Saints Philip and James, Apostles – Feast 

🌹 🔥 🌹 🔥 🌹 🔥 🌹

03 May 2023

Saints Philip and James, Apostles – Feast 

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അപ്പോസ്തലന്മാരായ
വിശുദ്ധ ഫിലിപ്പിന്റെയും വിശുദ്ധ യാക്കോബിന്റെയും
ആണ്ടുതോറുമുള്ള ആഘോഷത്താല്‍
ഞങ്ങളെ അങ്ങ് ആനന്ദിപ്പിക്കുന്നുവല്ലോ.
അവരുടെ പ്രാര്‍ഥനകള്‍ വഴി,
അങ്ങേ ഏകജാതന്റെ പീഡാസഹനത്തിലും
ഉത്ഥാനത്തിലും പങ്കുചേര്‍ന്ന്,
അങ്ങേ നിത്യദര്‍ശനത്തില്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 15:1-8
പിന്നീട് അവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പോസ്തലന്മാര്‍ക്കും കാണപ്പെട്ടു.

സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം. അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല. എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതു പോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതു പോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനും പേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പോസ്തലന്മാര്‍ക്കും കാണപ്പെട്ടു. ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 19:1-2,3-4

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.
or
അല്ലേലൂയ!

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു;
വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.
or
അല്ലേലൂയ!

ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല.
എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. പീലിപ്പോ സേ, എന്നെക്കാണുന്ന വൻ എൻ്റെ പിതാവിനെ കാണുന്നു.

അല്ലേലൂയ!

സുവിശേഷം

യോഹ 14:6-14
ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നിട്ടും നിങ്ങള്‍ എന്നെ അറിയുന്നില്ലേ?

യേശു തോമസിനോടു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി. യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍ മൂലം വിശ്വസിക്കുവിന്‍. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും. നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍ വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.

കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അപ്പോസ്തലന്മാരായ
വിശുദ്ധ ഫിലിപ്പിന്റെയും വിശുദ്ധ യാക്കോബിന്റെയും തിരുനാളില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍ സ്വീകരിക്കുകയും
നിര്‍മലവും സംശുദ്ധവുമായ ഭക്തി
ഞങ്ങളില്‍ ചൊരിയുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 14:8-9

കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക,
ഞങ്ങള്‍ക്ക് അതുമതി.
പീലിപ്പോസേ, എന്നെ കാണുന്നവന്‍ എന്റെ പിതാവിനെ കാണുന്നു,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച ദിവ്യദാനങ്ങള്‍വഴി
ഞങ്ങളുടെ മാനസങ്ങള്‍ അങ്ങു ശുദ്ധീകരിക്കണമേ.
അങ്ങനെ, അപ്പോസ്തലന്മാരായ വിശുദ്ധ ഫലിപ്പിനോടും
വിശുദ്ധ യാക്കോബിനോടും കൂടെ,
അങ്ങേ പുത്രനില്‍ അങ്ങയെ ധ്യാനിച്ചുകൊണ്ട്,
നിത്യജീവന്‍ പ്രാപിക്കാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤ 🌹 ❤ 🌹 ❤ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment