Rev. Fr Thomas Moolaveettil (1927-2007)

Advertisements

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

മൈനർ സെമിനാരിക്കാർക്ക് മാതൃകയായിരുന്ന ആത്മീയ പിതാവ്, തോമസ് മാത്യു മൂലവീട്ടിൽ അച്ചൻ…

Advertisements

“You are seminarians, behave like that. Keep the rules and rules will keep you” മൂലവീട്ടിൽ അച്ചനെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുക മൈനർ സെമിനാരിക്കാലത്ത് ആത്മീയ പിതാവായിരുന്ന അച്ചൻ നിരന്തരം നല്കിയ ഈ ഉപദേശമായിരുന്നുവെന്നും കേവലം ഉപദേശങ്ങൾ നൽകുക എന്നതിനപ്പുറം ശാന്തവും സൗമ്യവുമായ ഇടപെടലുകളിലൂടെ സെമിനാരി ബ്രദേഴ്സിന് മാതൃക കാട്ടിത്തരാനും അച്ചൻ ശ്രദ്ധിച്ചിരുന്നുവെന്നും
പത്തനംതിട്ട ഭദ്രാസനാംഗമായ ഫാ. ജോൺസൺ പാറയ്ക്കൽ അനുസ്മരിക്കുന്നു.

1927 ജൂൺ 10ന് പുതിയകാവ് ഓർത്തഡോക്സ് സഭാംഗമായ മൂലവീട്ടിൽ ഈശോ മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മകനായി ബേബി എന്ന തോമസ് അച്ചൻ ജനിച്ചു. 1943 ജൂൺ 12ന് മാതാപിതാക്കളോടൊപ്പം കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട് പുന്നമൂട് സെന്റ് മേരീസ്‌ ദേവാലയാംഗമായ അദ്ദേഹം, പുനരൈക്യ പ്രണേതാവായ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ പ്രേരണയാലും സ്വന്തം ഇഷ്ടത്താലും പട്ടം സെന്റ് അലോഷ്യസ് സെമിനാരിയിൽ ചേർന്നു വൈദിക പഠനം ആരംഭിച്ചു. പൂനെ പേപ്പൽ സെമിനാരിയിൽ നിന്നുള്ള വൈദിക പഠനത്തിനുശേഷം 1958 ഡിസംബർ 21ന് പൂനെ സെമിനാരിയിൽ വച്ച് വൈദിക പട്ടം സ്വീകരിച്ചു.

അതിരുങ്കൽ, മുറിഞ്ഞകൽ, ഇളമണ്ണൂർ, തുവയൂർ വെസ്റ്റ്, ചേപ്പാട്, രാമപുരം, കരമന, തമലം, ബാർട്ടൻ ഹിൽ, മലമുകൾ, ഒറ്റക്കൊമ്പ്, വെളിയറ, പരവൂർ, പരുത്തിയറ, വാപ്പാല, കുറവൻകോണം, തിരുവല്ലം, ചാല, മുട്ടത്തറ, പോങ്ങുംമ്മൂട്, പുലയനാർക്കോട്ട ഇടവകകളിൽ അച്ചൻ വികാരിയായി സേവനമനുഷ്ഠിച്ചു.

1966-1983 കാലഘട്ടത്തിൽ മാർ ഈവാനിയോസ് കോളേജ് അദ്ധ്യാപകൻ ലൈബ്രേറിയൻ എന്നീ നിലകളിൽ അച്ചൻ സേവനം അനുഷ്ഠിച്ചു. കോളേജ് കാലഘട്ടത്തിൽ തിരുവനന്തപുരത്തിന് സമീപമുള്ള വിവിധ മിഷനുകളിൽ ശുശ്രൂഷ ചെയ്തു.

കോളേജിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് പട്ടം സെന്റ് അലോഷ്യസ് സെമിനാരിയിൽ ആദ്ധ്യാത്മിക പിതാവായും (Spiritual Father) അച്ചൻ സേവനമനുഷ്ഠിച്ചു.
“ശാന്തനായ, നിശബ്ദനായ അച്ചൻ ആത്മീയ ഉപദേശങ്ങൾ നൽകി ഞങ്ങളെ വഴി നടത്തി, തുറന്ന മനസ്സോടെ ഞങ്ങളെ കേൾക്കാൻ അച്ചൻ ശ്രദ്ധിച്ചിരുന്നു. അതിലുപരി സ്വജീവിതത്തിലൂടെ നല്ല മാതൃക നൽകി”, അന്നത്തെ മൈനർ സെമിനാരിക്കാരനായിരുന്ന ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത് അനുസ്മരിക്കുന്നു.

ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലും എഴുത്തുകാരനും സെമിനാരി അദ്ധ്യാപകനുമായിരുന്ന പരേതനായ ഫാ.ലൂയിസ് മാത്യു മൂലവീട്ടിൽ, തോമസ് അച്ചന്റെ ഇളയ സഹോദരനാണ്. വർഗീസ്. എം. മൂലവീട്ടിൽ, ടൈറ്റസ് തരകൻ മൂലവീട്ടിൽ, ഫിലിപ്പ്. എം. മൂലവീട്ടിൽ എന്നീ നാല് സഹോദരന്മാരും ഏലിയാമ്മ മാത്യു, ചിന്നമ്മ മാത്യു എന്നീ രണ്ട് സഹോദരിമാരും അച്ചനുണ്ട്.

ലാറ്റിൻ, സിറിയക്ക്, ഇംഗ്ളീഷ് ഈ ഭാഷകളിലെല്ലാം അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന തോമസ് അച്ചൻ കേരള യൂണിവേഴ്സിറ്റിയിൽ സുറിയാനി ചോദ്യപേപ്പറുകൾ തയ്യാറാക്കുക, ഉത്തരക്കടലാസുകൾ പരിശോധിക്കുക എന്നിവ ചെയ്യുന്ന സമിതികളിലെല്ലാം ഉൾപ്പെട്ടിരുന്നു.

ആത്മീയ ഗുരുവായി മൈനർ സെമിനാരിയിൽ ശുശ്രൂഷ ചെയ്യുമ്പോൾ കൊച്ചു സെമിനാരിക്കാർക്ക് മാതൃകയായി അവർക്ക് സംലഭ്യനായി അവരെ കേട്ട് ആത്മീയ ഉപദേശങ്ങൾ നൽകി വഴി നടത്തി. അധികാരികൾക്ക് കീഴ്പെട്ട് അവർക്ക് വിധേയനായി സന്തോഷത്തോടെ തന്റെ പൗരോഹിത്യ ജീവിതത്തിൽ മുന്നോട്ടു പോയി. മാർ ഈവാനിയോസ് കോളേജ് പ്രൊഫസറെന്ന അഹംഭാവമോ നാട്യമോ ഒന്നുമില്ലാതെ സാധാരണക്കാരനായ ഒരു വൈദികനായി ജീവിച്ചു.

സഭാശുശ്രൂഷകളിൽ നിന്നും വിരമിച്ച് ക്ളർജി ഹോമിൽ വിശ്രമജീവിതം നയിച്ചു വരവെ 2007 ഓഗസ്റ്റ് 27ന് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. മാവേലിക്കര കത്തീഡ്രലിൽ (പുന്നമൂട് സെന്റ് മേരീസ് പള്ളി) കബറടക്കി.

പൗരോഹിത്യത്തെ സ്നേഹിക്കുകയും പുരോഹിതൻമാരോടും മേലധികാരികളോടും അടുപ്പമുണ്ടായിരിക്കുകയും സെമിനാരിക്കാർക്ക് മാതൃകയാകുകയും ചെയ്ത പുരോഹിതൻ, കോളേജിലെ ശുശ്രൂഷയിൽ യുവതീ യുവാക്കൻമാരോട് ചേർന്ന് നിന്ന് അവരെ കരുതിയ നല്ല അധ്യാപകൻ…
തോമസ് അച്ചൻ നമ്മെ വിട്ടുപോയെങ്കിലും ഇന്നും അച്ചനെ അനേകർ അനുസ്മരിക്കുന്നു.

കടപ്പാട് : ഫിലിപ്പ് എം. മൂലവീട്ടിൽ (തോമസ് അച്ചന്റെ സഹോദരൻ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

✍️ ഏവർക്കും നന്മ സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s