🌹 🔥 🌹 🔥 🌹 🔥 🌹
10 Feb 2023
Saint Scholastica, Virgin
on Friday of week 5 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ സ്‌കൊളാസ്റ്റിക്കയുടെ
സ്മരണ ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഈ പുണ്യവതിയുടെ മാതൃകയാല്‍
നിഷ്‌കളങ്കമായ സ്‌നേഹത്തോടെ
അങ്ങയെ ഞങ്ങള്‍ ശുശ്രൂഷിക്കുകയും
അങ്ങേ സ്‌നേഹത്തിന്റെ ഫലം സന്തോഷത്തോടെ
ഞങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഉത്പ 3:1-8
നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.
ദൈവമായ കര്‍ത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ? സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി. വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍ നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 32:1-2,5,6,7
പാപങ്ങള്‍ക്കു മോചനം ലഭിച്ചവന്‍ ഭാഗ്യവാന്‍.
അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും
ലഭിച്ചവന്‍ ഭാഗ്യവാന്‍.
കര്‍ത്താവു കുറ്റം ചുമത്താത്തവനും
ഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍.
പാപങ്ങള്‍ക്കു മോചനം ലഭിച്ചവന്‍ ഭാഗ്യവാന്‍.
എന്റെ പാപം അവിടുത്തോടു ഞാന്‍ ഏറ്റു പറഞ്ഞു;
എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല;
എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും
എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെ പാപം അവിടുന്നു ക്ഷമിച്ചു.
പാപങ്ങള്‍ക്കു മോചനം ലഭിച്ചവന്‍ ഭാഗ്യവാന്‍.
ആകയാല്‍, ദൈവഭക്തര്‍
ആപത്തില്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;
കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും
അത് അവരെ സമീപിക്കുകയില്ല.
പാപങ്ങള്‍ക്കു മോചനം ലഭിച്ചവന്‍ ഭാഗ്യവാന്‍.
അവിടുന്ന് എന്റെ അഭയസങ്കേതമാണ്;
അനര്‍ഥങ്ങളില്‍ നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു;
രക്ഷകൊണ്ട് എന്നെ പൊതിയുന്നു.
പാപങ്ങള്‍ക്കു മോചനം ലഭിച്ചവന്‍ ഭാഗ്യവാന്‍.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അങ്ങേ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങൾ അങ്ങേ പക്കലുണ്ട്.
അല്ലേലൂയ!
Or
അല്ലേലൂയ!അല്ലേലൂയ!
കർത്താവേ, അങ്ങയുടെ പുത്രൻ്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 7:31-37
അവന്‍ ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു.
അക്കാലത്ത്, യേശു ടയിര്‍ പ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കു പോയി. ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്റെമേല്‍ കൈകള്‍ വയ്ക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തില്‍ നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ സ്പര്‍ശിച്ചു. സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത – തുറക്കപ്പെടട്ടെ എന്നര്‍ഥം. ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു. അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6
ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.
Or:
cf. സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment