തപസ്സു ചിന്തകൾ 35

തപസ്സു ചിന്തകൾ 35

കുരിശ് : ദൈവസ്നേഹത്തിന്‍റെ സ്രോതസ്സും രക്ഷയുടെ പ്രതീകവും.

പ്രിയ ഈശോയെ നീ എന്തിനാണു എനിക്കു വേണ്ടി സഹിച്ചത്? സ്നേഹിക്കാൻ ! ആണികൾ … മുൾക്കിരീടം … കുരിശ്… എല്ലാം എന്നോടുള്ള സ്നേഹത്തെ പ്രതി ! നിനക്കു വേണ്ടി എനിക്കുള്ളതെല്ലാം പൂർണ്ണമനസ്സോടെ ഞാൻ ബലി ചെയ്യുന്നു. ഞാൻ എന്റെ ശരീരം അതിന്റെ ബലഹീനതകളോടും, എന്റെ ആത്മാവ് അതിന്റെ എല്ലാ സ്നേഹത്തോടും കൂടി നിനക്കു സർപ്പിക്കുന്നു. ” വി. ജെമ്മാ ഗെലാനി

കാൽവരിയും ക്രൂശിതനും ദൈവസ്നേഹത്തിൻ്റെ ദൃശ്യമായ തെളിവുകളാണ്. മനുഷ്യകുലത്തിനോടുള്ള ദൈവസ്നേഹം പൂർണ്ണമായും ദൃശ്യമായത് കാൽവരിയിലെ മരക്കുരിശിലാണ്. “തന്‍റെ പുത്രനെ നല്കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു ” എന്ന് വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നു. നമ്മെ രക്ഷിക്കുവാന്‍ ലോകത്തിലേയ്ക്ക് പിതാവ് അയച്ച പുത്രാനാണ്, മനുഷ്യകുലത്തിനുവേണ്ടി കുരിശില്‍ മരിച്ചത്.

ഈശോയുടെ കുരിശിലേയ്ക്കു നോക്കുമ്പോള്‍ നാം കാണുന്നതും ധ്യാനിക്കുന്നതും ദൈവസ്നേഹത്തിന്‍റെ സ്രോതസ്സും നമ്മുടെ ഓരോരുത്തരുടെയും രക്ഷയുടെ പ്രതീകവുമാണ്. ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ദൈവികകാരുണ്യം നിര്‍ഗ്ഗളിക്കുന്നത് കുരിശില്‍ വിരിച്ച ഈശോയുടെ കരങ്ങളില്‍നിന്നും, കുത്തിത്തുറക്കപ്പെട്ട അവിടുത്തെ വിരിമാറില്‍നിന്നുമാണ്.

പാപത്തെയും മരണത്തെയും കീഴ്പ്പെടുത്തി, നമുക്ക് ജീവന്‍റെ പ്രത്യാശ പകരുന്നത് ഈശോയുടെ കുരിശാണ്. അതിനാല്‍ നമ്മുടെ സത്യമായ പ്രത്യാശ ഈശോയുടെ കുരിശുതന്നെയാണ്.

ഈശോയുടെ കുരിശിലുള്ള വിശ്വാസമാണ് നമ്മെ അവിടുത്തെ വഴികള്‍ തിരഞ്ഞെടുക്കാന്‍ ക്ഷണിക്കുന്നത്. അങ്ങനെ അവിടുത്തെ സഹനത്തിലും ത്യാഗത്തിലും പങ്കുചേര്‍ന്നുകൊണ്ടാണ്, കുരിശിന്‍റെ പാതയില്‍ ചരിച്ചുകൊണ്ടാണ് നമ്മൾ രക്ഷാകര പദ്ധതിയില്‍ പങ്കുകാരാകുന്നതും ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിതരാകാന്‍ സന്നദ്ധരാകുന്നതും.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment