Thursday of week 6 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

16 Feb 2023

Thursday of week 6 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 9:1-13
ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു.

നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍. സകല ജീവികള്‍ക്കും – ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്സ്യങ്ങള്‍ക്കും – നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു. ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്. ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കു ചോദിക്കും. മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യന്‍ തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്. സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍.
നോഹയോടും പുത്രന്മാരോടും ദൈവം വീണ്ടും അരുളിച്ചെയ്തു: നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു. അതോടൊപ്പം നിന്റെ കൂടെ പെട്ടകത്തില്‍ നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും – പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും – നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല. ദൈവം തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളം ഇതാണ്: ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 102:15-17,18,22bc,20b,28,22c,20c

കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു ഭൂമിയെ നോക്കി.

ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും;
ഭൂമിയിലെ രാജാക്കന്മാര്‍ അങ്ങേ മഹത്വത്തെയും.
കര്‍ത്താവു സീയോനെ പണിതുയര്‍ത്തും;
അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
അഗതികളുടെ പ്രാര്‍ഥന അവിടുന്നു പരിഗണിക്കും;
അവരുടെ യാചനകള്‍ നിരസിക്കുകയില്ല.

കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു ഭൂമിയെ നോക്കി.

ഭാവിതലമുറയ്ക്കുവേണ്ടി,
ഇനിയും ജനിച്ചിട്ടില്ലാത്ത ജനം
അവിടുത്തെ സ്തുതിക്കാന്‍ വേണ്ടി,
ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
സീയോനില്‍ കര്‍ത്താവിന്റെ നാമം
പ്രഘോഷിക്കപ്പെടാന്‍ വേണ്ടി
അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു
താഴേക്കു നോക്കി.

കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു ഭൂമിയെ നോക്കി.

അങ്ങേ ദാസരുടെ മക്കള്‍
സുരക്ഷിതരായി വസിക്കും;
അവരുടെ സന്തതിപരമ്പര
അങ്ങേ മുന്‍പില്‍ നിലനില്‍ക്കും.
ജറുസലെമില്‍ അവിടുത്തെ സ്തുതി
പ്രഘോഷിക്കപ്പെടാന്‍ വേണ്ടി,
സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു ഭൂമിയെ നോക്കി.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവേ, അങ്ങേ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങൾ അങ്ങേ പക്കലുണ്ട്.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 8:27-33
നീ ക്രിസ്തുവാണ്… മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്മാരില്‍ ഒരുവന്‍ എന്നും പറയുന്നു. അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്. തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു.
മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്സം പറയാന്‍ തുടങ്ങി. യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്മാര്‍ നില്‍ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍ നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 78:29-30

അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.

Or:
യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment