🌹 🔥 🌹 🔥 🌹 🔥 🌹
05 Jan 2023
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
അങ്ങേ ഏകജാതന്റെ ജനനംവഴി
അങ്ങേ ജനത്തിനായി
പരിത്രാണകര്‍മം അദ്ഭുതകരമാംവിധം ആരംഭിച്ച ദൈവമേ,
അങ്ങേ ദാസര്‍ക്ക് വിശ്വാസത്തിന്റെ ഉറപ്പുനല്കണമേ.
അങ്ങനെ അവിടത്തെ മാര്‍ഗനിര്‍ദേശത്താല്‍
മഹത്ത്വത്തിന്റെ വാഗ്ദാനംചെയ്യപ്പെട്ട സമ്മാനത്തിലേക്ക്
എത്തിച്ചേരാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 യോഹ 3:11-21
സഹോദരരെ സ്‌നേഹിക്കുന്നതു കൊണ്ടു നമ്മള്‍ മരണത്തില്‍ നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു.
ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്:
നാം പരസ്പരം സ്‌നേഹിക്കണം.
തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെ ആകരുത്.
എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്?
തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും
തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്തവും ആയിരുന്നതു കൊണ്ടുതന്നെ.
സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ.
സഹോദരരെ സ്‌നേഹിക്കുന്നതു കൊണ്ടു നമ്മള്‍
മരണത്തില്‍ നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു;
സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു.
സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്.
കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ.
ക്രിസ്തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്നു
സ്‌നേഹം എന്തെന്നു നാമറിയുന്നു.
നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ
സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും
അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍
അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?
കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്;
പ്രവൃത്തിയിലും സത്യത്തിലുമാണ്.
ഇതുമൂലം നമ്മള്‍ സത്യത്തില്‍ നിന്നുള്ളവരാണെന്നു നാം അറിയുന്നു.
നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ,
ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍,
അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍,
ദൈവത്തിന്റെ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 100:1-2,3,4,5
ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍;
ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.
ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;
അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;
നമ്മള്‍ അവിടുത്തേതാണ്;
നാം അവിടുത്തെ ജനവും
അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
കൃതജ്ഞതാഗീതത്തോടെ
അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍;
സ്തുതികള്‍ ആലപിച്ചുകൊണ്ട്
അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.
ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
അവിടുത്തേക്കു നന്ദിപറയുവിന്‍;
അവിടുത്തെ നാമം വാഴ്ത്തുവിന്‍.
കര്‍ത്താവു നല്ലവനാണ്,
അവിടുത്തെ കാരുണ്യം ശാശ്വതമാണ്;
അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.
ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. തന്നെ സ്വീകരിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നൽകി.
അല്ലേലൂയ!
സുവിശേഷം
യോഹ 1:43-51
റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.
പിറ്റേ ദിവസം അവന്‍ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെ കണ്ടപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്സയ്ദായില്‍ നിന്നുള്ളവനായിരുന്നു. പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ – ജോസഫിന്റെ മകന്‍, നസറത്തില്‍ നിന്നുള്ള യേശുവിനെ – ഞങ്ങള്‍ കണ്ടു. നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക! നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍! അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും. അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെമേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ കൈമാറ്റം സാക്ഷാത്കരിക്കുന്ന
ഞങ്ങളുടെ കാഴ്ചവസ്തുക്കള്‍ അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങു നല്കിയവ സമര്‍പ്പിക്കുന്ന ഞങ്ങളെ
അങ്ങയെത്തന്നെ സ്വീകരിക്കാന്‍ യോഗ്യരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 3:16
അവനില്‍ വിശ്വസിക്കുന്ന ഏതു വ്യക്തിയും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിന്
തന്റെ ഏകജാതനെ നല്കാന്‍ തക്ക വിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
പരിശുദ്ധമായ ഈ ദിവ്യരഹസ്യങ്ങളുടെ ശക്തിയാല്‍
ഞങ്ങളുടെ ജീവിതം നിരന്തരം ശക്തിപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment