണ്ടി അവനില്‍ വസിക്കുവിന്‍.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 98:1bcde,2-3ab,3cd-4
ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധ ഭുജവും വിജയം നേടിയിരിക്കുന്നു.
ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.
ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. തന്നെ സ്വീകരിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നൽകി.
അല്ലേലൂയ!
സുവിശേഷം
യോഹ 1:19-28
എന്റെ പിന്നാലെ വരുന്നവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല.
നീ ആരാണ് എന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അയച്ചപ്പോള്‍ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: ഞാന്‍ ക്രിസ്തുവല്ല, അവന്‍ അസന്ദിഗ്ദമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: എങ്കില്‍, നീ പ്രവാചകനാണോ? അല്ല എന്ന് അവന്‍ മറുപടി നല്‍കി. അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ അയച്ചവര്‍ക്കു ഞങ്ങള്‍ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തു പറയുന്നു? അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍. ഫരിസേയരാണ് അവരെ അയച്ചത്. അവര്‍ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്‌നാനം നല്‍കാന്‍ കാരണമെന്ത്? യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ജലം കൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല. യോഹന്നാന്‍ സ്‌നാനം നല്‍കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി സ്വീകരിക്കണമേ.
അങ്ങനെ, വിശുദ്ധരായ ബെയ്‌സിലിന്റെയും ഗ്രിഗരിയുടെയും ബഹുമാനാര്‍ഥം
അങ്ങേ മഹത്ത്വത്തിനുവേണ്ടി അര്‍പ്പിക്കപ്പെടുന്ന
ഈ ബലി അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. 1 കോറി 1:23-24
ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമായ
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഞങ്ങള്‍ പ്രസംഗിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
വിശുദ്ധരായ ബെയ്‌സിലിന്റെയും ഗ്രിഗരിയുടെയും
തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് അതിസ്വാഭാവിക വരങ്ങള്‍
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസത്തിന്റെ ദാനം
സമഗ്രതയില്‍ ഞങ്ങള്‍ കാത്തുപാലിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ മാര്‍ഗത്തിലൂടെ
ഞങ്ങള്‍ ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment