6 January (before Epiphany)

🌹 🔥 🌹 🔥 🌹 🔥 🌹

06 Jan 2023

6 January (before Epiphany) 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളെ
കനിവാര്‍ന്ന് പ്രകാശിപ്പിക്കുകയും
അങ്ങേ മഹത്ത്വത്തിന്റെ പ്രഭകൊണ്ട്
അവരുടെ ഹൃദയങ്ങള്‍ സദാ ജ്വലിപ്പിക്കുകയും ചെയ്യണമേ.
അങ്ങനെ, അവരുടെ രക്ഷകനെ അവിരാമം ഏറ്റുപറയുന്നതിനും
അവിടത്തെ സത്യമായും ഉള്‍ക്കൊള്ളുന്നതിനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 5:5-13
ആത്മാവ്, ജലം, രക്തം.

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?
ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ് – യേശുക്രിസ്തു.
ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്.
ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്.
മൂന്നു സാക്ഷികളാണുള്ളത് – ആത്മാവ്, ജലം, രക്തം.
ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.
മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍,
ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്.
ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്ഷ്യം.
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്.
ദൈവത്തെ വിശ്വസിക്കാത്തവന്‍,
ദൈവം തന്റെ പുത്രനെക്കുറിച്ച് നല്‍കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട്
അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു.
ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി.
ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.
പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു.
ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല.

ഞാന്‍ ഇവയെല്ലാം എഴുതിയതു
ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു
നിത്യജീവനുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 147:12-13,14-15,19-20

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;
സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
അവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
അവിടുന്ന് അനുഗ്രഹിക്കുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

അവിടുന്നു നിന്റെ അതിര്‍ത്തികളില്‍
സമാധാനം സ്ഥാപിക്കുന്നു;
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു
നിന്നെ തൃപ്തയാക്കുന്നു.
അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു;
അവിടുത്തെ വചനം പാഞ്ഞു വരുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും
ഇസ്രായേലിനു തന്റെ ചട്ടങ്ങളും
പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും
അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല;
അവിടുത്തെ പ്രമാണങ്ങള്‍
അവര്‍ക്ക് അജ്ഞാതമാണ്.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

മേഘത്തിൽ നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവൻ എന്റെ പ്രീയ പുത്രൻ; ഇവന്റെ വാക്ക് ശ്രവിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 1:6-11
നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

അക്കാലത്ത് യോഹന്നാന്‍ ഇപ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും.
അന്നൊരിക്കല്‍, യേശു ഗലീലിയിലെ നസറത്തില്‍ നിന്നു വന്ന്, ജോര്‍ദാനില്‍വച്ച് യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിച്ചു. വെള്ളത്തില്‍ നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവു പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു. സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിപൂര്‍വം സ്വീകരിക്കണമേ.
ഭക്തിപുരസ്സരമുളള വിശ്വാസത്താല്‍
അവര്‍ പ്രഖ്യാപിക്കുന്നവ സ്വര്‍ഗീയ കൂദാശകളാല്‍ സ്വന്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

1 യോഹ 4:9

തന്റെ ജാതനായ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിന്
ദൈവം അവനെ ലോകത്തിലേക്കയച്ചു;
അങ്ങനെ ദൈവത്തിന്റെ സ്‌നേഹം
നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

അങ്ങേ കൂദാശയുടെ പങ്കാളിത്തംവഴി
ഞങ്ങളെ സ്പര്‍ശിക്കുന്ന ദൈവമേ,
അതിന്റെ ശക്തിയുടെ ഫലം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കണമേ.
അങ്ങനെ അങ്ങേ ദാനം സ്വീകരിക്കാന്‍,
അതേ ദാനത്തിലൂടെ ഞങ്ങള്‍ യോഗ്യരാക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment