തപസ്സു ചിന്തകൾ 27
പ്രാർത്ഥനാ ജീവിതത്തിൻ്റെ രണ്ടു ചിറകുകൾ
“നിങ്ങളുടെ പ്രാർത്ഥന ദൈവസന്നിധിയിലേക്ക് പറക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതിനു രണ്ട് ചിറകുകൾ ഉണ്ടാവണം: ഉപവാസവും ദാനധർമ്മവും.” ഹിപ്പോയിലെ വി. ആഗസ്തിനോസ്
നോമ്പുകാലത്തു നമ്മുടെ പ്രാർത്ഥനാജീവിതത്തിന് സഹായകരമായ രണ്ടു ചിറകുകളാണ് ഉപവാസവും ദാനധർമ്മവും. നോമ്പു യാത്ര മുന്നോട്ടുഗമിക്കുമ്പോൾ ദൈവസന്നിധിയിൽ നമ്മുടെ പ്രാർത്ഥന എത്തുന്നുണ്ടോ എന്നു നാം വിലയിരുത്തേണ്ട സമയമാണ്.
“പ്രാർത്ഥന ജീവിതത്തിൻ്റെ പ്രാണവായുവാണ്: ശ്വസിക്കാതെ നമുക്കു ജീവിക്കാൻ കഴിയാത്തതു പോലെ തന്നെ, പ്രാർത്ഥന കൂടാതെ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല,”എന്നു ഫ്രാൻസീസ് പാപ്പ പഠിപ്പിക്കുന്നു.
പ്രാർത്ഥന ദൈവത്തിലേക്ക് നമ്മുടെ ഹൃദയം തിരിക്കലാണന്നു മതപഠന ക്ലാസുകളിൽ നാം പഠിച്ചട്ടുണ്ട്. ഉപവാസവും ദാനധർമ്മവും അതിനൊപ്പം ചേരുമ്പോൾ പ്രാർത്ഥന ദൈവസന്നിധിയിൽ വേഗം എത്തിച്ചേരുമെന്നാണ് വിശുദ്ധ ആഗസ്തിനോസ് വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നത്.
ഉപവാസവും ദാനധർമ്മവും ദൈവത്തിങ്കലേക്കും സഹോദരങ്ങളിലേക്കും കൂടുതൽ അടുക്കാനുള്ള വഴികളാണ്. ദൈവത്തോടുകൂടെയുള്ള വാസമാണ് ഉപവാസമെങ്കിൽ പരസ്നേഹത്തിൻ്റെ ഉദാത്ത വഴിയാണ് ദാനധർമ്മം. ഈശോ ആഗ്രഹിക്കുന്ന സ്വർഗ്ഗരാജ്യ പ്രവേശനത്തിനായി ഉപവാസത്തിലും ദാനധർമ്മത്തിലും അധിഷ്ഠിതമായ പ്രാർത്ഥന ശീലങ്ങളാണ് നോമ്പിൻ്റെ തീവ്രദിനങ്ങളിൽ നാം പരിശീലിക്കേണ്ടത്.
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment