തപസ്സു ചിന്തകൾ 2
തിരിച്ചറിവുകളുടെയും തിരിച്ചു നടക്കലുകളുടെയും കാലം
“നോമ്പുകാലം അടിയന്തരമായി നമ്മെ മാനസാന്തരത്തിനു വിളിക്കുന്നു. പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്കു മടങ്ങാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. ” ഫ്രാൻസീസ് പാപ്പ
നോമ്പുകാലം തിരിച്ചറിവുകളുടെയും തിരികെ നടക്കലുകളുടെയും കാലമാണ്. ചില തിരിച്ചറിവുകൾ നമ്മെ സന്തോഷിപ്പിക്കുകയും മറ്റു ചിലതു നമ്മെ വേദനിപ്പിക്കുകയും ചെയ്യും. സന്തോഷമാണങ്കിലും സങ്കടമാണങ്കിലും തിരിച്ചറിവുകൾ തിരികെയുള്ള നടത്തിലേക്കു പരിണമിക്കുമ്പോഴേ നോമ്പുകാലം ഫലദായകമാവുകയുള്ളു. നാം ദൈവത്തിൻ്റെ സ്നേഹഭാജനമാണ്, ദൈവഹിതം അറിഞ്ഞ് യാത്ര ചെയ്യേണ്ടവരാണ് എന്ന അവബോധമാണ് പാപത്തെയും പാപമാർഗ്ഗങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക് പ്രേരണയാകുന്നത്. തിരിച്ചറിവുകളുടെ ആഴമനുസരിച്ചേ തിരികെ നടക്കലുകൾക്കു ദൃഢത കൈവരുകയുള്ളു. ഈ തിരിച്ചറിവുള്ള വ്യക്തി ജീവിതയാത്രയിൽ, സകലതിലും ദൈവത്തെ ആശ്രയിക്കാനും എല്ലാം ക്ഷമയോടെ സ്വീകരിക്കാനും പഠിക്കുന്നു.
നോമ്പിലെ തിരികെ നടക്കലുകൾ തിരിച്ചറിവു നൽകുന്ന ആന്തരികബോധത്തിൽ നിന്നു ഉരുത്തിരിയുന്നതാണ്. ആത്മസാക്ഷാത്കാരത്തിലൂടെ അന്വോഷി ക്രൂശിതനെ തിരിച്ചറിയുന്നു. ഈശ്വരസാക്ഷാത്കാരത്തിലൂടെ അന്വേഷകൻ്റെ ജീവിതം പൂർണ്ണത നേടുന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment