🌹 🔥 🌹 🔥 🌹 🔥 🌹
*15 Feb 2023*
*Wednesday of week 6 in Ordinary Time*
*Liturgical Colour: Green.*
*സമിതിപ്രാര്‍ത്ഥന*
ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ഒന്നാം വായന*
ഉത്പ 8:6-13,20-22
നോഹ പെട്ടകത്തിന്റെ മേല്‍ക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു.
നാല്‍പതു ദിവസം കഴിഞ്ഞപ്പോള്‍ നോഹ പെട്ടകത്തില്‍ താനുണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്ന്, ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നു നടന്നു. ഭൂമിയില്‍ നിന്ന് വെള്ളമിറങ്ങിയോ എന്നറിയാന്‍ അവന്‍ ഒരു പ്രാവിനെയും വിട്ടു. കാലുകുത്താന്‍ ഇടം കാണാതെ പ്രാവു പെട്ടകത്തിലേക്കു തന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവന്‍ കൈനീട്ടി പ്രാവിനെ പിടിച്ചു പെട്ടകത്തിലാക്കി. ഏഴുദിവസം കൂടി കാത്തിട്ട് വീണ്ടും അവന്‍ പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു. വൈകുന്നേരമായപ്പോള്‍ പ്രാവു തിരിച്ചുവന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്റെ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നോഹയ്ക്കു മനസ്സിലായി. ഏഴുനാള്‍കൂടി കഴിഞ്ഞ് അവന്‍ വീണ്ടും പ്രാവിനെ പുറത്തു വിട്ടു. അതു പിന്നെ തിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നോഹ പെട്ടകത്തിന്റെ മേല്‍ക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു.
നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു. ആ ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി: മനുഷ്യന്‍ കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കം മുതലേ അവന്റെ അന്തരംഗം തിന്മയിലേക്കു ചാഞ്ഞിരിക്കയാണ്. ഇപ്പോള്‍ ചെയ്തതുപോലെ ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാന്‍ നശിപ്പിക്കുകയില്ല. ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്ത്തും, ചൂടും തണുപ്പും, വേനലും വര്‍ഷവും, രാവും പകലും നിലയ്ക്കുകയില്ല.
കർത്താവിന്റെ വചനം.
*പ്രതിവചനസങ്കീർത്തനം*
സങ്കീ 116:12-13,14-15,18-19
കര്‍ത്താവേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും.
or
അല്ലേലൂയ!
കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു
ഞാന്‍ എന്തു പകരം കൊടുക്കും?
ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി
കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
കര്‍ത്താവേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും.
or
അല്ലേലൂയ!
അവിടുത്തെ ജനത്തിന്റെ മുന്‍പില്‍
കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.
കര്‍ത്താവേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും.
or
അല്ലേലൂയ!
അവിടുത്തെ ജനത്തിന്റെ മുന്‍പില്‍
കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍,
ജറുസലെമേ, നിന്റെ മധ്യത്തില്‍ത്തന്നെ,
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
കര്‍ത്താവേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും.
or
അല്ലേലൂയ!
*സുവിശേഷ പ്രഘോഷണവാക്യം*
അല്ലേലൂയ! അല്ലേലൂയ!
അങ്ങേ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്.
അല്ലേലൂയ!
*സുവിശേഷം*
മാര്‍ക്കോ 8:22-26
കാഴ്ച തിരിച്ചുകിട്ടുകയും അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കാണുകയും ചെയ്തു.
അക്കാലത്ത് യേശുവും ശിഷ്യന്മാരും ബെത്സയ്ദായിലെത്തി. കുറെപ്പേര്‍ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പര്‍ശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവന്‍ അന്ധനെ കൈയ്ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെമേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന്‍ സൂക്ഷിച്ചു നോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തില്‍ പ്രവേശിക്കുക പോലും ചെയ്യരുത് എന്നു പറഞ്ഞ് യേശു അവനെ വീട്ടിലേക്ക് അയച്ചു.
കർത്താവിന്റെ സുവിശേഷം.
*നൈവേദ്യപ്രാര്‍ത്ഥന*
കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ദിവ്യകാരുണ്യപ്രഭണിതം*
cf. സങ്കീ 78:29-30
അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.
Or:
യോഹ 3:16
അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
*ദിവ്യഭോജനപ്രാര്‍ത്ഥന*
കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Leave a comment