🌹 🔥 🌹 🔥 🌹 🔥 🌹
*19 Feb 2023*
*7th Sunday in Ordinary Time*
*Liturgical Colour: Green.*
*സമിതിപ്രാര്‍ത്ഥന*
സര്‍വശക്തനായ ദൈവമേ,
എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
അങ്ങേക്ക് പ്രീതികരമായവയില്‍,
വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ഒന്നാം വായന*
ലേവ്യ 19:1-2,17-18
നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.
കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്.
സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്. അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന്‍ മൂലം നീ തെറ്റുകാരനാകും. നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഞാനാണ് കര്‍ത്താവ്.
കർത്താവിന്റെ വചനം.
*പ്രതിവചനസങ്കീർത്തനം*
സങ്കീ 103:1-2,3-4,8,-9,12-13
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.
പിതാവിനു മക്കളോടെന്നപോലെ
കര്‍ത്താവിനു തന്റെ ഭക്തരോട് അലിവുതോന്നുന്നു.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
*രണ്ടാം വായന*
1 കോറി 3:16-23
എല്ലാം നിങ്ങളുടെ സ്വന്തമാണ്. നിങ്ങളാകട്ടെ ക്രിസ്തുവിന്റെതും, ക്രിസ്തു ദൈവത്തിന്റെതും.
നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ.
ആരും ആത്മവഞ്ചന ചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ലോകത്തില്‍ ജ്ഞാനിയെന്നു വിചാരിക്കുന്ന പക്ഷം യഥാര്‍ഥ ജ്ഞാനിയാകേണ്ടതിന് തന്നെത്തന്നെ ഭോഷനാക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്റെ വിജ്ഞാനം ദൈവത്തിനു ഭോഷത്തമാണ്. അവന്‍ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്ധിശാലികളുടെ ആലോചനകള്‍ വ്യര്‍ഥങ്ങളാണെന്നു കര്‍ത്താവ് അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു. അതിനാല്‍, മനുഷ്യരുടെ പേരില്‍ നിങ്ങള്‍ അഭിമാനിക്കേണ്ടാ. എല്ലാം നിങ്ങളുടെ സ്വന്തമാണ്. പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ. നിങ്ങളാകട്ടെ ക്രിസ്തുവിന്റെതും, ക്രിസ്തു ദൈവത്തിന്റെതും.
കർത്താവിന്റെ വചനം.
*സുവിശേഷ പ്രഘോഷണവാക്യം*
അല്ലേലൂയ!അല്ലേലൂയ!
കർത്താവ് അരുൾ ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയും.
അല്ലേലൂയ!
*സുവിശേഷം*
മത്താ 5:38-48
നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടു കൂടെ രണ്ടു മൈല്‍ ദൂരം പോകുക. ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.
അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
കർത്താവിന്റെ സുവിശേഷം.
*നൈവേദ്യപ്രാര്‍ത്ഥന*
കര്‍ത്താവേ, അര്‍ഹമായ ശുശ്രൂഷവഴി
അങ്ങേ രഹസ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ മഹിമയുടെ ബഹുമാനത്തിനായി ഞങ്ങളര്‍പ്പിക്കുന്നത്
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ദിവ്യകാരുണ്യപ്രഭണിതം*
സങ്കീ 9:2-3
അങ്ങേ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും;
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങേ നാമത്തിന് ഞാന്‍ സ്‌തോത്രമാലപിക്കും.
Or:
യോഹ 11:27
കര്‍ത്താവേ, നീ ഈ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.
*ദിവ്യഭോജനപ്രാര്‍ത്ഥന*
സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യങ്ങള്‍ വഴി അവയുടെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അവയുടെ ഫലമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment