Ash Wednesday 

🌹 🔥 🌹 🔥 🌹 🔥 🌹

22 Feb 2023

Ash Wednesday 

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴി
ക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, നാരകീയ ശക്തികള്‍ക്കെതിരായി പോരാടുന്ന ഞങ്ങള്‍
ആത്മസംയമനത്തിന്റെ സഹായത്താല്‍ ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജോയേ 2:12-18
നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടും കൂടെ
നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.
നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്,
നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍.
എന്തെന്നാല്‍, അവിടുന്ന് ഉദാരമതിയും കാരുണ്യവാനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്;
ശിക്ഷ പിന്‍വലിക്കാന്‍ സദാ സന്നദ്ധനുമാണ് അവിടുന്ന്.

നിങ്ങളുടെ ദൈവമായ കര്‍ത്താവ് മനസ്സു മാറ്റി ശിക്ഷ പിന്‍വലിച്ച്,
തനിക്ക് ധാന്യബലിയും പാനീയബലിയും
അര്‍പ്പിക്കാനുള്ള അനുഗ്രഹം തരുകയില്ലെന്ന് ആരറിഞ്ഞു?
സീയോനില്‍ കാഹളം മുഴക്കുവിന്‍, ഉപവാസം പ്രഖ്യാപിക്കുവിന്‍,
മഹാസഭ വിളിച്ചുകൂട്ടുവിന്‍, ജനത്തെ ഒരുമിച്ചുകൂട്ടുവിന്‍,
സമൂഹത്തെ വിശുദ്ധീകരിക്കുവിന്‍.
ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടുവിന്‍,
കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും ഒന്നിച്ചുകൂട്ടുവിന്‍.
മണവാളന്‍ തന്റെ മണവറയും,
മണവാട്ടി തന്റെ ഉറക്കറയും വിട്ടു പുറത്തുവരട്ടെ!

കര്‍ത്താവിന്റെ ശുശ്രൂഷകരായ പുരോഹിതന്മാര്‍
പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു
കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കട്ടെ:
കര്‍ത്താവേ, അങ്ങേ ജനത്തെ ശിക്ഷിക്കരുതേ!
ജനതകളുടെ ഇടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ,
അങ്ങേ അവകാശത്തെ സംരക്ഷിക്കണമേ!
എവിടെയാണ് അവരുടെ ദൈവം എന്ന്
ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്?

അപ്പോള്‍, കര്‍ത്താവ് തന്റെ ദേശത്തെപ്രതി അസഹിഷ്ണുവാകുകയും
തന്റെ ജനത്തോടു കാരുണ്യം കാണിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 51:1-2,3-4ab,10-11,12,15

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.

എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു,
എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.
അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി,
ഞാന്‍ പാപംചെയ്തു;
അങ്ങേ മുന്‍പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു.

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങേ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങേ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.

അങ്ങേ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ!
എന്റെ നാവ് അങ്ങേ സ്തുതികള്‍ ആലപിക്കും.

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.

രണ്ടാം വായന

2 കോറി 5:20-6:2
നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം.

ഞങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ് ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്. എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.
നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവ കൃപ വ്യര്‍ഥമാക്കരുതെന്ന് അവിടുത്തെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

ദൈവമേ, നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ! അങ്ങേ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരേണമേ.

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

സുവിശേഷം

മത്താ 6:1-6,16-18
രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്‍ നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാല്‍, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, തപസ്സുകാലത്തിന്റെ ആരംഭത്തില്‍
ആഘോഷപൂര്‍വം ഞങ്ങള്‍ ബലിയര്‍പ്പിച്ച്
അങ്ങയോടു പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പ്രായശ്ചിത്തത്തിന്റെയും
പരസ്‌നേഹത്തിന്റെയും പ്രവൃത്തികള്‍വഴി
തിന്മനിറഞ്ഞ ആസക്തികള്‍ നിയന്ത്രിച്ചുകൊണ്ട്
മോചനം പ്രാപിച്ച്,
പാപങ്ങളില്‍നിന്നു ശുദ്ധീകരിക്കപ്പെട്ട്
അങ്ങേ പുത്രന്റെ പീഡാസഹനം
ഭക്തിപൂര്‍വം ആചരിക്കാന്‍ ഞങ്ങളെ അര്‍ഹരാക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 1:2-3

രാപകല്‍ കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍
യഥാകാലം അതിന്റെ ഫലംനല്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച കൂദാശകള്‍
ഞങ്ങള്‍ക്ക് പോഷണമായി ഭവിക്കട്ടെ.
അങ്ങനെ, ഞങ്ങളുടെ ഉപവാസം
അങ്ങേക്ക് പ്രീതികരവും
ഞങ്ങള്‍ക്ക് സൗഖ്യദായകവും ആകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment