മനോജച്ചന്റെ Manoj Paul Ottaplackal എടൂർ പള്ളിയിൽ ഇന്നലെ ഞാൻ എത്തി.
ആയിരങ്ങൾക്ക് നടുവിലൂടെ ദേവാലയത്തിന്റെ നടുവിൽ വിരിച്ച, ആത്മാക്കൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സജ്ജീകരിച്ചിരിക്കുന്ന തറയിലെ വിരിയിലൂടെ മെല്ലെ മുന്നോട്ടു പോകുമ്പോൾ എന്റെ ഹൃദയത്തെ കൊളുത്തി വലിക്കുന്ന വേദനയുണ്ടായിരുന്നു..
ആ വിരിയുടെ അറ്റത്ത് മൊബൈൽ മോർച്ചറിയിൽ കണ്ണടച്ചു കിടക്കുന്ന മനോജച്ചന്റെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.. ഇടത് കണ്ണടക്കം തുന്നിക്കെട്ടിയ അല്പം വീർത്ത മുഖം 😢😢
“ബിന്സേച്ചി…. ദേ വീണ്ടും അവറാൻ” എന്ന് പറഞ്ഞ് നിറയെ ചിരിച്ച മുഖവുമായി മണിപ്പാലിൽ പർക്കള യിലെ ഞങ്ങളുടെ വീട്ടിലേക്ക് കഴിഞ്ഞ ഏഴു വർഷങ്ങളായി ഇടയ്ക്കിടെ വരാറുള്ള മനോജച്ചൻ എന്ന ഫാദർ എബ്രഹാം ഒറ്റപ്ലാക്കൽ ഇന്ന് ഒന്നും മിണ്ടുന്നില്ലല്ലോ…
നിറഞ്ഞൊഴുകുന്ന കണ്ണുമായി അച്ചനെ കാണാനാവുന്ന ദൂരത്തിൽ അച്ചന്റെ വലതുവശത്തായി മുട്ടുകുത്തി നിൽക്കുമ്പോൾ:, ഓരോ രോഗവും സ്ഥിരീകരിക്കപ്പെടുമ്പോഴും തമാശ പറഞ്ഞ് ചിരിക്കാറുള്ളത് പോലെ ഒരു ചെറുപുഞ്ചിരി ആ മുഖത്തുള്ളത് പോലെ തോന്നി….. ” ബിൻസേച്ചി കാര്യം സീരിയസ് ആയി ഇനി മണി പാലിലേക്ക് ഇല്ല “എന്നു പറയുന്നതുപോലെ ഒരു തോന്നൽ…
ചെട്ടിയാപറമ്പ് വികാരിയച്ചന് അസുഖം ആയതിനെ തുടർന്ന് അവിടേക്ക് താൽക്കാലിക നിയമനം കിട്ടി എന്നും, അദ്ദേഹത്തിന്റെ രോഗ വിവരങ്ങൾ പറഞ്ഞ്,ഇനി എന്ത് ചികിത്സയാണ് എടുക്കേണ്ടത് എന്നും ഫോണിൽ ചോദിച്ച മണിപ്പാലിലെ ഞങ്ങളുടെ പഴയ വികാരി ടോയ്സ് Toicestephen Kuzhikkatt അച്ചനോട് ,രോഗിയായ അവിടുത്തെ അച്ചനെ മണിപ്പാലിൽ ഒന്ന് കാണിച്ചു നോക്കിയാലോ എന്ന് പറയുമ്പോൾ ഒരു വിശുദ്ധനെയാണ്, കലാകാരനെയാണ്, മനുഷ്യസ്നേഹിയാണ്,സർവ്വോപരി ഒരു തികഞ്ഞ പുരോഹിതനെയാണ് ദൈവം പരിചയപ്പെടുത്തുന്നത് എന്ന് എനിക്കറിയില്ലായിരുന്നു..
അന്നത്തെ രോഗം അതികഠിനമായ നടുവേദനയും കാലു വേദനയും ആയിരുന്നു. Sciatica ആകണമെന്ന് സൂചിപ്പിക്കുന്ന രോഗ ലക്ഷണങ്ങൾ..
വിദഗ്ധ പരിശോധനകളും ചികിത്സാ മാർഗ്ഗങ്ങളും പലകുറി നോക്കിയെങ്കിലും യാതൊരു ശമനവും ഇല്ല. രോഗകിടയിൽ അനങ്ങാനാവാതെ, ഉറങ്ങാനാവാതെ, എന്നാൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന “അവറാൻ” എന്ന് സ്വയം പരിചയപ്പെടുത്തുന്ന മനോജച്ചനെ ഇനി സൈക്യാട്രിസ്റ്റിനെ ഒന്ന് കാണിച്ചാലോ എന്ന് പ്രശസ്തനായ അസ്ഥിരോഗ വിദഗ്ധൻ ചോദിച്ച ചോദ്യം കേട്ട രാത്രി മുട്ടുകുത്തി നിന്ന് കരഞ്ഞു പ്രാർത്ഥിച്ചത് ഓർമ്മയുണ്ട്.
പിറ്റേന്ന് ആ ഡിപ്പാർട്ട്മെന്റിലെ ഒരു കുട്ടി ഡോക്ടർ നമുക്ക് എബ്രഹാമിന്റെ കാലുകളുടെ ഒരു എക്സറേ എടുത്താലോ എന്ന് ചോദിക്കുമ്പോൾ പഴുതുകൾ അടഞ്ഞെന്ന് കരുതിയിരുന്ന രോഗനിർണയത്തിന്റെ ചെറിയൊരു പ്രതീക്ഷ ഉണ്ടായി എന്നതാണ് സത്യം..
“Osteoid osteoma of left femur ” ആണിയുടെ തലയുടെ വലിപ്പത്തിൽ തുടയെല്ലിനുള്ളിൽ ഒരു benign tumor! ഒരാൾക്ക് ട്യൂമർ ആണെന്ന് അറിഞ്ഞിട്ടു പോലും സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞ ആദ്യത്തെ ദിവസം.. Indu Toby രോഗം കണ്ടുപിടിച്ചല്ലോ എന്ന സന്തോഷം… അന്ന് തന്നെ “radiofrequency ablation” ലൂടെ ആ ഭീകരനെ പുറത്തെടുത്തു.അതിനു ശേഷം അച്ചന് വേദന ഇല്ലാതെ ഉറങ്ങാൻ പറ്റിയിരുന്നു.. ഒരല്പം ട്യൂമർ നീക്കം ചെയ്യാൻ ആവാത്തത് കൊണ്ട് ആറുമാസം കൂടുമ്പോൾ പുന പരിശോധനയ്ക്ക് വരേണ്ടതായിട്ടുണ്ടായിരുന്നു..
ഏതാണ്ട് രണ്ടുവർഷം കഴിഞ്ഞപ്പോൾ… ” ഇനി വെറുതെ മണിപ്പാലിനു വരുന്നില്ല…ഭീകരൻ എന്നെ ഉപേക്ഷിച്ചു പോയി “എന്നു പറഞ്ഞയാൾ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കൈകാലുകൾക്ക് എല്ലാം വേദനയാണെന്നും ചികിത്സയൊന്നും ഫലം കാണിക്കുന്നില്ല എന്നും പറഞ്ഞപ്പോഴാണ് വീണ്ടും മണിപാലിലേക്ക് ക്ഷണിച്ചത്. ഇപ്രാവശ്യവും വളരെയേറെ ഡോക്ടർമാരെ വട്ടം കറക്കിയതിനു ശേഷം രോഗം സ്ഥിരീകരിക്കപ്പെട്ടു. “Psoaroatic arthritis ” കഠിനമായ മരുന്നുകൾ… വേദനയും തളർച്ചയും… രോഗപീഡകൾ പൊട്ടിച്ചിരിച്ച് സഹിക്കുമ്പോഴും വീട്ടുകാരും കൂട്ടുകാരും ഒന്നും അറിയാതിരിക്കാൻ അച്ചൻ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു..
പിന്നെ ഒരു ദിവസം മെസ്സേജ് ആയി വന്നത് ‘ഒറ്റാപ്പി അങ്ങനെ വണ്ണാപ്പി ആയി” എന്ന ടൈറ്റിലിൽ കുറേ സെൽഫികളാണ്… കൂടെ ഇടതു തോളിന്റെ ഒരു പടം, “ചേച്ചി ഇവൻ പുതിയ വല്ല ഫ്രണ്ടും ആണോ?”എന്നൊരു ചോദ്യവും.. വീഡിയോ കോളിൽ കഴുത്തിന് ചുറ്റും ശ്രദ്ധിച്ചു.. തൈറോയ്ഡ് ഗ്രന്ഥിക്ക് ആകാം കുഴപ്പമെന്ന് മനസ്സിലാക്കിയപ്പോൾ വീണ്ടും വന്നു… കൊറോണ കാലത്ത്..
‘Papillary carcinoma of thyroid “സർജറി,
ന്യൂക്ലിയർ മെഡിസിൻ ട്രീറ്റ്മെന്റ്… തികഞ്ഞ പഥ്യങ്ങൾ… ഒരേസമയത്ത് രണ്ട് അസുഖങ്ങൾ… രണ്ടിനും ദീർഘമായ ചികിത്സകൾ. ഇടയ്ക്കിടയ്ക്കുള്ള ആശുപത്രിവാസം. Iodine therapy ക്കു വേണ്ടിയുള്ള ഏകാന്തവാസങ്ങൾ!
എപ്പോഴും കൈകളിൽ നിറക്കൂട്ടുകളും ഫോണിലൂടെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും കൂട്ടിന്..
രോഗങ്ങളോടു പൊരുതുന്ന മരുന്നുകൾ ശരീരത്തെ തളർത്താൻ തുടങ്ങിയിരുന്നു. 2022 ജനുവരി 30. വലതു കണ്ണിന് കാഴ്ചക്കുറവ്, കണ്ണുരോഗ വിദഗ്ധന്റെ അടുത്താണ് എന്ന് പറഞ്ഞപ്പോഴേ അപകടം മണത്തു. ചോദിച്ചപ്പോഴാണ് ഛർദിച്ചിരുന്നുവെന്നും അത് intractable vomiting ആണെന്നും മനസിലായത്.. പെട്ടെന്ന് ന്യൂറോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ തന്നെ വലതുവശത്ത് “optic neuritis ” ആണെന്ന് തെളിഞ്ഞു. മണിപ്പാലിലെ ന്യൂറോളജിസ്റ്റുകൾ പലരും സ്ഥലം മാറുന്നു എന്ന് അറിയിച്ചിട്ടും മറ്റാരെയും അറിയിക്കാതിരിക്കാൻ സോജൻ Sojan Joseph Karottu അച്ചനൊപ്പം പൂർണമായും കാഴ്ച പോയ വലത് കണ്ണുമായി 2023 ജനുവരി ഒന്നിന് വീണ്ടും മണിപ്പാലിലേക്ക്…
കൈകളുടെയും കാലുകളുടെയും ബലഹീനതകൾ.. മനസ്സ് പറയുന്നിടത്ത് കയ്യും ശരീരവും എത്താത്ത അതുല്യ കലാകാരനെ അന്നും ചിരിക്കുന്ന, ചിരിപ്പിക്കുന്ന വ്യക്തിയായി കാണുമ്പോൾ ആരും കാണാതെ ഞാനും കരഞ്ഞിട്ടുണ്ട്..എന്നാൽ അപ്പോഴും സഹനത്തിന്റെ മൂർത്തി ഭാവത്തെ ഞാൻ കണ്ടു…
ജനുവരി നാലിന് ഞങ്ങളുടെ പുതിയ പള്ളി വെഞ്ചരിക്കപ്പെടുമ്പോൾ കൂട്ടുകാരായ അച്ചന്മാരും പിതാക്കന്മാരും ഒരു വിളിപ്പാടകലെ ഉണ്ടാവുമെന്ന് അറിഞ്ഞ് എന്നോട് തുടരെത്തുടരെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.. “ബിൻസേച്ചി അവറാൻ ഇവിടെയുണ്ടെന്ന് ആരോടും പറഞ്ഞേക്കല്ലേ…..”
ജനുവരി എട്ടിന് മണിപ്പാൽ പള്ളിയിൽ റാസ കുർബാന ചൊല്ലാൻ നിൽക്കാതെ, കണ്ണിന്റെ കാഴ്ച പോയത് ആരെയും അറിയിക്കാതെ, മണിപ്പാലിൽ നിന്നും തിരിച്ചു പോകുമ്പോൾ ഞങ്ങളുടെ വികാരി ജോബി അച്ചനോട് Jobichan Pullattu മനോജ് അച്ചന് വയ്യാത്തത് കൊണ്ടാണെന്ന് പറയാതെ പറയാൻ ഞാൻ പെട്ട പാട്!
മരണവാർത്തയറിഞ്ഞ് റോഷൻ Roshan P D Joseph അച്ചൻ പലരും എഴുതിയ ഓർമ്മക്കുറിപ്പുകൾ എനിക്ക് അയച്ചു തരുമ്പോൾ “ചേച്ചി മനോജ് അച്ചനെ പറ്റി എഴുതുന്നില്ലേ??” എന്ന് പലരും ചോദിച്ചപ്പോൾ നിറകണ്ണുകളോടെ ഞാൻ അവർക്ക് കുറിച്ചിട്ടു..
“ഇതിലൊന്നും പറയാത്ത വിശുദ്ധനായ ഒരു മനോച്ചനെ എനിക്കറിയാം.. സഹനത്തിന്റെ ദാസനെ”.. അത്രമാത്രം പറഞ്ഞു നിർത്തി..
തലശ്ശേരി അതിരൂപതാ അധ്യക്ഷൻ പാമ്പ്ലാനി പിതാവ് സംസ്കാര ശുശ്രൂഷയ്ക്കിടയിൽ പൊതുജനത്തോട് രോഗ വിവരങ്ങൾ പറയും വരെ എന്റെ (ഞങ്ങളുടെ ) Jibu Thomas ഹൃദയം ഈ രഹസ്യങ്ങളുമായി വിങ്ങിക്കൊണ്ടിരുന്നു…
എന്റെ എളിയ ബോധ്യത്തിൽ മനോജ് അച്ചനെ ദൈവം ഇപ്പോൾ വിളിച്ചത് ഏറ്റവും ഉചിതം..
കാരണം പല മരുന്നുകളും അദ്ദേഹം നിർത്തി തുടങ്ങിയിരുന്നു..
വലതു കണ്ണിന് വെളിച്ചം വന്നു തുടങ്ങിയപ്പോൾ ഇടതു കണ്ണ് അപകടം എടുത്തിട്ടുണ്ടാവണം..
സകലകലാവല്ലഭൻ,സന്മനസ്സുള്ളവൻ.. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളവരിൽ അതുല്യനായ നസ്രായ പുരോഹിതൻ… ജീവിച്ചിരുന്നപ്പോൾ ഞാൻ അടുത്തറിഞ്ഞ വിശുദ്ധൻ…
അദ്ദേഹത്തിന്റെ ഇഷ്ടം വിരൂപൻ ആകുന്നതിനു മുൻപ്, കാഴ്ച നഷ്ടപ്പെടും മുമ്പ് സുന്ദരനും സർവ്വസമ്മതനും ആയിരിക്കുമ്പോൾ തന്നെ ഈശോയുടെ അടുത്തെത്തുക എന്നത് തന്നെ ആയിരിക്കില്ലേ?
അവറാൻ ആഗ്രഹിച്ചാൽ ഈശോയ്ക്ക് എതിർക്കാൻ ആവില്ലല്ലോ? പെട്ടെന്ന് അങ്ങ് വിളിച്ചു..
മണിപ്പാലിൽ പൊട്ടിച്ചിരിച്ച് സ്വീകരിച്ചിരുന്ന ഡോക്ടർമാർ മുതൽ ഹൗസ് കീപ്പിംഗ് സ്റ്റാഫുകൾ വരെ ഇന്നലെയും മിനിയാന്നും കരഞ്ഞു കണ്ടു..
അവർക്കാർക്കും മരണങ്ങൾ ഒറ്റപ്പെട്ട സംഭങ്ങൾ അല്ലെങ്കിലും…
ആയിരങ്ങളുടെ ഹൃദയത്തെ തൊട്ട വിശുദ്ധൻ അങ്ങനെ യാത്രയായി…..
കഴിഞ്ഞ ആഴ്ച അവസാനമായി ആവശ്യപ്പെട്ടത് reject ചെയ്യപ്പെട്ട ഇൻഷുറൻസ് കിട്ടാൻ ഡോക്ടറുടെ ഒരു എഴുത്താണ്… സ്ഥലം മാറിപ്പോയ ഡോക്ടറുടെ അടുത്ത് നിന്നും അത് വാങ്ങി കൊടുക്കാൻ ആകുന്നതിനു മുൻപ്… പൂർണമായും ഇൻഷുറൻസ് ഉള്ള ലോകത്തേക്ക് 🙏🙏🙏🙏🙏🙏
Dr. Bincy, Manipal


Leave a comment