കുടുംബങ്ങളുടെ പ്രേഷിതയായ വിശുദ്ധ മറിയം ത്രേസ്യാ

കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയായുടെ തിരുനാൾ ദിനമാണ് ജൂൺ മാസം എട്ടാം തീയതി.

”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുക” എന്നു പഠിപ്പിച്ചിരുന്ന വിശുദ്ധയുടെ തിരുനാൾ വരുന്നതും തിരുഹൃദയ മാസത്തിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

1876-ല്‍ തൃശൂര്‍ ജില്ലയില്‍ പുത്തന്‍ചിറ എന്ന ഗ്രാമത്തില്‍, ചിറമ്മല്‍ മങ്കടിയന്‍ തറവാട്ടില്‍ തോമാ – താണ്ട ദമ്പതികളുടെ മൂന്നാമത്തെ സന്താനമായി ത്രേസ്യ ജനിച്ചു. ദൈവീക കാര്യങ്ങളോട് ചെറുപ്പം മുതലേ താൽപര്യം പ്രകടിപ്പിച്ച ത്രേസ്യാ

ഒന്‍പത് വയസ്സുള്ളപ്പോള്‍ ഈശോയ്ക്കു നിത്യകന്യാത്വം നേര്‍ന്ന് തൻ്റെ മണവാളനായി സ്വീകരിച്ചു.

ഫാദര്‍ ജോസഫ് വിതയത്തിലായിരുന്നു ത്രേസ്യായുടെ ആത്മീയഗുരു സ്വീകരിച്ചു.

വി. കുര്‍ബാനയും ദിവ്യകാരുണ്യവുമായിരുന്നു ത്രേസ്യായുടെ ജീവസ്രോതസ്സ്.

കുടുംബങ്ങളെ നസറത്തിലെ തിരുക്കുടുംബംപോലെ മാറ്റിയെടുക്കാൻ 1914 മെയ് 14-ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഹോളി ഫാമിലി’എന്ന പേരില്‍ ഒരു സന്ന്യാസിനീസമൂഹത്തിനു രൂപം നൽകി.

വസൂരി ബാധിച്ച ആളുകളുടെ അടുത്ത് മറ്റുള്ളവർ പോകാൻ പോലും അറക്കുന്ന കാലത്ത് രോഗികളുടെ അടുത്തേക്ക് മറിയം ത്രേസ്യയും കൂട്ടാളികളും എത്തുകയും അവർക്ക് വേണ്ട പരിചരണം നൽകുകയും ചെയ്തു.മാറാരോഗങ്ങൾ ബാധിച്ചവരെ സ്വന്തം ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടു വരാനും മറിയം ത്രേസ്യ മടി കാണിച്ചിരുന്നില്ല. ഈശോയുടെ സ്നേഹത്തിൻ്റെ തിരുമുറിവുകൾ പഞ്ചക്ഷതങ്ങളായി മറിയം ത്രേസ്യ സ്വന്തം ശരീരത്തിൽ ഏറ്റു വാങ്ങിയിരുന്നു. അമ്പതാമത്തെ വയസിൽ 1926 ജൂൺ 8 നാണ് മദർ മറിയം ത്രേസ്യ നിര്യാതയായി.

മറിയം ത്രേസ്യായുടെ മാധ്യസ്ഥത്തില്‍ നടന്ന് നിരവധി അത്ഭുതങ്ങളില്‍ നടന്നു. ജന്മനാ മുടന്തനായിരുന്ന മാത്യു പെല്ലിശ്ശേരി എന്ന വ്യക്തി പതിനാലാ വയസ്സുവരെ വരെ പ്രയാസപ്പെട്ടാണ് നടന്നിരുന്നത്. അവന്റെ രോഗം ഭേദമാകുന്നതിനായി കുടുംബം മുഴവനു 33 ദിവസം ഉപവസിക്കുകയും, മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്തു. 1970 ഓഗസ്റ്റ്‌ 21ന് ഉറങ്ങുന്നതിനിടക്ക് അവന്റെ വലത് കാല്‍ അത്ഭുതകരമായി സൗഖ്യം പ്രാപിച്ചു. പിന്നീടു 1974 ൽ നീണ്ട ഉപവാസത്തിനും പ്രാര്‍ത്ഥനക്കും ശേഷം മാത്യുവിൻ്റെ ഇടത് കാലും ശരിയായി. ഈ രോഗശാന്തി ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ഒമ്പതോളം ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം വൈദ്യശാസ്ത്രത്തിനു വിശദീകരിക്കുവാന്‍ കഴിയാത്തതാണെന്ന് സാക്ഷ്യപ്പെടുത്തി. ഈ അത്ഭുതം മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥതയാല്‍ സംഭവിച്ചതാണെന്ന്‍ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള തിരുസംഘം 2000 ജനുവരി 1ന് അംഗീകരിച്ചു.

ഇതിനിടയിൽ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ 1999 ജൂണ്‍ 28ന് ധന്യയായി പ്രഖ്യാപിച്ചു. അത്ഭുത രോഗശാന്തി സഭാപരമായി മറിയം ത്രേസ്യയുടെ വിശുദ്ധീകരണ പ്രഖ്യാപനത്തിനാവശ്യമായ ഏറ്റവും അവസാനത്തെ കാര്യമായിരുന്നു. 2000 ഏപ്രില്‍ 9ന് ധന്യയായ മറിയം ത്രേസ്യയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

മറിയം ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു കാരണമായ അത്ഭുതം സംഭവിച്ചത് തൃശൂര്‍ അതിരൂപതയ്ക്കു കീഴിലുള്ള പെരിഞ്ചേരി ഇടവകയിലുള്ള ചൂണ്ടല്‍ വീട്ടില്‍ ജോഷിയുടെയും ഷിബിയുടെയും മകനായ ക്രിസ്റ്റഫറിനാണ്.

2009-ല്‍ അമല ആശുപത്രിയില്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതിനു മുമ്പേ പ്രസവിച്ച കുഞ്ഞിന്റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. ‘അക്യൂട്ട് റെസ്പിരേറ്ററി ഫെയ്ലിയര്‍’ എന്ന ഈ രോഗം വിശുദ്ധയുടെ മാധ്യസ്ഥതയില്‍ അത്ഭുതകരമായി സുഖപ്പെടുകയായിരിന്നു. ജീവന്‍തന്നെ അപകടത്തിലാണെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോൾ ക്രിസ്റ്റഫറിൻ്റെ കുടുംബം പ്രതീക്ഷ കൈവിടാതെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥത തേടുകയും രോഗശാന്തി അനുഭവിക്കുകയും ചെയ്തു.

2019 ഒക്ടോബര്‍ 13നു ഫ്രാൻസീസ് മാർപ്പാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സഹനജീവിതത്തിന്റെ അമ്മയായി അറിയപ്പെടുന്ന മറിയം ത്രേസ്യാ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ്.

വിശുദ്ധ മറിയം ത്രേസ്യായുടെ തിരുനാൾ ദിനത്തിലെ സിറോ മലബാർ സഭയുടെ യാമപ്രാർത്ഥന റംശയിലെ പ്രാരംഭ ഗീതത്തിൽ (ഒനീസാ ദക്ക്ദം) വിശുദ്ധ മറിയം ത്രേസ്യാ എപ്രകാരമാണ് ഈശോയ്ക്കു സാക്ഷ്യം നൽകിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

“സ്നേഹത്തിൻമണിദീപവുമേന്തി സന്ന്യാസത്തിൻ കവചവുമായി കുടുംബങ്ങൾക്കൊരു പ്രഷിതയായി ആവശ്യക്കാർക്കാശ്രയമായി, മിശിഹാനാഥനു സ്തുതികൾപാടി മറിയം ത്രേസ്യാ സാക്ഷ്യം നല്കി. “

സ്നേഹത്തിൻ്റെ ദീപമേന്തി സന്യാസത്തിൻ്റെ കവചം തീർത്ത് കുടുംബങ്ങളുടെ പ്രേഷിതയും ആവശ്യക്കാർക്ക് ആശ്രയമായി ഈശോയ്ക്കു സ്തുതികൾ പാടിയാണ് മറിയം ത്രേസ്യാ സുവിശേഷത്തിനു സാക്ഷ്യമേകിയത്.

അന്നേ ദിനത്തിലെ തന്നെ സായാഹ്ന ഗീതത്തിൽ (ഒനീസാ ദ് റംശാ )

“മറിയം ത്രേസ്യാതൻ

ജീവിതശൈലികളിൽ

പ്രഭയായ് ലാളിത്യം;

വിനയമവൾ തൻ മേലങ്കി

വചനമവൾതൻ ആയുധവും.

അവളുടെ നിർമല മനസ്സാക്ഷി

നിഴലിച്ചവളുടെ ചെയ്തികളിൽ

കർത്താവിൻ കൃപയെ വാഴ്ത്തീടാം.” എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

വിശുദ്ധയുടെ ജീവിത ശൈലിയിൽ പ്രഭ വിതറിയ ജീവിത ലാളിത്യവും മേലങ്കിയായി അണിഞ്ഞ വിനയവും, ആയുധമായി കരുതിയ ദൈവ വചനവും അവളുടെ ചെയ്തികളിൽ നിഴലിച്ച നിർമ്മല മനസാക്ഷിയും നമുക്കും മാതൃകയാക്കി ഈശോയെ മഹത്വപ്പെടുത്താം, അതുവഴി സ്നേഹത്തിൻ്റെ ദീപമേന്തി കുടുംബങ്ങളുടെ പ്രേഷിതരായി നമുക്കും തീരാം

ഫാ. ജയ്സൺ കുന്നേൽ MCBS

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment