🌹 🔥 🌹 🔥 🌹 🔥 🌹
08 Mar 2023
Wednesday of the 2nd week of Lent
with a commemoration of Saint John of God, Religious
Liturgical Colour: Violet.
സമിതിപ്രാര്‍ത്ഥന
ദൈവമേ, കരുണയുടെ ചൈതന്യംകൊണ്ട്
വിശുദ്ധ ജോണിനെ അങ്ങ് നിറച്ചുവല്ലോ.
അങ്ങനെ, പരസ്‌നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ട്,
അങ്ങേ രാജ്യത്തില്‍
തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ കാണപ്പെടാന്‍
ഞങ്ങള്‍ അര്‍ഹരാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 18:18-20b
വരുവിന്‍, നമുക്ക് അവനെ നാവുകൊണ്ടു തകര്‍ക്കാം.
അപ്പോള്‍ അവര്‍ പറഞ്ഞു: വരുവിന്‍, നമുക്കു ജറെമിയായ്‌ക്കെതിരേ ഗൂഢാലോചന നടത്താം. എന്തെന്നാല്‍, പുരോഹിതനില്‍ നിന്നു നിയമോപദേശവും ജ്ഞാനിയില്‍ നിന്ന് ആലോചനയും പ്രവാചകനില്‍ നിന്നു വചനവും നശിച്ചുപോവുകയില്ല. വരുവിന്‍, നമുക്ക് അവനെ നാവുകൊണ്ടു തകര്‍ക്കാം; അവന്റെ വാക്കുകള്‍ക്കു ചെവികൊടുക്കുകയും വേണ്ടാ.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ.
എന്റെ ശത്രുക്കള്‍ പറയുന്നതു ശ്രദ്ധിക്കണമേ.
നന്മയ്ക്കു പ്രതിഫലം തിന്മയോ?
അവര്‍ എന്റെ ജീവനുവേണ്ടി കുഴി കുഴിച്ചിരിക്കുന്നു.
അവരെപ്പറ്റി നല്ലതു പറയാനും
അങ്ങേ കോപം അവരില്‍ നിന്ന് അകറ്റാനും
ഞാന്‍ അങ്ങേ മുന്‍പില്‍ നിന്നത് ഓര്‍ക്കണമേ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 31:4-5,13,14-15
കര്‍ത്താവേ, അങ്ങേ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ.
എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയില്‍ നിന്ന് എന്നെ രക്ഷിക്കണമേ!
അവിടുന്നാണ് എന്റെ അഭയസ്ഥാനം.
അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു;
കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.
കര്‍ത്താവേ, അങ്ങേ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ.
പലരും മന്ത്രിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു;
ചുറ്റും ഭീഷണിതന്നെ;
എനിക്കെതിരേ അവര്‍ ഒന്നുചേര്‍ന്നു ഗൂഢാലോചന നടത്തുന്നു;
എന്റെ ജീവന്‍ അപഹരിക്കാന്‍ അവര്‍ ആലോചിക്കുന്നു.
കര്‍ത്താവേ, അങ്ങേ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ.
കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു;
അങ്ങാണ് എന്റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
എന്റെ ഭാഗധേയം അങ്ങേ കൈകളിലാണ്;
ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍ നിന്ന്
എന്നെ മോചിപ്പിക്കണമേ!
കര്‍ത്താവേ, അങ്ങേ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
കർത്താവേ, അങ്ങേ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങൾ അങ്ങേ പക്കലുണ്ട്.
കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
Or
കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
യേശു അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവനു ജീവൻ്റെ പ്രകാശമുണ്ടായിരിക്കും.
കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
സുവിശേഷം
മത്താ 20:17-28
മനുഷ്യപുത്രന്‍ മരണത്തിനു ഏല്‍പ്പിച്ചുകൊടുക്കപ്പെടും.
യേശു തന്റെ പന്ത്രണ്ടുപേരെ മാത്രം കൂട്ടിക്കൊണ്ട് ജറുസലെമിലേക്കുയാത്ര ചെയ്യുമ്പോള്‍ വഴിയില്‍വച്ച് അരുളിച്ചെയ്തു: ഇതാ! നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്മാര്‍ക്കും നിയമജ്ഞന്മാര്‍ക്കും ഏല്‍പിക്കപ്പെടും. അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.
അപ്പോള്‍, സെബദീപുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരോടു കൂടെ വന്ന് അവന്റെ മുമ്പില്‍ യാചനാപൂര്‍വം പ്രണമിച്ചു. അവന്‍ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ! യേശു മറുപടി നല്‍കി: നിങ്ങള്‍ ചോദിക്കുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും. അവന്‍ അവരോടു പറഞ്ഞു: എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്റെ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്‍കേണ്ടതു ഞാനല്ല; അത് എന്റെ പിതാവ് ആര്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്മാരോട് അമര്‍ഷംതോന്നി. എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ അങ്ങേക്ക് അര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
കരുണയോടെ കടാക്ഷിക്കണമേ.
വിശുദ്ധമായ ഈ കൈമാറ്റംവഴി
ഞങ്ങളുടെ പാപബന്ധനങ്ങള്‍ അഴിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
മത്താ 20:28
മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടാനല്ല,
പ്രത്യുത ശുശ്രൂഷിക്കാനും
അനേകര്‍ക്ക് മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും
വന്നിരിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,
ഞങ്ങള്‍ക്ക് അമര്‍ത്യതയുടെ അച്ചാരമാകാന്‍ അങ്ങു തിരുവുള്ളമായത്,
നിത്യരക്ഷയുടെ സഹായമായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment