Tuesday of the 4th week of Lent

🌹 🔥 🌹 🔥 🌹 🔥 🌹

21 Mar 2023

Tuesday of the 4th week of Lent – Proper Readings 
(see also The Man Born Blind)

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യമായ ഭക്തിയുടെ ആദരപൂര്‍വകമായ അനുഷ്ഠാനം,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ രൂപപ്പെടുത്തട്ടെ.
യോഗ്യമായ മനസ്സുകളോടെ പെസഹാരഹസ്യം സ്വീകരിക്കാനും
അങ്ങേ രക്ഷയുടെ പ്രഘോഷണം
വിളംബരം ചെയ്യാനും ഇടവരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസെ 47:1-9,12
ദേവാലയ പൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. അത് സ്പര്‍ശിക്കുന്നവരെല്ലാം രക്ഷ പ്രാപിക്കും.

പിന്നെ അവന്‍ എന്നെ ദേവാലയ വാതില്‍ക്കലേക്കു തിരിയെ കൊണ്ടുവന്നു. അതാ, ദേവാലയ പൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ദേവാലയ പൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയില്‍ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തു കൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തു കൂടെ ഒഴുകിയിരുന്നു. കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. എന്നിട്ട് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാല്‍ വരെ വെള്ളമുണ്ടായിരുന്നു. പിന്നെയും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നു. പിന്നെയും അവന്‍ ആയിരം മുഴം അളന്നു. എനിക്കു കടന്നുപോകാന്‍ പറ്റാത്ത ഒരു നദിയായിരുന്നു അത്. വെള്ളം അത്രയ്ക്ക് ഉയര്‍ന്നിരുന്നു. നീന്താന്‍ വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിന് – നടന്ന് അക്കരെപറ്റാന്‍ വയ്യാത്ത ഒരു നദി.
അവന്‍ എന്നോടു ചോദിച്ചു: മനുഷ്യപുത്രാ നീ ഇതു കണ്ടോ? പിന്നെ അവന്‍ എന്നെ നദീതീരത്തൂടെ തിരിച്ചു കൊണ്ടുവന്നു. ഞാന്‍ തിരിച്ചു പോന്നപ്പോള്‍ നദിയുടെ ഇരുകരയിലും വളരെയധികം വൃക്ഷങ്ങള്‍ കണ്ടു. അവന്‍ എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ ചെന്ന് അതിനെ ശുദ്ധജലമാക്കുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റംചേര്‍ന്ന് ജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ് നദി അങ്ങോട്ട് ഒഴുകുന്നത്. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞുനില്‍ക്കും.
നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകള്‍ വാടിക്കൊഴിയുകയോ അവ ഫലം നല്‍കാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധ സ്ഥലത്തു നിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തന്‍ ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകള്‍ രോഗശമനത്തിനും ഉപകരിക്കുന്നു.

പ്രതിവചനസങ്കീർത്തനം

സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

ദൈവമേ, നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ! അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും തരേണമേ!

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

സുവിശേഷം

യോഹ 5:1-3,5-16
അവന്‍ തത്ക്ഷണം സുഖം പ്രാപിച്ചു.

യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്കു പോയി. ജറുസലെമില്‍ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍ ബേത്സഥാ എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചു മണ്ഡപങ്ങളും. അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു. മുപ്പത്തിയെട്ടു വര്‍ഷമായി രോഗിയായിരുന്ന ഒരുവന്‍ അവിടെയുണ്ടായിരുന്നു. അവന്‍ അവിടെ കിടക്കുന്നത് യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ് യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ? അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും. യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക. അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു. അന്ന് സാബത്ത് ആയിരുന്നു. അതിനാല്‍, സുഖം പ്രാപിച്ച ആ മനുഷ്യനോടു യഹൂദര്‍ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ്. അവന്‍ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തു നടക്കുക എന്ന് എന്നോടു പറഞ്ഞു. അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവന്‍ ആരാണ്? അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നതിനാല്‍ അവന്‍ ആരാണെന്നു സുഖം പ്രാപിച്ചവന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് യേശു ദേവാലയത്തില്‍വച്ച് അവനെ കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത്. അവന്‍ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്ന് യഹൂദരെ അറിയിച്ചു. സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ യഹൂദര്‍ യേശുവിനെ ദ്വേഷിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങുതന്നെ നല്കിയ ദാനങ്ങള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
അങ്ങനെ, അവ ഞങ്ങളുടെ നശ്വരതയില്‍പ്പോലും,
അങ്ങു സൃഷ്ടിച്ചവ നല്കുന്ന സഹായത്തിനു സാക്ഷ്യം വഹിക്കുകയും
ഞങ്ങള്‍ക്ക് അമര്‍ത്യതയുടെ ഔഷധമായി ഭവിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 23:1-2

കര്‍ത്താവ് എന്നെ നയിക്കുന്നു.
എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല,
പച്ചപ്പുല്പുറങ്ങളില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു,
പ്രശാന്തമായ നീരുറവയിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ മനസ്സുകള്‍ കനിവാര്‍ന്ന് ശുദ്ധീകരിക്കുകയും
സ്വര്‍ഗീയ കൂദാശകളാല്‍ നവീകരിക്കുകയും ചെയ്യണമേ.
ഇപ്പോഴത്തെപ്പോലെ വരുംകാലത്തും
ഞങ്ങളുടെ ശരീരങ്ങള്‍ക്കുള്ള സഹായം ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment