Fr. Rufus Pereira യുടെ ലേഖനത്തിന്റെ വിവർത്തനത്തിന്റെ അവസാനഭാഗം.
വീണ്ടും, ഒരു യഥാർത്ഥ ശിഷ്യത്വം അടങ്ങിയിരിക്കുന്നത് ആത്മാവിലുള്ള രൂപാന്തരീകരണത്തിലാണ്. മനസ്സിന്റെ നവീകരണത്തിൽ നിന്ന് തുടങ്ങി ( റോമാ 12:2) , നമ്മുടെ ജീവിതങ്ങളുടെ സമൂലമായ ആന്തരികപരിവർത്തനത്തിൽ ചെന്നെത്തുന്ന ഒരു ആത്മീയ വിപ്ലവം, അതായത് വെറുതെ ബാഹ്യമായതോ ഉപരിപ്ലവമായതോ അല്ലാതെ ചിന്തകളിലും മൂല്യങ്ങളിലുമുള്ള, മനോഭാവങ്ങളിലും വികാരങ്ങളിലുമുള്ള, പെരുമാറ്റത്തിലും വിധിക്കലുകളിലുമുള്ള, ആന്തരികമായതും , ആഴത്തിലുള്ളമുള്ളതുമായ പരിവർത്തനം -അങ്ങനെ, പഴയ മനുഷ്യനെ ദൂരെയെറിഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുന്നത്. ( എഫേ.4:22-24).
നമ്മുടെ മനസ്സിനേയും ഹൃദയത്തെയും ആഗ്രഹങ്ങളെയും മാറ്റിമറിച്ച് നമ്മളെ ക്രിസ്തുവിനെപോലുള്ള പുതിയ വ്യക്തികളാക്കാൻ നമ്മൾ ആത്മാവിനെ അനുവദിക്കുമ്പോൾ നാട്യങ്ങളും വഞ്ചനയുമില്ലാതെ, എല്ലാ കാര്യങ്ങളും നല്ലതായും അവന് പ്രീതിജനകമായ വിധത്തിലും എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമ്മൾ അറിയും (റോമാ.12: 2). തന്റെ സുതാര്യമായ ജീവിതാവിഷ്കരണത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് വിമർശകരെ പോലും മദർ തെരേസ ആകർഷിച്ചത്.
പക്ഷെ പൗലോസ് ശ്ലീഹ നമുക്ക് മുന്നറിയിപ്പ് തരുന്നത് പോലെ, പിശാച് പോലും പ്രഭാപൂർണ്ണനായ ദൈവദൂതനായി വേഷം കെട്ടുകയും അവന്റെ ശുശ്രൂഷകർ ക്രിസ്തുവിന്റെ അപ്പസ്തോലൻമാരായി വേഷം കെട്ടുകയും ചെയ്യും ( 2 കോറി. 11:15) ശരിക്കും അപ്പസ്തോലന്മാരായിരുന്നവരുടെ കാര്യമെടുത്താലോ? അവരുടെ തലവനായ പത്രോസിനെ, അവന്റെ ദൈവികമല്ലാത്ത ചിന്തയുടെ പേരിൽ യേശുവിന് രൂക്ഷമായി ശാസിക്കേണ്ടി വന്നു ( മത്തായി.16:23). യേശുവിന്റെ കൂടെ തന്നെ മൂന്ന് വർഷം അപ്പസ്തോലർ ഉണ്ടായിരുന്നിട്ടും , അവന്റെ നാമത്തിൽ പിശാചിനെ പുറത്താക്കുന്നവനോടും തമ്മിൽ തമ്മിൽ പോലുമുള്ള അസൂയയുടെ പേരിലും, ഉയർന്ന സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കൊതിയുടെ പേരിലും സമരിയാക്കാരോടുള്ള രോഷത്തിന്റെ പേരിലും സമരിയാക്കാരി സ്ത്രീയോട് അവൻ സംസാരിച്ചുനിൽക്കുന്നത് കണ്ട് അവനെപ്പോലും അവർ സംശയിച്ചത് കണ്ടിട്ടുമൊക്കെ അവന് പലതവണ അവർക്ക് താക്കീത് കൊടുക്കേണ്ടതായി വന്നു. അവന്റെ ശിഷ്യരെപ്പോലെ നമുക്കും ഏറെ പ്രാർത്ഥിക്കേണ്ടതുണ്ട്, പ്രസിദ്ധമായ ആ ഗാനം പോലെ, ‘ Change my heart, O Lord, make it ever new ; Change my heart, O Lord, may I be like you ‘. (മാറ്റണമേ എൻ ഹൃദയം നാഥാ, പുതുഹൃദയമെനിക്കേകൂ, മാറ്റണമേ എൻ ഹൃദയം നാഥാ, അങ്ങയെപ്പോലാകട്ടെ ഞാനും )
ശിഷ്യത്വത്തിന്റെ ഗുണമേന്മ ഒടുവിൽ ഉരച്ചുനോക്കപ്പെടുന്നത് നമ്മുടെ ‘പ്രകടനം ‘ നോക്കിയാണ്, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, കുടുംബത്തിലും സമൂഹത്തിലും ജോലിസ്ഥലത്തും നമ്മുടെ ഇടവകയിലുമൊക്കെയുള്ള നമ്മുടെ ഇടപഴകൽ നോക്കിക്കൊണ്ട്. തന്റെ ദൗത്യത്തെക്കാളും പ്രാധാന്യം തന്റെ ആരോഗ്യത്തിന് നൽകിയ ശിഷ്യന്മാരെ, തന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ യേശുവിന് ഓടിക്കേണ്ടി വന്നിട്ടുണ്ട് ‘എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം ‘ ( യോഹ. 4+34). അതുകൊണ്ട് തന്റെ ശുശ്രൂഷയുടെ അവസാനം, കുരിശിൽ വെച്ച് പോലും സംതൃപ്തിയോടെ ഈശോ പറയുന്നത് കാണാം, ‘എല്ലാം പൂർത്തിയായിരിക്കുന്നു’ (യോഹ.19:30). തന്നെത്തന്നെ മാതൃകയാക്കിക്കൊണ്ട് അവൻ ശിഷ്യരോട് പറയുന്നുണ്ട്, ‘ നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു ‘ ( യോഹ. 15:16) കാരണം എങ്ങനെയുള്ള ശിഷ്യന്മാരായാണ് അവർ മാറിയിരിക്കുന്നതെന്ന് അറിയാൻ പോകുന്നത് അവരുടെ ജീവിതത്തിലെയും ശുശ്രൂഷയിലെയും ഫലങ്ങൾ വഴിയാണ്.
2000 വർഷങ്ങൾക്ക് മുൻപ് തന്റെ ശിഷ്യർക്ക് കൊടുത്ത വാഗ്ദാനം അവൻ നമ്മളോട് ഇന്ന് ആവർത്തിക്കുന്നു, “ഞാൻ പിതാവിന്റെ അടുത്തു നിന്ന് അയക്കുന്ന സഹായകൻ, പിതാവിൽ നിന്ന് പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നൽകും. ആരംഭം മുതൽ എന്നോട് കൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നൽകും ” (യോഹ.15:26-27). പത്രോസ് പിന്നീട് യേശുവിനെ മാതൃകയാക്കിക്കൊണ്ട് പരിശുദ്ധാത്മ ശക്തിയാൽ, നന്മ പ്രവർത്തിച്ചുകൊണ്ടും പിശാചിനാൽ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തികൊണ്ടും ചുറ്റിസഞ്ചരിക്കുന്നത് കാണാം (അപ്പ.10:38).
അതുകൊണ്ട് ശിഷ്യർ എന്ന നിലക്കുള്ള നമ്മുടെ പ്രകടനം, ദൈവവചനത്തിന്റെ പ്രവാചകരും സുവിശേഷത്തിന്റെ പ്രഘോഷകരും ആകുന്നതിലും, എല്ലായ്പോഴും സത്യം ധൈര്യത്തോടെ എന്നാൽ സ്നേഹപൂർവ്വം പറയുന്നതിലും, നമ്മളെന്തു പറയണമെന്നും അത് എങ്ങനെ പറയണമെന്നും നമ്മളോട് പറയാൻ ആത്മാവിനെ വിശ്വസിക്കുന്നതിലും ഒക്കെ അടങ്ങുന്നുണ്ട്. ദൈവത്തിന്റെ ജനത്തിന്റെ ആവശ്യങ്ങൾക്കും ദുരിതങ്ങൾക്കും മധ്യസ്ഥർ ആകുന്നതിലും എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് അറിയാത്തപ്പോൾ അതിനായി നമ്മെ സഹായിക്കാൻ ആത്മാവിനെ വ്ശ്വസിക്കുന്നതിലും അതുണ്ട്.
എല്ലാറ്റിലും ഉപരിയായി, ശിഷ്യത്വത്തിലേക്കുള്ള വിളി വ്യക്തിപരമായുള്ള സാക്ഷ്യത്തിലേക്കുള്ള വിളിയാണ്, “നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും “( യോഹ. 13:35). ചിലരൊക്കെ അവരുടെ ജീവിതത്തിൽ ആകെ വായിക്കുന്ന ബൈബിൾ, യേശുവിന്റെ അക്ഷരങ്ങളും കയ്യൊപ്പും ഉള്ള തുറന്ന ബൈബിൾ ആയിരിക്കും, അതായത് നമ്മളെ തന്നെ. ചിലർ ആകെ അറിയുന്ന യേശു നമ്മളിൽ അവർ കാണുന്ന യേശുവിനെ ആയിരിക്കും. നമ്മുടെ ക്രിസ്തീയ ജീവിതം എന്ന് പറയുന്നത് ചിലതൊക്കെ തമ്മിലുള്ള ബാലൻസ് കാത്തുസൂക്ഷിക്കൽ ആണ്…ആരും ശ്രദ്ധിക്കാത്ത ഭൂമിയുടെ ഉപ്പാകുക- എല്ലാവരും കാൺകെ ലോകത്തിന്റെ പ്രകാശമാകുക, ഒരു കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ എവിടെയോ ഒളിഞ്ഞിരിക്കുന്ന ഫയൽ ആകുക – അതിന്റെ മോണിറ്ററിൽ എല്ലാവരും കാണുന്ന പോലെ ഡിസ്പ്ലേ ആകുക, ഈശോയുടെ നിതാന്തനിശബ്ദതക്കും പുരമുകളിൽ നിന്ന് ഉച്ചത്തിൽ പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്തിലും ഇടയിലാകുക.. ഇങ്ങനെയൊക്കെ .
അതുകൊണ്ട് , ‘ വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.
ക്രിസ്‌തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്‌ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു’ (എഫേ. 5:1)
വിവർത്തനം : ജിൽസ ജോയ്


Leave a comment